Thursday, March 15, 2018


മനം മയക്കുന്ന കാനന യാത്ര, വന്യമൃഗങ്ങളെ കണ്ടറിഞ്ഞ് ബന്ദിപ്പൂർ വനത്തിലൂടെ ഒരു യാത്ര 💜 😍 

By: Akhil Mbaby

കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞും ബന്ദിപ്പൂർ വനത്തിലെ ഹരിതഭംഗിയിലൂടെ ഒരു യാത്ര. 😍

കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌. നവ്യമായ അനുഭവങ്ങളിലൂടെയാണ്‌. അനിർവ്വചനീയമായ അനുഭൂതികളിലേക്കാണ്‌. കാടിന്റെ ഓരോ അണുവിലും പ്രസരിപ്പുണ്ട്‌. വന്യതക്കൊപ്പം ഒളിച്ചിരുന്ന് മോഹിപ്പിക്കുന്ന വശ്യതയുണ്ട്‌. കാട്ടിലെത്തുന്നയാളെ വശീകരിച്ച്‌ കാടിന്റെ സ്വന്തം താളത്തിലമർത്തി കൂടെ നടത്തി കാറ്റ്‌ കൊണ്ട്‌ തഴുകി മഴ നനച്ച്‌ കുളിർപ്പിച്ച്‌ പുത്തൻ പ്രതീക്ഷകൾ കിളിർപ്പിക്കും കാടെന്ന മായാജാലക്കാരി. അവളുടെ തനുവിൽ ഒരിക്കൽ പാദമൂന്നി ആ മായിക സൗന്ദര്യത്തിൽ നിന്നൊരംശം നുകർന്നാൽ പിന്നെ അനന്തമാവർത്തി കൊതിയോടെ നമ്മൾ ചെല്ലും. മതി വരാതെ. മതിഭ്രമത്തോടെ.

സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല, യാത്ര പോകാൻ.

ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ. സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ. എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ. മധു പകർന്ന് മധുരം നുണയാൻ. കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ. നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ. മയിലിനൊപ്പം ആനന്ദ നടനമാടാൻ. ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ. ഒക്കെ കാട്‌ വേണം.

അനേകമനേകം തവണ ഈ കാട്ടിലൂടെ കടന്ന് പോയി. എന്നാൽ ബൈക്കിൽ നടത്തിയ ആ കന്നി യാത്രയോളം ത്രസിപ്പിക്കുന്നതായിരുന്നില്ല അതൊന്നും.

ഒന്നു പോയി നോക്കൂ. നഷ്ടമാവില്ല. ബൈക്കിലും കാറിലും ബസിലുമാവാം യാത്ര. കോഴിക്കോട്‌ നിന്ന് സുൽത്താൻ ബത്തേരിക്ക്‌ നൂറു കിലോമീറ്റർ അകലം. ബത്തേരിയിൽ നിന്ന് ഇടക്കിടെ ബസ്‌ ഉണ്ട്‌. ബത്തേരി- ഗുൻഡൽപേട്‌ ബസിൽ കയറി മദ്ദൂർ ടിക്കറ്റ്‌ എടുത്താൽ ടിക്കറ്റ്‌ ചാർജ്ജും ചായകുടിയും എല്ലാം കൂടി നൂറു രൂപയിൽ താഴെ ഒരു തകർപ്പൻ കാട്ട്‌ യാത്ര കിട്ടും. രാത്രി ഒൻപത്‌ മണിമുതൽ രാവിലെ ആറു മണി വരെ കർണ്ണാടക ഭാഗത്ത്‌ യാത്രാ നിരോധനമുണ്ട്‌. സ്വന്തംവാഹനം ആണെങ്കിൽ വനത്തിൽ പ്രവേശിച്ച ശേഷം ഇരുപത്‌ കിലോമീറ്റർ സ്പീഡിൽ കൂട്ടാതെ പോവുക. അതാണ്‌ കാടിനെ അടുത്തറിയാൻ ഏറ്റവും നല്ല വേഗത.

