Friday, March 16, 2018



തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിലേക്ക് ഒരു യാത്ര ...


By: Bala Subrahmanyam
Travel Desk - Travel Around the World
അന്തം വിട്ട് കുന്തം വിഴുങ്ങിയ അവസ്ഥയിൽ അമരേന്ദ്ര വിജ്രംഭിതനായി ഈ അടുത്ത കാലത്ത് എവിടെയെങ്കിലും നിന്നിട്ടുണ്ടെങ്കിൽ അത് തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം അഥവാ പെരിയ കോവിലിന് മുന്നിൽ ചെന്ന് പെട്ടപ്പോഴാണ്.
രാത്രി പന്ത്രണ്ട് മണിക്കാണ് തഞ്ചാവൂരിൽ ട്രയിനിൽ എത്തിയത്. കുറച്ച് നേരം വിജനമായ പ്ളാറ്റ്ഫോമിലൂടെ വെറുതെ നടന്നു. പിന്നെ വെയിറ്റിങ് റൂമിൽ കയറി അഞ്ച് മണിവരെ ഉറങ്ങി. കുളീം നനേം അവിടെ നിന്ന് തന്നെ ഒപ്പിച്ചു. പ്ലാറ്റ്ഫോമിൽ തന്നെ ഒരു കോഫീ ഷോപ് ഉണ്ട്. അവിടെ നിന്ന് കുംഭകോണം സ്‌പെഷ്യൽ ഫിൽറ്റർ കോഫീ കിട്ടും. അത്യാവശ്യം കിടു സാധനം. ഒന്ന് കഴിഞ്ഞ ഉടനെ ഒന്നൂടി മേടിച്ചു, പിന്നെ അതും കുടിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒരു പൂക്കടയിൽ കയറി വഴി ചോദിച്ച്‌, നേരെ നടന്നു. ആറ് മണിക്കാണ് ക്ഷേത്രം തുറക്കുന്നത്, അപ്പോഴേക്കും അവിടെ എത്തി. പ്രഭാത ശിവ കീർത്തനം പശ്ചാത്തലത്തിൽ ഒഴുകുന്ന ബൃഹദേശ്വര ക്ഷേത്രത്തിനകത്തൂടെ ചുമ്മാ നടക്കുന്നത് തന്നെ വേറെ ഒരു ഫീലാണ്.


1000 വർങ്ങൾക്ക് മുൻപ് രാജ രാജ ചോളന്റെ കാലഘട്ടത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം ഉയരുന്നത്. തമിഴ്, സംഘ കാല വാസ്തുകലയുടെ മകുടോദാഹരണമായ ഈ ക്ഷേത്രസമുച്ചയം യുനെസ്കോയുടെ ലോക പൈതൃക ഭൂപടത്തിൽ സ്ഥാനമുള്ളതും ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നുമാണ്. പെരിയ കോവിലിലെ ഓരോ ശിലക്കും ഓരോ കഥകൾ പറയാനുണ്ട്. കൽത്തൂണുകളിൽ, മേൽക്കൂരകളിൽ, ഭിത്തികളിൽ എല്ലാം സംഘ തമിഴിൽ രാജ രാജ ചോളന്റെ വീരകഥകളും, തമിഴ് സംസ്കാരവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മുഴുവനായും ഗ്രാനൈറ്റിൽ തീർത്ത ക്ഷേത്രഗോപുരത്തിന്റെ മുകളിലോട്ട് നോക്കുംന്തോറും അമ്പരപ്പിനാൽ വാ പൊളിഞ്ഞു വരുന്നത് നല്ലൊരു അനുഭവമായി തന്നെ തോന്നും. 80 ടണ്ണിൽ കൂടുതൽ ഭാരമുണ്ടെന്നു അനുമാനിക്കുന്ന ഗ്രാനൈറ്റ് കല്ലുകൾ എങ്ങനെ 220 അടിയോളം ഉയരമുള്ള ക്ഷേത്രഗോപുരത്തിന്റെ മുകളിൽ സാങ്കേതിക വിദ്യ ഇന്നത്തെ പോലെ വികാസം പ്രാപിക്കാത്ത ആ കാലത്ത് എത്തിച്ചു എന്നത് ഇന്നും ഒരു അദ്‌ഭുതമാണ്. കാഠിന്യമേറിയ ഗ്രാനൈറ്റ് ശിലകൾ എങ്ങനെ ക്ഷേത്ര പരിസരത്ത് എത്തിച്ചു എന്നതും, അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ അത് പല രൂപങ്ങളായി കൊത്തിയെടുത്തു എന്നത് അതിലേറെ അതിശയകരമാണ്.


ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലുമെടുക്കും എല്ലാമൊന്ന് ചുറ്റിക്കാണാൻ. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. ചുറ്റുമതിലും, ചില ക്ഷേത്ര വാതിലുകളും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തങ്ങൾ രാജ രാജ ചോളന്റെ ശേഷം വന്ന രാജാക്കന്മാർ ചെയ്തതാണ്. ഏഴ് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ബൃഹദേശ്വരക്ഷേതത്തിന്റെ പ്രധാന ശില്പിയുടെ പേര് കുഞ്ചാര മല്ലൻ രാജ രാജ രാമ പെരുന്തച്ചൻ എന്നാണ് എന്ന് ചരിത്രരേഖകൾ പറയുന്നു. ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളുടെ വിവരണവും, ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചതുമെല്ലാം ഭിത്തികളിൽ കൊത്തിവെച്ച വിവരണങ്ങളിൽ ഉണ്ട്. ഗോപുരത്തിന്റ മുകളിലേക്ക് കല്ല് കയറ്റുന്നതിനിടെ ഒരാൾ ദാരുണമായി മരിക്കുന്നതും, ദുഃഖിതനായ രാജാവ് കരയുന്നതും നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് കാവേരി തീരത്ത് കൃഷി സ്ഥലം നൽകിയതും, കടുംബാഗങ്ങൾക്ക് കൊട്ടാരത്തിൽ ജോലി കൊടുക്കുന്നതും, കൂടാതെ ഏഴ് തലമുറയ്ക്ക് നികുതി ഒഴിവാക്കി കൊടുക്കുന്നതുമെല്ലാം ശിലകളിൽ കൊത്തിവെച്ചിരിക്കുന്നു.