ഇവിടെ നിന്ന് സഞ്ചാരിക്ക്‌ ഓപ്ഷൻസ്‌ വളരെ അധികമാണ്‌. യാത്ര ഗോപാൽ സ്വാമി ബട്ടയിലേക്ക്‌ നീട്ടാം. പിന്നെ ബന്ദിപ്പൂർ, മുതുമല, മസിനഗുഡി, കല്ലട്ടി ചുരം, ഊട്ടി അങ്ങനെ പോവാം. അല്ലെങ്കിൽ നഞ്ചങ്കോട്‌, മൈസൂർ എന്നിങ്ങനെയുമാവാം. അതുമല്ലെങ്കിൽ ധൈര്യമായി തിരിച്ചോളൂ എണ്ണമറ്റ കാഴ്ചകളുമായി വയനാട്‌ കാത്തിരിക്കുന്നുണ്ട്‌. മുത്തങ്ങ, തോൽപ്പെട്ടി വൈൽഡ്‌ ലൈഫ്‌ സഫാരികൾ. ബത്തേരി ജൈന ക്ഷേത്രം, പൂക്കോട്‌ തടാകം, കുറുവ ദ്വീപ്‌, നെല്ലറച്ചാൽ കാരാപ്പുഴ തടാകം, ബാണാസുരയിലെ സ്പീഡ്‌ ബോട്‌ റൈഡ്‌. ബാണാസുര മീന്മുട്ടി, മീന്മുട്ടി, കാന്തൻപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ. ചെംബ്ര മല, കുറിച്യാർമ്മല, മുനീശ്വരന്മല, തൊള്ളായിരം തുടങ്ങിയ ട്രെക്കിംഗ്‌ സൈറ്റുകൾ. അങ്ങനെ അങ്ങനെ പല പല കാഴ്ചകളോടെ വയനാട്‌ കാത്തിരിക്കുന്നു. ഇപ്പോൾ നല്ല സുഖമുള്ള തണുപ്പും ചാറ്റൽമഴയും കൂട്ടിനുണ്ട്‌.

സുൽത്താൻബത്തേരിയിൽ നിന്ന് റോഡു മാർഗം മുത്തങ്ങ, ഗുണ്ടൽപേട്ടയിലൂടെ 85 കിലോമീറ്റർ സഞ്ചരിച്ചാൽ ബന്ദിപ്പൂർ ‍ൈടഗർ റിസർവിലെത്താം. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ബസുകളിലും ജീപ്പുകളിലും സഫാരിയുണ്ട്. bandipurtigerreserve.in എന്ന സൈറ്റിലൂടെ മാത്രമേ താമസം ബുക്ക് ചെയ്യാൻ പറ്റൂ. നേരിട്ടുളള ബുക്കിങ് ഇല്ല. വിഐപി ഗസ്റ്റ് ഹൗസുകൾക്കും കോട്ടേജുകൾക്കും ഡോർമിറ്ററികൾക്കും കുറഞ്ഞ വാടക നൽകിയാൽ മതി.

പ്രിയരേ കാട്‌ പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത അമൂല്യ സമ്പത്താണ്‌. അതിന്റെ പവിത്രതക്ക്‌ കളങ്കം വരുത്തുന്ന ഒന്നും ചെയ്യാതെ വേണം കാട്ടിൽ പോയി മടങ്ങാൻ. മൃഗങ്ങൾക്ക്‌ ഭക്ഷണം നൽകരുത്‌. അവയെ ശബ്ദം കൊണ്ട്‌ പോലും ശല്യപ്പെടുത്തരുത്‌. മൃഗങ്ങൾക്കരികെ വാഹനം നിർത്തുന്നതും കാട്ടിൽ ഇറങ്ങുന്നതും അത്യന്തം അപകടകരമാണ്‌. നാഷനൽ പാർക്ക്‌ പരിധിയിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യരുത്‌. കാട്ടിൽ യാതൊന്നും വലിച്ചെറിയരുത്‌. ഓർമ്മകളും അനുഭവങ്ങളുമല്ലാതെ മറ്റൊന്നും അവിടെ നിന്നെടുക്കുകയുമരുത്‌. വന്യ ജീവികളെ ആരെങ്കിലും ഉപദ്രവിക്കുന്നത്‌ കണ്ടാൽ തൊട്ടടുത്ത ഫോറസ്റ്റ്‌ സ്ടേഷനിൽ അറിയിക്കണം. കാട്‌ സഞ്ചാരികളുടെ കൂടി സ്വത്താണ്‌. അത്‌ കാത്ത്‌ സൂക്ഷിക്കണം.

കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം. നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം. അപ്പോൾ അപകടവും ഉണ്ടാവില്ല.

കാട്ടിലേക്കുള്ള യാത്രകൾക്ക്‌ അവസാനമില്ല. ഒടുവിലാ കാട്ടിനുള്ളിൽ വീണ്‌ പൊലിയാനും കൊതിപ്പിക്കും കാട്‌.

ഒരുനൂറു ജന്മം ജീവിച്ചാലും കൊതിതീരാത്ത വാഗമൺ 😍  എല്ലാവരും വരൂ വാഗമൺലേക്ക്‌..  



നിങ്ങളുടെ ഒരു ഷെയർ അല്ലെങ്കിൽ ലൈക്‌ വാഗമൺ ലോകടൂറിസം മാപ്പിൽ ഇടപിടിപ്പിക്കുക മാത്രമല്ല , ഒരുപാട്‌ ആളുകൾക്കു തൊഴിൽകൂടി ആകും.. നമ്മുടെ നാടിന്റെ ഭംഗ്ഗി എല്ലാവരിലും എത്തിക്കൂ .. 😍 സ്വിറ്റ്സര്‍ലന്‍ഡ് പോലെ ഹരിതസുന്ദരമായ ഭൂപ്രകൃതിയും സുഖശീതളമായ കാലാവസ്ഥയുമുള്ള ഒരു ഭൂപ്രദേശമുണ്ട്‌ നമ്മുടെ കൊച്ചുകേരളത്തില്‍ – ഇടുക്കി, കോട്ടയംജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചുകിടക്കുന്ന മലയോരവിനോദസഞ്ചാരകേന്ദ്രമായവാഗമണ്‍. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന മലകളും. കിഴുക്കാം തൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞതും കൊടുംവളവുകളുള്ളതുമായ റോഡിലൂടെയാണ് യാത്ര. വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ്... 



മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന വാഗമൺ. കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം. നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 10 ഡിഗ്രി സെൽഷ്യസിനും 23 നും മധ്യേ താപനില. കോട്ടയത്തു നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ മനോരാജ്യത്തിലേക്കു കൂട്ടുകൂടാം. പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും.പലപ്പോഴും വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. പറഞ്ഞാലും കണ്ടാലും മതിവരാത്ത മനം മയക്കുന്ന ദൃശ്യ ചാതുര്യം. വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ , വാഗമണ്‍ ടൗണിനു സമീപമാണ് ഈ മനോഹര തടാകവും മറ്റു ദൃശ്യവിസ്മയങ്ങളും. 




സിനിമാക്കാരുടെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഇവിടം. മിക്കവാറും എല്ലാവരും മൊട്ടക്കുന്നുകളും പൈന്മരങ്ങളും കണ്ടുമടങ്ങും. എന്നാല്‍ മൊട്ടകുന്നുകളിൽ നിന്നും കുറച്ചുമാറി വാഗമണ്‍ ടൗണില്‍ ഒരു തടാകം അങ്ങ് ദൂരെനിന്നേ കാണുവാന്‍ സാധിക്കും, ടി ഗാർഡൻ ലെയ്ക്ക് എന്നറിയപ്പെടുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്. ബോട്ടിങ് എന്ന ബോര്‍ഡുകള്‍ ടൗണില്‍ പലയിടത്തും കാണാം, അതിനെ ഫോളോ ചെയ്തുപോയാല്‍ഇവിടെ എത്താം... പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്, ബോട്ടിങ്ങിനു തയാറാവുമ്പോഴുണ്ടാവുന്ന നടുക്കവും അങ്കലാപ്പും വാക്കുകളിൽ ഒതുക്കാനാവില്ല .ബോട്ട് പതിയെ പതിയെ നീങ്ങുബോൾ വെള്ളത്തിലുണ്ടാകുന്ന ഓളങ്ങൾ , തണുപ്പുനിറഞ്ഞ ഈർപ്പകണങ്ങൾ അവ മുഖത്തേക്കു പതിയുബോൾ കണ്ണുചിമ്മിപോകുന്ന അവസ്ഥ കാഴ്ചയ്ക്കു കൂടുതൽ ഭംഗിയേക്കും. കണ്ണുകൾ ചുറ്റുമൊന്നോടിച്ചു നോക്കുമ്പോൾ മുന്നിൽ മാത്രമല്ല പുറകിൽ കൂടി കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്ന നിമിഷം. ഏകദേശം ഒന്നര മണിക്കൂറുകൊണ്ട് ബോട്ട് സവാരിയോട് ബൈ ബൈ പറഞ്ഞു. അടുത്ത കാഴ്ച എങ്ങോട്ടാണ് എന്ന ആകാംഷയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് മൊട്ടക്കുന്നു തിരിച്ചു കയറാൻ തുടങ്ങി. കയറ്റവും ഇറക്കവും കൂടുതൽ കിതപ്പിച്ചെങ്കിലും പൈൻ ഫോറെസ്റ്റിലേക്കുള്ള യാത്രയാണ് അടുത്തതെന്നു കേട്ടപ്പോൾ ആവേശം കൂടി. മൊട്ടകുന്നിൽ നിന്നും, അരമണിക്കൂർ യാത്ര ചെയ്ത് പൈൻ ഫോറെസ്റ്റിൽ എത്തിച്ചേർന്നു .നിരവധി വഴി വാണിഭ കച്ചവടക്കാർ ചുറ്റുംകൂടി. തിരികെയെത്തുമ്പോൾ എന്തെങ്കിലും വാങ്ങാമെന്നു വാക്കു പറഞ്ഞു. പൈൻ ഫോറെസ്റ്റിലേക്കുനടന്നുനീങ്ങി ... അതിശയം തോന്നുന്ന കാഴ്ച വളരെ ഉയരത്തിൽ പ്രൗഢിയോടെ പൈൻ മരങ്ങൾ നിൽക്കുന്ന താഴ്‌വര .പൈൻ മരങ്ങളെ തട്ടുകളായി ക്രമീകരിച്ചിരിക്കുന്നപോലെ , ചില സിനിമകളിലെ പാട്ടു സീനുകളിൽ ഇടം തേടിയിട്ടുണ്ട് ഈ താഴ്‌വര. ശക്തിയേറിയ കാറ്റ് പൈൻ മരങ്ങളെ തഴുകി ചൂളം മീട്ടുന്നു. കാതുകളിൽ കുളിർമഴപെയ്യുന്നപോലെയുള്ള സ്വരം. പുറംതണുപ്പിനെ ശരീരത്തിന്റെ ഉള്ളിലേയ്ക്കും നിറക്കാനായി ഐസ്ക്രീം വാങ്ങി .അലിയുന്ന ഐസ്ക്രീമിന്റെ മധുരം നുണയുന്നപോലെ മധുരം നിറഞ്ഞ ഓർമ്മകൾ നിറയുന്ന ഒന്നിലധികം ഫോട്ടോകളും എടുത്തു. കാറ്റിന്റെ ശക്തിയിൽ മഞ്ഞുത്തുള്ളികൾ പൊഴിയുന്നപോലെ ചാറ്റൽ മഴ തുടങ്ങി. വിഷമത്തോടെആണെങ്കിലും പൈൻ മരങ്ങളോട് യാത്ര പറഞ്ഞു. തിരികെ പോവുമ്പോൾ വാങ്ങാമെന്നു വാക്കു പറഞ്ഞ കച്ചവടക്കാരനിൽ നിന്നും ഒരു പായ്ക്കറ്റ് ഏലക്കായ തേയിലപൊടിയും വാങ്ങി കാറിലേക്ക് കയറി . മൊബൈലിലേയ്ക്ക് നോക്കി റേഞ്ച് തീരെയില്ല . ഒന്ന് ശ്രദ്ധിച്ചു സമയം 2 കഴിഞ്ഞിരിക്കുന്നു .ആർക്കും ആഹാരം കഴിയ്ക്കണ്ടേ എന്ന ചോദ്യത്തിൽ തന്നെ വിശപ്പ്കത്താൻ തുടങ്ങി. അടുത്തു തന്നെ ഒരു ചെറിയ കട കണ്ടു. മുളകൊണ്ട് തീർത്ത ഹോട്ടൽ, മുളയുടെ ആകർഷകത്വം പറഞ്ഞറിയിക്കുന്ന ശൈലിയിൽ നിർമിച്ചിരിക്കുന്ന ഹോട്ടൽ. സൈഡിൽ വീട്ടിലെ ഊണ് എന്ന ബോർഡും തൂക്കിയിരിക്കുന്നു . മറിച്ചൊന്നും ചിന്തിച്ചില്ല നാടൻ ഊണിനു ഓർഡർ കൊടുത്തു തണുപ്പിന്റെ ലഹരിയെ ചൂടുപിടിപ്പിക്കാനായി ആവി പറക്കുന്ന ചോറും കൂട്ടാനും മുന്നിലെത്തി .ഹോട്ടൽ ചെറുതാണെങ്കിലും രുചിയേറിയ ആഹാരം എന്നതിൽ സംശയം ഇല്ല . സായാഹ്നം ഇരുളുന്നതിനു മുൻപ് തന്നെ മടക്കയാത്രക്കൊരുങ്ങി . കണ്ണിലും മനസിലും നിറഞ്ഞ കാഴ്ചകൾക്ക് ശോഭ കൂട്ടി എത്ര വർണിച്ചാലും വാക്കുകളിൽ ഒതുങ്ങാത്ത സൗന്ദര്യം തുളുമ്പുന്ന യാത്ര. 