പെരിയ കോവിലിന് ഉള്ളിൽ നിന്ന് സൂര്യോദയം കാണുന്നത് നല്ലൊരു അനുഭവമാണെങ്കിലും വെയിലിന്റെ നിഴൽ വീഴാത്ത ക്ഷേത്രം എന്ന പ്രചുരപ്രചാരമായ വിശേഷണം വെറുമൊരു അർബൻ മിത്താണ്‌ എന്ന് മനസ്സിലായി. ഇങ്ങോട്ട് വരുന്നതിന് മുന്നേ പലരും നിഴൽ കാണില്ല എന്നൊക്കെ പറഞ്ഞിരുന്നു എങ്കിലും ചില സ്തൂഭങ്ങളുടെ നിഴൽ ഒക്കെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. പ്രായമായ ചിലരോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അവരിൽ ഒരാൾ പറഞ്ഞ വിശദീകരണം ശരിയായിരിക്കാം എന്ന്‌ തോന്നുന്നു. ക്ഷേത്ര നിർമ്മാണം കഴിഞ്ഞതിന് ശേഷം രാജ രാജ ചോളൻ നേരത്തെ സൂചിപ്പിച്ച ശില്പിയോട് " ഈ ക്ഷേത്രം എന്നെങ്കിലും താഴെ വീണ് നിലം പൊത്തുമോ" എന്ന് ചോദിച്ചതായും മറുപടിയായി ശില്പി" ഈ ക്ഷേത്രമല്ല ഇതിന്റെ നിഴൽ കൂടി താഴെ വീഴില്ല" എന്ന് ഒന്ന് "മസ്സാക്കി" പറഞ്ഞു. മ്മടെ അല്ലേ നാട്ടുകാർ.?? അവർ അതിനെ നിഴൽ വീഴാത്ത ക്ഷേത്രം എന്നാക്കി പറഞ്ഞു. കണ്ടവരും കേട്ടവരും പറഞ്ഞു പറഞ്ഞു ഒരു സംഭവമാക്കി. ഇതാണ് നിഴൽ വീഴാത്ത ക്ഷേത്രം എന്ന വിശേഷണത്തിന്റെ പിറകിലുള്ള കഥ.

ചാലക്കുടി - അതിരപ്പിള്ളി- വാല്‍പാറ-ചിന്നാര്‍-മൂന്നാര്‍ എന്ന സ്വപ്നവീഥിയില്‍ ഇനി എന്റെ കാല്പാടുകളും പതിയുകയായി..


വര്‍ഷങ്ങളായി ഉള്ളില്‍ പേറിനടന്ന ഒരു യാത്ര.. അത് അവസാന നിമിഷങ്ങളില്‍ വഴിമാറി പൊയ്ക്കൊണ്ടിരുന്നു.. അതിലേ കടന്നുപോയ സഞ്ചാരികള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞ കഥകള്‍ കേള്‍ക്കെ വേദനിച്ചു..ഒടുവില്‍ ഒരൊറ്റ നിമിഷത്തിന്റെ ചടുലതയില്‍ അത് സംഭവിച്ചു...ചാലക്കുടി - അതിരപ്പിള്ളി- വാല്‍പാറ-ചിന്നാര്‍-മൂന്നാര്‍ എന്ന സ്വപ്നവീഥിയില്‍ ഇനി എന്റെ കാല്പാടുകളും പതിയുകയായി..
ബൈക്കിനോട് അല്പദിവസം യാത്രചൊല്ലി.. കാര്‍ ആണ് ഇത്തവണ നല്ലത്. മഴയും മഞ്ഞും എപ്പോള്‍ വേണമെങ്കിലും നമുക്കുനേരെ നീട്ടുന്ന ഒരാകാശത്തിനുകീഴില്‍ എന്റെ കാമറ മിഴിയടക്കാതെയിരിക്കണമെന്ന്‍ ഒന്നാമത്തെ നിര്‍ബന്ധം.കൂടെ വരുന്നവര്‍ക്ക് സുഖകരമായി ഈ യാത്ര അനുഭവിക്കണമെന്ന രണ്ടാം കാര്യം. ഒരൊറ്റ നിബന്ധന മാത്രം.. സ്ടിയറിംഗ് എനിക്കുമാത്രം..
പുലര്‍ച്ചെ അഞ്ചരക്ക് എറണാകുളത്ത് കാറില്‍ താക്കോല്‍ തിരിഞ്ഞു. കൂട്ടാളികളെ വീട്ടില്‍ പോയി പിടികൂടി..അതിരപ്പിള്ളിയിലേക്ക്...രാവിലെ ആറുമണി മുതലാണ്‌ അതിരപ്പിള്ളിയില്‍ നിന്ന് പ്രവേശനം അനുവദിക്കുക. രാവിലെ മലമുഴക്കികളെ കാണാമെന്നു ആരോ പറഞ്ഞിരുന്നു.ശ്രദ്ധിക്കേണ്ട ഒരുകാര്യം, ചാലക്കുടി കഴിഞ്ഞാല്‍ അതിരപ്പിള്ളിക്കുമുന്പ് ഒരു പെട്രോള്‍ ബങ്ക് ഉണ്ട്. പിന്നെ വാല്പാറയിലേ കിട്ടൂ..ഇന്ധനത്തിന്റെ കാര്യത്തില്‍ ഒരു കടുംപിടിത്തവും എനിക്കില്ല. യാത്ര പോകുമ്പോള്‍ ഉണ്ടാവുകയുമരുത്. ചാലക്കുടിയില്‍ നിന്ന്‍ പെട്രോള്‍ നിറച്ചിരുന്നെങ്കിലും വയര്‍ കാലിയായിരുന്നു.


മലക്കപ്പാറ, വാല്‍പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് അതിരപ്പിള്ളിയില്‍ ഫീസ്‌ കൊടുക്കേണ്ടതില്ല. എന്നാല്‍ വാഴച്ചാലില്‍ ഫോറസ്റ്റ് ചെക്കിംഗ് ഉണ്ട്. അവര്‍ ഒരു നോട്ടീസ് തരും. അത് കളയാതെ മലക്കപ്പാറ ചെക്പോസ്റ്റില്‍ ഏല്‍പിക്കണം.പ്ലാസ്റ്റിക് വഴിയിലെങ്ങും കളയാതെ ശ്രദ്ധിക്കുക.
വാഴച്ചാല്‍ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗത്ത്‌ വണ്ടി നിറുത്തി.കാണുമെന്ന് പറഞ്ഞിടത്ത് ഒരൊറ്റ വേഴാമ്പലും ഇല്ല.
ഇരുവശത്തും ആഹാരശാലകള്‍.. ആമാശയം തെല്ലുറക്കെ എന്തോ പറഞ്ഞു.ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി. നിങ്ങള്‍ക്കുവേണ്ടി പറയാം. വാഴച്ചാല്‍ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കിട്ടാന്‍ കുറെ ദൂരം പോകണം.മലക്കപ്പാറ വരെ... ഞങ്ങള്‍ വലതുവശത്തെ കടയില്‍ കയറി. പുഴമീന്‍ ചെത്തുന്നതെയുള്ളൂ.മീന്‍ വേണ്ടെന്നുവെച്ചു. ഇടിയപ്പവും ബീഫ് വരട്ടിയതും വന്നു. വയര്‍ നിറഞ്ഞപ്പോള്‍ ബീഫ് അത്ര പോര എന്നുതോന്നി..അതായത്, അത്രയും പോര എന്ന്..രണ്ടെണ്ണം പാര്‍സല്‍ വാങ്ങി..രുചി വിലയേക്കാള്‍ വളരെ മേലെയായിരുന്നു..