അതിരപ്പള്ളി വെള്ളച്ചാട്ടം



പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ്‌ അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന്‌ അറിയപ്പെടുന്നു. ചാലക്കുടി പുഴ വാഴിച്ചല്‍ വനമേഖലയിലൂടെയാണ്‌ ഒഴുകുന്നത്‌. 24 മീറ്ററാണ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം. താഴേക്ക്‌ പതിക്കുന്ന വെള്ളം ചാലക്കുടി പുഴയിലേക്കാണ്‌ ഒഴുകുന്നത്‌. വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. റോഡില്‍ നിന്നാല്‍, വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മരങ്ങള്‍ക്കിടയിലൂടെ മുന്നില്‍ തെളിയും.

മുകളില്‍ നിന്നും വെള്ളച്ചാട്ടം കാണാവുന്നതാണ്‌. അതിനായി പ്രവേശന പാസ്സെടുത്ത്‌ പ്രധാന കവാടം വഴി അകത്തു കടക്കണം. വിനോദസഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാന്‍ പാകത്തിലുള്ള ചെറിയ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ട്‌. എല്ലാ ഭാഗങ്ങളിലേക്കും റോഡുകള്‍ ഉള്ളതിനാല്‍ യാത്ര സൗകര്യപ്രദമാണ്‌. എന്നാല്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. വെള്ളച്ചാട്ടത്തിന്‌ സമീപത്തേക്ക്‌ പോയി താഴെ നിന്നും ഇതിന്റെ സൗന്ദര്യം നുകരാം. ഇവിടെ എത്തുന്നതിനും റോഡുണ്ട്‌. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്‌ചയാണ്‌ ഏറ്റവും മനോഹരം. ഇവിടേക്കുള്ള റോഡും ചരിഞ്ഞതാണ്‌.





ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.


ഊഞ്ഞാപ്പാറ കനാലാണ് ഈ വേനലിലെ താരം_ മനസ്സും ശരീരവും തണുപ്പിക്കാം; ഊഞ്ഞാപ്പാറ കനാലിൽ 

By: Sumod O G Shuttermate

കനത്ത ചൂടില്‍ നിന്നും കുറച്ചു ആശ്വാസം വേണോ ? എങ്കില്‍ നേരെ വണ്ടി വിട്ടോ കോതമംഗലം ഊഞ്ഞാപാറക്ക്.... 😍