വാഴച്ചാല്‍ മുതല്‍ കാടിന്റെ തീക്ഷ്ണമായ പ്രണയഭാവം നമ്മിലേക്ക്‌ പടര്‍ന്നുകയറും. വാഴച്ചാല്‍ വരെയാണ് സാധാരണഗതിയില്‍ സഞ്ചാരികള്‍ എത്തുന്നത്‌. പിന്നീടങ്ങോട്ടു ഇരുവശവും ഇടതൂര്ന്നകാട്. ഏദനിലേക്കുള്ള ആശ്ലേഷം പോലെ ഒരു പാലത്തിന്റെ കൈവരികള്‍...ഈറ്റത്തലപ്പുകള്‍ കൌതുകം പൂണ്ട കുട്ടികള്‍ ചെയ്യുമ്പോലെ ഓടുന്ന കാറിനെ കൈനീട്ടി തൊട്ടുകൊണ്ടേയിരിക്കുന്നു.കനക്കുന്ന കാടിനെ രണ്ടായി പകുത്ത് നീളുന്ന മനോഹരമായ പാത.അതിവേഗത വേണ്ട. സൗമ്യമായി ഒഴുകിത്തന്നെ കടന്നുപോകണം.കാടിന്റെ നിര്‍മലമായ ഭാവം അറിഞ്ഞും അതിലലിഞ്ഞും ഞങ്ങള്‍ മുന്നോട്ടുനീങ്ങി.
വഴിക്കിരുപുറവും കുരങ്ങുകളുടെ മേളനം, കാട്ടുകോഴികളുടെ അഭ്യാസമുറകള്‍..ഒരു മരത്തിനുമേലെ തലകുത്തിനിന്ന ഒരു മലയണ്ണാന്‍ കൈകൂപ്പി ഉപചാരം ചൊല്ലി.പേരറിയാ കിളികളുടെ വിളിയൊച്ചകള്‍...കാമറ പലവട്ടം കണ്ണുകള്‍ തുറന്നടച്ചു..കാട് ഒരു പച്ചപ്പന്തല്‍ നാട്ടി വെളിച്ചത്തെ അണച്ചിരിക്കുന്നു..
മറക്കരുതാത്ത ഒരു കാര്യമുണ്ട്. ആവശ്യം വേണ്ട മരുന്നുകള്‍, പ്രഥമശുശ്രൂഷ കിറ്റ്‌, അസിഡിറ്റിക്കുള്ള മരുന്നുകള്‍ എന്നിവയ്ക്കൊപ്പം കാട്ടില്‍ ഡെറ്റോള്‍ അത്യാവശ്യമാണ്..തേരോട്ടം നടത്തുന്ന അട്ടകളെ ഡെറ്റോള്‍ പിടിച്ചുനിര്‍ത്തും..സോക്സില്‍ ഡെറ്റോള്‍ പുരട്ടിയാല്‍ മതി..കാട്ടില്‍ ഇരുന്നും കിടന്നും സെല്ഫിയെടുത്താല്‍ അട്ട ഏതറ്റം വരെയും കയറി ചോരകുടിക്കും..
ദൂരം താണ്ടുന്തോറും ഒരു ജലാശയത്തിന്റെ മനോഹരദൃശ്യം കാണായി. ഷോളയാര്‍ ഡാമിന്റെ വിസ്തൃതമായ ജലപ്പരപ്പിന്റെ അതിരുകള്‍...സഞ്ചാരികള്‍ പലയിടത്തും നിരന്നിരുന്നു പടമെടുക്കുന്നു..ഒരു വളവില്‍വെച്ച് മരതകപ്രാവുകള്‍ പറന്നുമറയുന്നത് കണ്ടു..റോഡരികുകളില്‍ വേലികള്‍ കണ്ടുതുടങ്ങി.റോബസ്റ്റ കാപ്പിചെടികള്‍ കാടിന്റെ വന്യതയില്‍നിന്നു വേറിട്ടുവരുന്നു...ജനവാസത്തിന്റെ ലക്ഷണങ്ങള്‍..മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ വണ്ടി ഒതുക്കിനിര്‍ത്തി.. കാബിനില്ചെന്നു വാഴച്ചാലില്‍ നിന്ന് തന്നയച്ച രസീത് കാണിച്ചു.ചെക്ക്പോസ്റ്റ് കടക്കുമ്പോള്‍ പിന്നില്‍ ഗാര്‍ഡുകള്‍ ആരെയോ വഴക്കുപറയുന്നത് കേട്ടു.ഒരു കാറുകാരന്‍ ഒതുക്കിനിര്‍ത്താതെ കയറ്റിയതിനാണ്..
മലക്കപ്പാറയില്‍ റോഡ്‌ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ശോകമാണ്..ജനവാസം കൂടിയ സ്ഥലങ്ങളില്‍ ശോകം കൂടിക്കൂടിവന്നു..കൊച്ചുവീടുകളും കുറച്ച്‌ ചെറിയ ഹോം സ്റ്റേകളും ആഹാരശാലകളും കാണാം. വളരെ ചെറിയ ഒരു പോയിന്റ്‌ ആണ് മലക്കപ്പാറ.


സ്ഥിരം ചൂളക്കാക്കകളെ കാണും എന്ന് പറഞ്ഞിടത്ത് അവര്‍ ഉണ്ടായിരുന്നു. സഹ്യന്‍റെ മധുരഗീതികള്‍ പാടുന്ന നീലച്ചിറകുള്ള ഗായകര്‍..രൂപം മനോഹരം.. ഗാനം അതിമനോഹരം. ശ്രേയ ഘോഷാലിനെ ഓര്‍മ വന്നു..ചൂളക്കാക്കകളെ കടന്നതും കരിങ്കുരങ്ങുകളുടെ ഒരു സൈന്യം..മരങ്ങളില്‍ വന്യമായ ഉലച്ചിലുകള്‍..കാമറകള്‍ നീണ്ടു.. നല്ല വെളിച്ചം. മലക്കപ്പാറ മുതല്‍ തേയിലത്തോട്ടങ്ങളുടെ താരുണ്യം വടിവൊത്തുകിടക്കുന്നു.മേലെ ഡ്രാക്കുളക്കോട്ട പോലെ കാണുന്ന തേയില ഫാക്ടറിക്കുമേലെ കോടമഞ്ഞ്‌ കരിമ്പടം വലിച്ചിടുന്നുണ്ട്...