ഞായറാഴ്ച ഊഞ്ഞാപ്പാറയിൽ നല്ല തിരക്കാർന്നു. കഴിഞ്ഞ വർഷം കേട്ടറിഞ്ഞ സ്ഥലത്തേക്ക് ആദ്യമായാണ് പോകാൻ കഴിഞ്ഞത്. fb പുബ്ലിസിറ്റി കൊണ്ട് മാത്രം ഒറ്റ വര്ഷം കൊണ്ട് ഹിറ്റ് ആയ ഒരു വിനോദ സഞ്ചാര കെന്ദ്രം. വേനൽ കാലത്ത് ശരീരവും മനസും തണുപ്പിക്കാൻ പറ്റിയ ഒരു സ്ഥലം. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ഇതു . കഴുത്തോളം മാത്രം വെള്ളം ആയതിനാൽ നീന്തൽ അറിയാത്തവർക്കും ഒരു സ്വിമ്മിങ് പൂളിൽ എന്ന പോലെ നടന്നു നീങ്ങാം. പോരാത്തതിന് നല്ല ശുദ്ധമായ വെള്ളം നല്ല തണുപ്പും . ഒന്നിറങ്ങിയാൽ അവിടെ നിന്നും കേറിപ്പോകാൻ തോന്നില്ല. കനാലിന്റെ അപ്പുറവും ഇപ്പുറവും നല്ല പാടവും നിറയെ പക്ഷികളും. കനാലിന്റെ ഒരു ഭാഗത്തു വെള്ളം നിറഞ്ഞൊഴുകുന്നു, ഒരു വാട്ടർ കാസ്കെയ്ഡ് (cascade) പോലെ. അവിടെ ഇരുവശങ്ങളിലുമായി ഉള്ള കവുങ്ങും തോട്ടം തണൽ വിരിക്കുന്നു . പല ദേശത്തു നിന്നും കേട്ടറിഞ്ഞു വന്ന ആൺ പട മുങ്ങി മറയുകയാണ്. തിരക്ക് കൂടിയപ്പോൾ ചെറിയ പെട്ടിക്കടകൾ ഒകെ തുറന്നിട്ടുണ്ട് ചിലർ. എൻറെ വീട്ടിൽ നിന്നും 16 km മാത്രം അകാലത്തിൽ ഉള്ള സ്ഥലത്തേക്ക് ഇതുവരെ പോകാൻ പറ്റിയിട്ടില്ലാരുന്നു . ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. കൂടുതൽ ഒന്നും എഴുതാനില്ല , അനുഭവിച്ചു അറിയുക. ഇനിയും പോകാത്തവർ ഈ വേനലിൽ തന്നെ വിട്ടോ.

ആർക്കു വേണമെങ്കിലും പോകാം , പ്രൈവറ്റ് പ്രോപ്പർട്ടി ഒന്നുമല്ല . റോഡ് സൈഡിൽ വാഹനങ്ങൾ ഒതുക്കി പാർക്ക് ചെയ്യുക, ദദേശ വാസികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുക . ഒരുപാടു ഒച്ചയും ബഹളവും ഉണ്ടാക്കി അവർക്കു ബുദ്ധിമുട്ടുണ്ടാക്കരുത് . കനാലിനു മുകളിൽ കൂടിയുള്ള നടപ്പ് അല്പം അപകടം പിടിച്ചതാണ്. കനാലിനു മുകളിൽ നിന്ന് താഴേക്ക് ചാടുന്നതും മറ്റും ഒഴിവാക്കുക. കുപ്പി ചില്ലുകളും പാറക്കഷ്ണങ്ങളും മറ്റും ഉണ്ടാകും. അപകടങ്ങൾ ഉണ്ടാക്കാതെ നമ്മൾ സ്വയം ഒന്ന് നിയന്ത്രിച്ചാൽ അടുത്ത വർഷങ്ങളിലും ഇവിടെ ഇതുപോലെ കുളിക്കാം .