മാട്ടുപ്പെട്ടിയിലെ ആനകൾ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗ്ഗം എവിടെ എന്ന് ചോദിച്ചാൽ ഇപ്പോൾ പറയണമെങ്കിൽ അല്പം ആലോചിക്കേണ്ടിവരും, നമ്മുടെ കടന്നുകയറ്റം അത്രക്ക് ഭീകരമാക്കിയിരിക്കുന്നു. കുന്നും മലകളും വനങ്ങളും കയ്യേറി കോൺക്രീറ്റ് സാമ്രാജ്യം സ്ഥാപിച്ച് കേരളം ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ പ്രസിദ്ധമായ നമ്മുടെ മൂന്നാർ. ഓരോ തവണ കാണുമ്പോഴും കോൺക്രീറ്റ് കാടുകൾക്ക്‌ വിസ്താരം ഏറിവരുന്നു. പച്ചപ്പും, തണുപ്പും, കോടയും എവിടേക്കോ പോയി മറഞ്ഞപോലെ ഇങ്ങനെ പോയാൽ തെക്കിന്റെ കാശ്മീർ എന്നതിന് പകരം മറ്റ് പേരുകൾ കണ്ടെത്തേണ്ടി വരും. ഒരു വശത്ത് കടന്ന് കയറ്റങ്ങളും, ചൂഷണങ്ങളും, പിടിച്ചടക്കലും നടക്കുമ്പോഴും മറുഭാഗത്ത് ഭാഗികമായ പ്രതിരോധിക്കലും നടക്കുന്നു.


ഇതിനിടയിൽ എവിടെല്ലാമോ മിച്ചം വന്ന അല്പം പച്ച തുരുത്തുകൾ കണ്ണിനും ഖൽബിനും നൽകുന്നത് സ്വർഗീയ വിരുന്ന് തന്നെയാണ്. അതിൽ എന്നെ ഏറ്റവും ആകർഷിക്കുന്നത് മാട്ടുപ്പെട്ടി ഡാമിലെ നീല ജലാശയത്തിനെ പച്ച പരവതാനി വിരിച്ച് പുണർന്ന് നിലക്കുന്ന ഇൻഡോ-സ്വിസ് ഡയറി ഫാമിലെ പുൽ തകിടിയും, അതിനിടയിൽ നീലാകാശത്തെ മുത്തമിട്ട് നിൽക്കുന്ന യൂക്കാലിപ്‌സ്‌ മരങ്ങളും, മനസ്സിന് കുളിരുള്ള കാഴ്ചകളാണ്‌ സമ്മാനിക്കാറ്. ചില ദിവസങ്ങളിൽ ഇൗ സമ്മാനം ബംബർ ആയി മാറാറുണ്ട് , പച്ച പരവതാനി വിരിച്ച് നിലക്കുന്ന പുൽ പ്രതലത്തിലൂടെ മേഞ്ഞ് നടക്കുന്ന മാട്ടുപ്പെട്ടിയിലെ ആനക്കൂട്ടം ഒരു ഭാഗ്യം നിറഞ്ഞ കൗതുക കാഴ്ച തന്നെയാണ്. എത്ര കണ്ടാലും മതിവരാത്ത, കൊതിതീരാത്ത കാഴ്ചയാണ്......


മഞ്ഞുമലയിൽ ഒറ്റക്ക് ഒരു രാത്രി Tent ൽ കിടക്കാൻ ഒരു പൂതി..............
My Solo Travel Diarys.
എല്ലാ ആഗ്രഹങ്ങളും മനസ്സിൽ അടക്കിപിടിച്ചാണ് ഹിമാലയൻ മലനിരകളുടെ നാടായ ഹിമാച്ചൽ പ്രദേശിലേക്ക് വണ്ടി കയറുന്നത്.
ഹിമാലയൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന പാർവ്വതീ നദിയുടെ തീരങ്ങളിലുള്ള കൽഗ, പുൽഗ, തുൽഗ, Tosh, മലാന എന്നീ ഗ്രാമങ്ങളും ഖീർ ഗംഗയും , കസോളും ഒക്കെ സ്ഥിതി ചെയ്യുന്ന പാർവ്വതീ വാലിയാണ് എന്റെ ലക്ഷ്യം.
ഡൽഹിയിൽ നിന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ നിരാശയുടെ ആദ്യ പത്രം തുറക്കേണ്ടി വന്നു.
ഡൽഹിയിൽ ഒരു food Fest നടക്കുന്നുണ്ടായിരുന്നു. ഡൽഹിയിൽ Sobin ചെട്ടന്റെ ഒപ്പം ആയിരുന്നു. Sobin ചേട്ടനെ ആയാണ് Food fest ന് പോയത്. food എന്നാ പിന്നെ മറ്റെന്തു കാര്യവും മറക്കുന്ന ഒരാളായ ഞാൻ ബസ്സിന്റെ കാര്യവും കുറച്ച് നേരത്തേക്ക് മറന്നു. അതു കൊണ്ട് 6.15 pm ന്റ മണാലി ബസ്സ് അങ്ങ് മിസ്സായി......
എന്നാലും പടച്ചോൻ മ്മളെ അങ്ങനെ അങ്ങ് കൈവിടൂല.........
എനിക്ക് പോക്കേണ്ട സ്ഥലമായ മണികരനിലേക്കുള്ള നേരിട്ടുള്ള ബസ്സ് അതാ നിൽക്കുന്നു. ഒരു സീറ്റ് ഒപ്പിച്ച് ആ വണ്ടിയിൽ കയറി കൂടി.
വലീയ ബാഗും ഒപ്പം Tent ഉം മൈനസ് ഡിഗ്രിയിൽ കിടക്കാവുന്ന കനം കൂടിയ Sleeping ഒക്കെയായ് ബസ്സിൽ കയറിയപ്പോ തന്നെ എല്ലാ യാത്രികരും എന്നെ തുറിച്ച് നോക്കുന്നു. ഏതാ ഈ പ്രാന്തൻ എന്ന നിലയിൽ ആകണം അവർ നോക്കുന്നത്.
ശരിയാ ഹിമാലയം, ഹിമാലയത്തിലെ Trekking, Camping, ഹിമാലയൻ മലനിരകളെ കീറിമുറിച്ചു കൊണ്ടുള്ള യാത്ര എന്നോക്കെ പറഞ്ഞാ ഒരുതരം പ്രാന്ത് തന്നെയാ.
അങ്ങനെ എന്റെ സീറ്റിൽ കയറി ഇരുന്ന് ഹിമാലയവും മഞ്ഞുമലയും ഒക്കെ സ്വപ്നം കണ്ടിരുന്നു.


അതാ എന്റെ ബാക്കിലെ സീറ്റിൽ നിന്ന് 2 പെൺ ശബ്ദം എന്റെ ഉള്ളിലെ കോഴി ഉണർന്നു. അത് അലേലും അങ്ങനെ ആണേലോ ?
ഒപ്പം ഒരു ആൺകുട്ടിയും ഉണ്ട്. ഇംഗ്ലീഷിൽ ആണ് സംസാരം. അതു കൊണ്ട് പിന്നെ മൈഡ് ചെയ്യാൻ പോയില്ല.
അതാ ഒപ്പം ഉള്ള ആൺകുട്ടി ആരോടോ ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നു. പടച്ചോനെ മലയാളി...........
തിരിഞ്ഞിരുന്ന് ചോദിച്ചു നാട്ടിൽ എവിടെയാന്ന്.
B Tech ന് പഠിക്കുന്നവർ ആണ് അവർ.
അവൻ മറുപടി പറഞ്ഞു. അപ്പോ അതാ അതിലെ ഒരു പെൺകുട്ടി എന്നോട് എവിടെക്കാന്ന്. അങ്ങനെ കൃത്യമായ ലക്ഷ്യം ഇല്ലാത്തതിനാൽ എവിടെക്കാന്ന് പറഞ്ഞില്ല.
അവർ കസോളിലേക്കാണ്.
ഇവൻ ഇത് എവിടെക്കാ ഈ 2 പെൺകൊച്ചുങ്ങളെ കൊണ്ട് ?
എന്റെ ഉള്ളിലെ സദാചാരബോധം ഉണരാൻ അധികം സമയം വേണ്ടി വന്നില്ല.
എന്തായാലും എനിക്ക് ഇപ്പോ എന്താ എന്ന മട്ടിൽ ഞാൻ തിരിഞ്ഞിരുന്നു.
കുറച്ച് നേരത്തിന് ശേഷം നേരത്തേ എന്നോട് സംസാരിച്ച പെൺകുട്ടി എന്നെ വിളിച്ചിട്ട് ചോദിച്ചു.
നിങ്ങൾ വലിക്കാനാണോ പോകുന്നത് എന്ന് ?
എനിക്ക് ഒരു പെൺകുട്ടി ഇങ്ങനെ ചോദിച്ചത് കൊണ്ട് പെട്ടെന്ന് ഒരു മറുപടി പറയാൻ പറ്റിയില്ല. അധം വിട്ട് നോക്കി ഇരുന്നു.
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അവൾ തുടർന്നു.
ഞങ്ങളും അതിനാ പോകുന്നേ....
അതാ ഞാൻ വീണ്ടും ഞെട്ടി....... എന്താപോ പറയാ..................
ക്രീം എവിടെ കിട്ടും അറിയുമോ ? എന്നോക്കെയുള്ള ചോദ്യങ്ങൾ വരിവരിയായ് വന്നു.
എനിക്കറിയില്ല. ആദ്യമായാണ് ഇവിടെക്ക് വരുന്നത് എന്ന് മറുപടി കൊടുത്തു.
പിന്നീട് എന്റെ യാത്രയുടെ ലക്ഷ്യം അവരെ ഞാൻ ബോധ്യപ്പെടുത്തി.


വഴിയെയുള്ള യാത്രയിൽ ബസ്സ് ഇടക്കിടക്ക് നിർത്തുമ്പോൾ അവർ സിഗരറ്റ് വലിക്കാനും ഞാൻ ചായ കുടിക്കാനും പോയി.
ഒരു വട്ടം മാത്രമാണ് അവർ എന്നോട് സിഗരറ്റ് വേണോ എന്ന് ചോദിച്ചത്. വേണ്ട എന്ന മറുപടിയിൽ അവർക്ക് മനസ്സിലായിക്കാണും ഞാൻ വലിക്കില്ല എന്നത്.
എന്നാലും ഈ പഠിക്കുന്ന പെൺകുട്ടികൾ ഒക്കെ ഈ മാരകമായ ലഹരി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് നേരിൽ കാണുമ്പോൾ ഉള്ള വിഷമം എന്നെ വല്ലാതെ വേട്ടയാടി.
അതു കൊണ്ടു തന്നെ യാത്രയേ കുറിച്ചല്ലാതെ അവരുടെ പേരോ നാടോ ഞാൻ ചോദിക്കാൻ പോയില്ല.
ഇന്നത്തേ ജനറേഷന്റെ ജീവിതരീതി വല്ലാതെ മാറിയിരിക്കുന്നു.
അങ്ങനെ കസോളിൽ അവർ എന്നോട് യാത്ര പറഞ്ഞിറങ്ങി ഞാൻ മണികരൻ ലക്ഷ്യമാക്കി യാത്ര തുടർന്നു.
മണികരനിൽ നിന്ന് ഇനിയും യാത്ര ചെയ്യണം എന്റെ ലക്ഷ്യസ്ഥാനമായ കൽഗ ഗ്രാമത്തിലെ ഇസ്മാഈലിന്റെ Gypsy House ൽ എത്താൻ.
മണികരനിൽ നിന്ന് ബർഷണി എന്ന സ്ഥലത്തേക്ക് ബസ്സ് കയറി. ബർഷണി വരെയാണ് വാഹനങ്ങൾ പോകുക അവിടെ നിന്ന് Trek ചെയ്ത് വേണം കൽഗ എന്ന ഗ്രാമത്തിൽ എത്താൻ.


വലീയ ലഗേജും താങ്ങി പിടിച്ച് കൽഗ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു. നല്ല ശാന്തരായ ഗ്രാമീണർ വസിക്കുന്ന സ്വർഗ്ഗഭൂമിയാണ് കൽഗ എന്ന കൊച്ചുഗ്രാമം.
അങ്ങനെ കൽഗയിലെ ഇസ്മാഈലിന്റെ Gypsy House ൽ എത്തി ഫ്രഷ് ആയി അവിടെയുള്ളവരെ പരിജയപ്പെട്ടു.
അതിനിടയിൽ പരിജയപ്പെട്ടെ ഒരാളാണ് മൻസൂർ ഇസ്മാഈലിന്റെ ഫ്രണ്ട് ആണ്. ഉച്ചക്ക് ശേഷം മൻസൂർനെ ആയി ഒരു സാഹസീക Trekking ന് പുറപ്പെട്ടു.
ഒരു മല കുത്തനെ കയറുക അതിന്റെ മുകളിൽ കയറിയാ Full Snow ആണ് എന്ന് പറഞ്ഞപ്പോ ചാടി പുറപ്പെട്ടതാണ്.
ഇത്രയും സാഹസീകമായ Trekking ആദ്യമായാണ് ഞാൻ ചെയ്യുന്നത്. അങ്ങോട്ടെക്ക് കയറി പോയതും ഇങ്ങ് താഴെക്ക് ഇറങ്ങി വന്നതും മുകളിലെ കാഴ്ച്ചയും ഒക്കെ ഒരു സ്വപ്നം പോലെയാണ് എനിക്ക് ഇപ്പോ തോന്നുന്നത്.
Trekking ന്റെ ക്ഷീണത്താൽ വേഗം കിടന്നുറങ്ങി. രാവിലെ എഴന്നേറ്റ ഉടന്നെ തന്നെ ഖീർ ഗംഗ Trekking ലക്ഷ്യമാക്കിയാണ് ഒരുക്കങ്ങൾ തുടങ്ങി.
Bagൽ ആവശ്യ സാധനങ്ങളും ഡ്രസുകളും അത്യാവശ്യ സ്നാക്സും ഒക്കെ ആക്കി Tentഉം Sleeping Bag ഉം ഒക്കെ എടുത്ത് ഇറങ്ങിയപ്പോ അതാ ഇസ്മാഈലിന്റെ അടുത്ത ചോദ്യം.
ഖീർ ഗംഗ പോകുമ്പോ എന്തിനാTent ഉം Sleeping Bag ഉം ഒക്കെ എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടെന്ന്.
നാട്ടീന് ഇതോക്കെ കഷ്ടപ്പെട്ട് തൂക്കി കൊടുന്നിട്ട് ഞാൻ ഇത് കൊണ്ടുപോയി മഞ്ഞുമലയിൽ Tentഅടിച്ച് ഒറ്റക്ക് കിടക്കും അത് എന്റെ ആഗ്രഹമാ എന്ന് പറഞ്ഞ് Trekking ആരംഭിച്ചു.


മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ
ചില ആഗ്രഹങ്ങൾ ഒരു വാശി ആയി തീരുന്നത് ഇങ്ങനെയോക്കെയാണ്.
ഏകദേശം 12 km Trek ഉണ്ട് ഖീർ ഗംഗയിലേക്ക്. കുത്തന്നെ കയറി വേണം മുകളിൽ എത്താൻ. എന്റെ സ്വപ്നങ്ങൾ ചുമലിൽ തൂക്കിയാണ് മല കയറുന്നത്. അൽപം പ്രയാസം ഉണ്ടെങ്കിലും ഉള്ളിൽ സന്തോഷമായിരുന്നു.
അങ്ങ് അകലെ കണ്ടിരുന്ന മഞ്ഞുമല അടുത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന സന്തോഷം.
അവസാനം നടത്തത്തിന്റെ അവസാനമിട്ടത് ഖീർ ഗംഗ Base campൽ എത്തിയപ്പോൾ ആണ്. നിരവധി ക്യാമ്പുകളും ചെറിയ തട്ടുകടകളും നിറഞ്ഞ ഇടം. മഞ്ഞിനാൽ മുടപ്പെട്ടിട്ടുള്ള ഖീർ ഗംഗ ഒരു ചായ കുടിച്ച് ക്ഷീണം അകറ്റി.
ഇനി അടുത്ത പ്ലാൻ Tent അടികൽ ആണ്. ഖീർ ഗംഗയിൽ മുഴുവൻ പ്രൈവറ്റ് ക്യാമ്പ് സൈറ്റുകൾ ആയതിനാൽ എനിക്ക് എന്റെ കൊച്ചു Tent അടിക്കാൻ കുറച്ച് സ്ഥലം പോലും ഇല്ലായിരുന്നു.
അവസാന ശ്രമം എന്ന രീതിയിൽ മലമുകളിലെ മഞ്ഞുമൂടി കിടക്കുന്ന ഭാഗത്ത് മഞ്ഞിനാൽ ചുറ്റപ്പെട്ട് കുറച്ച് ഭാഗം ഉണ്ടായിരുന്നു.
രണ്ടു കൽപിച്ച് അവിടെ എന്റെ Tent ഉയർന്നു.
ബാഗും സാധനങ്ങളും എല്ലാം Tent ൽ വെച്ച് താഴെക്ക് വന്നു ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം നേരത്തേ തന്നെ കഴിച്ച് ഇരുട്ടാകുന്നതിന് മുൻപായി Tent ൽ കയറി Sleeping Bagൽ കയറി ഉറക്കത്തിലായ്.
ഇത്രയും ദൂരം ഈ ഭാരം മുഴുവൻ ചുമന്ന് മുകളിൽ എത്തിയതിന്റെ ക്ഷീണത്താൽ ഉറങ്ങിയതറിഞ്ഞില്ല.
പിന്നെ എപ്പോഴോ നേരം പുലരുന്നതിനോട് അടുത്തായ് ഏകദേശം 3.00 Am ന് മഞ്ഞ് Tent ൽ വന്ന് വീഴുന്ന ശബ്ദം കെട്ടാണ് ഉറക്കത്തിൽ നിന്ന് ഉണരുന്നത്.
-8° വരെ തണുപ്പിൽ കഴിയാവുന്ന SIeeping Bag പോരാ എന്ന് തോന്നുന്ന അത്രയും തണുപ്പ് ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നു. സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നാലും മനസ്സിൽ പറഞ്ഞു എന്നെ കൊണ്ട് ഈ തണുപ്പിനെ അതിജീവിക്കാൻ കഴിയും എന്ന്.
'' ഈ ഒരു നിമിഷം എനിക്ക് കിട്ടിയ അത്മവിശ്വാസം എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടില്ല. ''
ശരീരമൊട്ടാകെ ഒരു മരവിപ്പായിരുന്നു.
എങ്ങനെ നേരം വെളുപ്പിച്ചു എന്നത് എനിക്കും പടച്ചവനും മാത്രമേ അറിയൂ.
ഞാൻ ഒറ്റക്കല്ലായിരുന്നു എങ്കിൽ ഇത്രക്കും അത്മവിശ്വാസം എനിക്ക് എന്നിൽ ഉണ്ടാകില്ലായിരുന്നു.
അതു കൊണ്ട് തന്നെയാണ് എന്നെ കൊണ്ട് ഞാൻ ഒറ്റക്ക് യാത്രച്ചെയ്യിപ്പിക്കുന്നത്.
ആദ്യ തട്ടുകട തുറന്നപ്പോൾ തന്നെ ഒരു കട്ടൻ ചായ കുടിച്ചാണ് ശരീരം ഒന്നു ചൂടാക്കിയത്.


പിന്നെ നേരെ Hot water Spring ൽ ( Hot water Naturel pool ) പോയി ഒരു കുളി അങ്ങ് പാസാക്കി.
പ്രകൃതിദത്തമായി മലയിൽ നിന്ന് ചൂടുള്ള വെള്ളം ഒലിച്ച് ഇറങ്ങുന്നത് ഒരു pool പോലെ കെട്ടി നിർത്തിയതിനെയാണ് Hot water Spring എന്ന് പറയുന്നത്.
വേഗം Tent എല്ലാം pack ചെയ്ത് തിരിച്ച് കൽഗയിലെ Gypsy House ലേക്ക്. തിരിച്ച് എത്തിയപ്പോഴേക്കും നല്ല ചോറും കടലക്കറിയും ഒക്കെ റെഡിയായിരുന്നു.
എല്ലാ പ്പെട്ടെന്ന് തന്നെ അകത്താക്കി ഒറ്റ ഉറക്കം ആയിരുന്നു.
അടുത്ത ദിവസം പുൽഗയും, തുൽഗയും, Toshഉം ഒക്കെ കണ്ട് തിരിച്ച് കസോൾവഴി മലാന എന്ന ഗ്രാമത്തിലേക്ക്.
ഒരു ദിവസത്തിൽ മലാനയിലേക്കുള്ള ഏക ബസ്സ് Jari യിൽ നിന്ന് വൈകുന്നേരം 5.00 pm മണിക്കാണ്. ആ ബസ്സിൽ ഒരു Off Road സാഹസീക യാത്ര അനുഭവിച്ച്തന്നെ അറിയണം.
രാത്രി മലാനയിൽ എത്തി മലാന ഗൈറ്റിന് അടുത്തുള്ള രുദ്ര കഫയിൽ തല ചായ്ക്കാൻ ഒരു ഇടം കിട്ടി.
ഇവിടെയും ലഹരി തന്നെയാണ് പ്രധാന ആകർഷണം. യുവാക്കൾ മലാന ക്രീം എന്ന ലഹരിക്കായ് ഈ മലകൾ താണ്ടി ഇവിടെ എത്തുന്നു.
എന്താ അത്ഭുതം ലെ ?
രാവിലെ മലാന എന്ന ഗ്രാമം ഒന്നു പോയി കണ്ടു.
മലാനയിൽ ഉള്ള ആളുകളെ പുറത്തുന്ന് വരുന്നവർ തൊടാൻ പാടില്ല. ചില വിലക്കപ്പെട്ട ഭാഗങ്ങളിലേക്ക് പുറത്തു നിന്ന് വരുന്നവർ കയറാൻ പാടില്ല. എന്നിങ്ങനെ പലതരം നിയമങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ട്.
ഇവിടെ പോകുന്നവർക്ക് ഒരു മുൻകരുതലിനായ് പറഞ്ഞതാണ് ഈ കാര്യം.
മലാന കാണുവാൻ പോകുന്നവർ മുകളിൽ പറഞ്ഞ കാര്യങ്ങൾ Note ചെയ്യുന്നത് നല്ലതാണ്.