കോതമംഗലം ടൗണിൽ നിന്നും 7 k m ഉള്ളു ഇവിടെ എത്തിച്ചേരാന്‍. കോതമംഗലം – തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 k m പിന്നിടുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല്‍ അതായതു നാടുകാണിക്കുള്ള വഴിയെ 100 മീറ്റര്‍ ചെന്നാല്‍ കനാൽ എത്തി..
കാടറിഞ്ഞ്, മനം നിറഞ്ഞ്, കാനന ഭംഗി ആസ്വദിച്ച് 900 കണ്ടി യാത്ര

By: Sadaru Kottaparamban

കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര
ഹാരിസ് പുളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയെക്കുറിച്ചറിഞ്ഞത് , ചുമ്മാ അതിശയിച്ച് നിൽക്കാനായില്ല.. പോസ്റ്റ് കിട്ടിയത് ശനിയാഴ്ച്ച -
ഞായർ ഒരു പരിപാടിയുമില്ല - പിന്നെ നോക്കിയില്ല
'900 കണ്ടി' കണ്ടിട്ടു തന്നെ കാര്യം !!
കഥകൾ പറഞ്ഞു കേൾക്കാനല്ല കഥയിലെ കഥാപാത്രമാവാൻ.. ഇനിയാരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടെയും കഥയും തുന്നിച്ചേർക്കുവാനായി..
കൂട്ടുകാരൻ Shaijal Mhd Km ആണു 900 കണ്ടിയെക്കുറിച്ചുള്ള പോസ്റ്റ് എനിക്ക് ഷെയർ ചെയ്തത്.
യാത്രകളെ നന്നേ ഇഷ്ടപ്പെടുന്ന കൂട്ടുകാരൻ കേരളത്തിലെ ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പായ RERCയുടെ ഭാരവാഹി കൂടിയാണ്  .


ഞാൻ ഫ്രീയാണെന്നറിയിച്ചതും അര മണിക്കൂറിനുള്ളിൽ വീടിന്റെ മുന്നിൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടു ..
ആലോചിച്ചു നിന്നില്ല.. ഗൂഗിൾ മാപ്പ് ചുമ്മായൊന്നു നോക്കി.. ഏകദേശം 80-90 കി.മീ..
900 ലക്ഷ്യമാക്കി യാത്ര തുടങ്ങി.. അടിവാരത്തു നിന്നും 2 ബോട്ടിൽ വെള്ളം കയ്യിൽ കരുതി - യാത്രക്കാവശ്യമായ മറ്റൊന്നും കരുതിയിട്ടില്ലെങ്കിലും ക്യാമറ എടുക്കാൻ മറന്നില്ല.
ബാണാസുരയും, കുറുവാ ദ്വീപും, എടക്കൽ ഗുഹയും , പൂക്കോട്ട് തടാകവും പിന്നെ ചായത്തോട്ടവുമായാൽ വയനാട് കഴിഞ്ഞു എന്ന ധാരണയാണു മനസ്സിലുള്ളതെങ്കിൽ അതൊന്നുമല്ല..
പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു.. !
'ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാൻ ഇതിൽ പരം വേറെന്തു വേണം..
മേപ്പാടിയിൽ നിന്നും കള്ളാടി കഴിഞ്ഞ് അമ്പതടി മുന്നോട്ട് ചെന്നാൽ വലത്തോട്ട് 900 കണ്ടിയിലേക്കുള്ള ചെറിയ വഴിയിലേക്ക് ബൈക്ക് കയറുമ്പോൾ പരിസരത്തൊന്നും ആരെയും കണ്ടില്ല ..