എത്രയും പെട്ടെന്ന് തന്നെ മലാന എന്ന ഗ്രമം കണ്ട് share Taxi യിൽ Jari യിലേക്ക്
ഇനിയും തിരിച്ച് വരും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് പാർവ്വതീ വാലിയോട് വിട പറഞ്ഞു.
NB :- വളരെ ചിലവ് ചുരുങ്ങിയ യാത്രയായിരുന്നു. യാത്രയിൽ കൃത്യമായ കണക്ക് വെച്ച് യാത്ര ചെയ്യാറില്ലാത്തതിനാൽ കൃത്യം ചിലവ് എഴുതൻ പറ്റില്ല. എന്നാലും ഏകദേശം 5000 ത്തിൽ താഴെയാണ് എനിക്ക് ചിലവായ തുക.
Please Follow My Social Media Network
Facebook ID :- Mohammed Akheel A Mayan
Instagram ID:- _my_travel_life_
Contact No :- +919048406904

Thursday, March 15, 2018


യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല.

By: Jameesh MhMd Tvr



മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയതോ അതല്ലെങ്കിൽ മറ്റുള്ളവരുടെ പ്രലോഭനത്തിൽ പ്രകൃതിയെ കണ്ടു തുടങ്ങിയതോ എന്നറിയില്ല,
ഏതായാലും യാത്ര തേടി പോവുന്നത് പ്രകൃതിയിലേക്കു തന്നെ..

ഒരു തളിർ നാമ്പു പോലും ഭൂമിക്കു സമ്മാനിക്കാത്ത നമുക്കിതിനൊന്നും അർഹതയില്ലെങ്കിലും,
മുൻഗാമികൾ കാത്തു സൂക്ഷിച്ച മനോഹാരിത പിൻഗാമിക്കൾക്കു വേണ്ടിയെങ്കിലും മങ്ങലേൽപ്പിക്കാതിരിക്കുക...

നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം...
പ്രകൃതിയോടൊപ്പം......
*കാട് കത്തുന്നു, മനസ്സ് കത്തുന്നു."





By: പ്രണയമാണ് യാത്രയോട്

കാടുകളും മലകളും കത്തിക്കുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികള്‍, കാട്ടുമുയലുകള്‍, കാട്ടുകോഴികള്‍, കേഴ, പന്നികള്‍ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഇതാ തേനിയില്‍ നിന്ന് കാടിനെ സ്നേഹിച്ച കുറേ കുരുന്നുകളും.

ട്രെക്കിങ് അധികൃതരുടെ അനുവാദത്തോടെ, അവർ പറയുന്ന വഴിയേ മാത്രം നടത്തുക. കാട് മനോഹരമാണ്, രഹസ്യങ്ങൾ നിറഞ്ഞതാണ്, സാഹസങ്ങൾ നിറഞ്ഞതാണ്... എന്മാലത് അപകടങ്ങൾ പതിയിരിക്കുന്നതുമാണ്. വന്യമൃഗങ്ങൾ, വിഷജീവികൾ, ചതുപ്പുകൾ, കാട്ടുതീ, വിഷച്ചെടികൾ വരെ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ആവാസ്ഥവ്യവസ്ഥയാണ് കാട്. സാഹസിക വിനോദത്തിനായി ട്രെക്കിങ്ങിന് ഇറങ്ങുന്നവർ വനപാലകരുടെ അനുമതിയും വനത്തെ അറിയുന്നവരുടെ സഹായവും ഉറപ്പാക്കണം. സ്വയം അപകടത്തിലേക്ക് നടന്നു കയറരുത്.


മനം മയക്കുന്ന കാനന യാത്ര, വന്യമൃഗങ്ങളെ കണ്ടറിഞ്ഞ് ബന്ദിപ്പൂർ വനത്തിലൂടെ ഒരു യാത്ര 💜 😍 

By: Akhil Mbaby

കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞും ബന്ദിപ്പൂർ വനത്തിലെ ഹരിതഭംഗിയിലൂടെ ഒരു യാത്ര. 😍

കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌. നവ്യമായ അനുഭവങ്ങളിലൂടെയാണ്‌. അനിർവ്വചനീയമായ അനുഭൂതികളിലേക്കാണ്‌. കാടിന്റെ ഓരോ അണുവിലും പ്രസരിപ്പുണ്ട്‌. വന്യതക്കൊപ്പം ഒളിച്ചിരുന്ന് മോഹിപ്പിക്കുന്ന വശ്യതയുണ്ട്‌. കാട്ടിലെത്തുന്നയാളെ വശീകരിച്ച്‌ കാടിന്റെ സ്വന്തം താളത്തിലമർത്തി കൂടെ നടത്തി കാറ്റ്‌ കൊണ്ട്‌ തഴുകി മഴ നനച്ച്‌ കുളിർപ്പിച്ച്‌ പുത്തൻ പ്രതീക്ഷകൾ കിളിർപ്പിക്കും കാടെന്ന മായാജാലക്കാരി. അവളുടെ തനുവിൽ ഒരിക്കൽ പാദമൂന്നി ആ മായിക സൗന്ദര്യത്തിൽ നിന്നൊരംശം നുകർന്നാൽ പിന്നെ അനന്തമാവർത്തി കൊതിയോടെ നമ്മൾ ചെല്ലും. മതി വരാതെ. മതിഭ്രമത്തോടെ.

സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല, യാത്ര പോകാൻ.

ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ. സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ. എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ. മധു പകർന്ന് മധുരം നുണയാൻ. കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ. നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ. മയിലിനൊപ്പം ആനന്ദ നടനമാടാൻ. ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ. ഒക്കെ കാട്‌ വേണം.

അനേകമനേകം തവണ ഈ കാട്ടിലൂടെ കടന്ന് പോയി. എന്നാൽ ബൈക്കിൽ നടത്തിയ ആ കന്നി യാത്രയോളം ത്രസിപ്പിക്കുന്നതായിരുന്നില്ല അതൊന്നും.

ഒന്നു പോയി നോക്കൂ. നഷ്ടമാവില്ല. ബൈക്കിലും കാറിലും ബസിലുമാവാം യാത്ര. കോഴിക്കോട്‌ നിന്ന് സുൽത്താൻ ബത്തേരിക്ക്‌ നൂറു കിലോമീറ്റർ അകലം. ബത്തേരിയിൽ നിന്ന് ഇടക്കിടെ ബസ്‌ ഉണ്ട്‌. ബത്തേരി- ഗുൻഡൽപേട്‌ ബസിൽ കയറി മദ്ദൂർ ടിക്കറ്റ്‌ എടുത്താൽ ടിക്കറ്റ്‌ ചാർജ്ജും ചായകുടിയും എല്ലാം കൂടി നൂറു രൂപയിൽ താഴെ ഒരു തകർപ്പൻ കാട്ട്‌ യാത്ര കിട്ടും. രാത്രി ഒൻപത്‌ മണിമുതൽ രാവിലെ ആറു മണി വരെ കർണ്ണാടക ഭാഗത്ത്‌ യാത്രാ നിരോധനമുണ്ട്‌. സ്വന്തംവാഹനം ആണെങ്കിൽ വനത്തിൽ പ്രവേശിച്ച ശേഷം ഇരുപത്‌ കിലോമീറ്റർ സ്പീഡിൽ കൂട്ടാതെ പോവുക. അതാണ്‌ കാടിനെ അടുത്തറിയാൻ ഏറ്റവും നല്ല വേഗത.

ഇവിടെ നിന്ന് സഞ്ചാരിക്ക്‌ ഓപ്ഷൻസ്‌ വളരെ അധികമാണ്‌. യാത്ര ഗോപാൽ സ്വാമി ബട്ടയിലേക്ക്‌ നീട്ടാം. പിന്നെ ബന്ദിപ്പൂർ, മുതുമല, മസിനഗുഡി, കല്ലട്ടി ചുരം, ഊട്ടി അങ്ങനെ പോവാം. അല്ലെങ്കിൽ നഞ്ചങ്കോട്‌, മൈസൂർ എന്നിങ്ങനെയുമാവാം. അതുമല്ലെങ്കിൽ ധൈര്യമായി തിരിച്ചോളൂ എണ്ണമറ്റ കാഴ്ചകളുമായി വയനാട്‌ കാത്തിരിക്കുന്നുണ്ട്‌. മുത്തങ്ങ, തോൽപ്പെട്ടി വൈൽഡ്‌ ലൈഫ്‌ സഫാരികൾ. ബത്തേരി ജൈന ക്ഷേത്രം, പൂക്കോട്‌ തടാകം, കുറുവ ദ്വീപ്‌, നെല്ലറച്ചാൽ കാരാപ്പുഴ തടാകം, ബാണാസുരയിലെ സ്പീഡ്‌ ബോട്‌ റൈഡ്‌. ബാണാസുര മീന്മുട്ടി, മീന്മുട്ടി, കാന്തൻപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ. ചെംബ്ര മല, കുറിച്യാർമ്മല, മുനീശ്വരന്മല, തൊള്ളായിരം തുടങ്ങിയ ട്രെക്കിംഗ്‌ സൈറ്റുകൾ. അങ്ങനെ അങ്ങനെ പല പല കാഴ്ചകളോടെ വയനാട്‌ കാത്തിരിക്കുന്നു. ഇപ്പോൾ നല്ല സുഖമുള്ള തണുപ്പും ചാറ്റൽമഴയും കൂട്ടിനുണ്ട്‌.

സുൽത്താൻബത്തേരിയിൽ നിന്ന് റോഡു മാർഗം മുത്തങ്ങ, ഗുണ്ടൽപേട്ടയിലൂടെ 85 കിലോമീറ്റർ സഞ്ചരിച്ചാൽ ബന്ദിപ്പൂർ ‍ൈടഗർ റിസർവിലെത്താം. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ബസുകളിലും ജീപ്പുകളിലും സഫാരിയുണ്ട്. bandipurtigerreserve.in എന്ന സൈറ്റിലൂടെ മാത്രമേ താമസം ബുക്ക് ചെയ്യാൻ പറ്റൂ. നേരിട്ടുളള ബുക്കിങ് ഇല്ല. വിഐപി ഗസ്റ്റ് ഹൗസുകൾക്കും കോട്ടേജുകൾക്കും ഡോർമിറ്ററികൾക്കും കുറഞ്ഞ വാടക നൽകിയാൽ മതി.

പ്രിയരേ കാട്‌ പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത അമൂല്യ സമ്പത്താണ്‌. അതിന്റെ പവിത്രതക്ക്‌ കളങ്കം വരുത്തുന്ന ഒന്നും ചെയ്യാതെ വേണം കാട്ടിൽ പോയി മടങ്ങാൻ. മൃഗങ്ങൾക്ക്‌ ഭക്ഷണം നൽകരുത്‌. അവയെ ശബ്ദം കൊണ്ട്‌ പോലും ശല്യപ്പെടുത്തരുത്‌. മൃഗങ്ങൾക്കരികെ വാഹനം നിർത്തുന്നതും കാട്ടിൽ ഇറങ്ങുന്നതും അത്യന്തം അപകടകരമാണ്‌. നാഷനൽ പാർക്ക്‌ പരിധിയിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യരുത്‌. കാട്ടിൽ യാതൊന്നും വലിച്ചെറിയരുത്‌. ഓർമ്മകളും അനുഭവങ്ങളുമല്ലാതെ മറ്റൊന്നും അവിടെ നിന്നെടുക്കുകയുമരുത്‌. വന്യ ജീവികളെ ആരെങ്കിലും ഉപദ്രവിക്കുന്നത്‌ കണ്ടാൽ തൊട്ടടുത്ത ഫോറസ്റ്റ്‌ സ്ടേഷനിൽ അറിയിക്കണം. കാട്‌ സഞ്ചാരികളുടെ കൂടി സ്വത്താണ്‌. അത്‌ കാത്ത്‌ സൂക്ഷിക്കണം.

കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം. നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം. അപ്പോൾ അപകടവും ഉണ്ടാവില്ല.

കാട്ടിലേക്കുള്ള യാത്രകൾക്ക്‌ അവസാനമില്ല. ഒടുവിലാ കാട്ടിനുള്ളിൽ വീണ്‌ പൊലിയാനും കൊതിപ്പിക്കും കാട്‌.