ആശങ്കകളോടെയാണു കാടു കയറാൻ തുടങ്ങിയതെങ്കിലും ചെല്ലും തോറും പ്രകൃതി ഞങ്ങളെ മാടിവിളിക്കുകയായിരുന്നു..
ബൈക്കിനോ അല്ലെങ്കിൽ ഫോർ വീൽ (4x4) വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴി - ഇരുഭാഗങ്ങളിലും സുന്ദരവനം..
ഇത് വരെ കണ്ടതില്ലാത്ത കാനനക്കാഴ്ചകളിൽ മുഴുകി ഞങ്ങൾ മുന്നോട്ട് നീങ്ങി ...
കാനന സുന്ദരിയെ ക്യാമറയിൽ പകർത്തും നേരം രക്തദാഹികളായ ചിലരെ ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു.. ചിത്രങ്ങൾ പകർത്തി ബൈക്കിൽ കയറുമ്പോഴാണ് അവരെ ശ്രദ്ധയിൽ പെട്ടത് !!
ഒരു തരം നീളത്തിലുള്ള അട്ടകൾ!!! ശ്രദ്ധയിൽ പെടുന്നതിനു മുമ്പേ ആശാന്മാർ കുടി തുടങ്ങിയിരുന്നു; പറിച്ച് കളയാൻ കഴിഞ്ഞില്ല.. ഒരു തീപെട്ടീയോ കത്തിയോ കയ്യിൽ കരുതാത്തത്തിന്റെ വിഷമം തോന്നിയെങ്കിലും.. ബൈക്കിന്റെ സൈലൻസറിൽ ആശാൻമാരെ ഉമ്മവെപ്പിച്ച് ഷൈജലും ഞാനും തൽകാലം തടിയൂരി ...
തൊള്ളായിരം കണ്ടിയുടെ മുകളിലെത്തിയപ്പോൾ അട്ട ചോര കുടിച്ചാലെന്ത് - ഇത്രയും മനോഹരമായ കാഴ്ച കാണണമെങ്കിൽ അൽപ്പം സഹിക്കണമല്ലോ എന്ന് തോന്നി ..
'ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെ'ന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ തകർന്നു വീണുകൊണ്ടിരിക്കുന്ന 'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന വിശേഷണം അങ്ങനെയങ്ങ് തേച്ചു മായ്ച്ചു കളയാനായിട്ടില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അതിശയത്തോടെ ആ കുന്നിൻ മുകളിൽ നിന്ന് ചുറ്റും വീക്ഷിച്ചു ..
കലാകാരന്റെ കാൻവാസിൽ പ്രകൃതിയെ കളറ്കൂട്ടിയാണ് അവർ വരച്ചിരുന്നതെന്ന് എന്റെ മുൻവിധി മാത്രമായിരുന്നു..
ആ കാൻവാസുകളിൽ കണ്ട മഞ്ഞും മലയും മഴയും മരവുമൊക്കെ അതേ പടി ദർശിക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ മുൻവിധികളെടുക്കുന്ന എന്റെ സ്വഭാവം ഞാനാ കുന്നിൻ മുകളിൽ നിന്ന് തണുത്ത കാറ്റിൽ പറത്തി..
അന്തം വിട്ട് സമയം പോയതറിഞ്ഞില്ല..
സമയം 6 മണിയോടടുത്തു കാട് അതിന്റെ രൌദ്ര ഭാവം പൂണ്ട് തുടങ്ങിയിരിക്കുന്നു . വന്ന വഴി ദുർഘടമായതിനാൽ അധികം നില്ക്കാതെ ഞങ്ങൾ കുന്നിറങ്ങി .. ഇറങ്ങിയെന്നല്ല ഇറങ്ങേണ്ടി വന്നു.. അട്ടകളെ പോലെ ആനകളെ കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ !!
ഒരു കാര്യമുറപ്പ് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് 900 കണ്ടി കൺകുളിർക്കും കാഴ്ച തന്നെയാകുമെന്നതിൽ സംശയമില്ല.
ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക്‌ തിരിയുക കുറച്ച്‌ ദൂരം വന്നാൽ കള്ളടി മകാം കാണും...അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും...പാലം കയിഞ്ഞ ഉടനെ വലത്തോട്ട്‌ ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്‌....ആ ജ്ംഗ്ഷനു അടുത്ത്‌ ഒരു പെട്ടി പീടികയും കാണാം...ഗൂഗിൾ മാപ്പിൽ Kalladi എന്ന് അടിച്ചാൽ ഏകദേശ റൂട്ട്‌ കിട്ടും..അവിടെ നിന്ന് നേരത്തെ പറഞ്ഞ പോലെ മകാം>പാലം> വലത്തോട്ട്‌...
കാനന സുന്ദരിയോട് യാത്ര ചോദിച്ച് ഞങ്ങൾ മടങ്ങി..
"കാടേ ഞങ്ങളിനിയും വരും നിന്നെക്കാണാൻ..
നിൻറെ കൂടെയിരിക്കാൻ "