Friday, March 16, 2018



'വാരണാസിയിലെ വർണോത്സവം'.

ഇന്ത്യ ആഘോഷങ്ങളുടെയും വിസ്മയങ്ങളുടെയും ഉത്സവങ്ങളുടെയും ഭൂമികയാണ് , ഇത്രയധികം വൈവിധ്യമാർന്ന ആഘോഷങ്ങളുള്ള മറ്റൊരു രാജ്യം കണ്ടുകിട്ടുക അസാധ്യമാണ് . സാംസകാരിക,സാമൂഹിക, മതപരമായ ആഘോഷങ്ങളിലുപരി പ്രാദേശികമായ എണ്ണിയാലൊടുങ്ങാത്ത ആഘോഷങ്ങൾ ഇന്ത്യയിൽ എന്നും കൊണ്ടാടുന്നു .
ഇന്ത്യ, മനുഷ്യ ഗോത്രത്തിൻ്റെ കളിത്തൊട്ടിലാണ്,
മനുഷ്യ ഭാഷണത്തിൻ്റെ ജന്മസ്ഥലമാണ് ...
ചരിത്രത്തിൻ്റെ അമ്മയാണ്..
ഇതിഹാസത്തിൻ്റെ മുത്തശ്ശിയാണ് ..
ആചാരങ്ങളുടെ മുതുമുത്തശ്ശിയാണ് ...
-മാർക്ക് ട്വൈൻ
പ്രധാന ആഘോഷവേളകൾ അതിനു പേരുകേട്ട സഥലങ്ങളിൽ പോയി അനുഭവിക്കുക്കാൻ ഞാൻ ഈയിടെയായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പോകുന്നിടത്തെല്ലാം അഭൂതമായ തിരക്കനുഭവപ്പെടുന്നത് ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം പരീക്ഷിക്കാവുന്നതാണ്.
ഹോളിയാഘോഷങ്ങള് ഇന്ത്യയിൽ പേരുകേട്ട സ്ഥലങ്ങളാണ് ഉത്തർപ്രദേശിലെ മതുര-വൃന്ദാവൻ-വാരാണസി,രാജസ്ഥാനിലെ പുഷ്കർ,ബംഗാളിലെ ശാന്തിനികേതൻ ,ഉത്തരാഖണ്ഡിലെ റിഷികേശ്‌ തുടങ്ങിയവ.
ഇന്ത്യയിലെ ഏറ്റവും വർണോജ്വലമായ ആഘോഷങ്ങളിൽ ഒന്നാണ് ഹോളി, കഴിഞ്ഞ തവണ ഹോളിയാഘോഷം നേരിട്ടനുഭവിച്ചത് മതുരയിലായിരുന്നതുകൊണ്ടുതന്നെ ഇത്തവണ ഹോളിയെത്താനായപ്പോൾ ഇരിപ്പുറക്കുന്നില്ല!
ഹോളിയാഘോഷമാകട്ടെ ഉത്തരേന്ത്യയും ഇന്ത്യമുഴുവനും ഇന്ത്യക്കുപുറത്തും ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു.
ഹോളിയെക്കാൾ 'കളർഫുൾ' ആയ മറ്റൊരു ഉത്സവം വേറെയില്ല.
കൊറേക്കാലമായി വാരണാസി കാണണം എന്നാലോചിക്കുന്നു, ഹോളിയാഘോഷങ്ങൾക്കു പേരുകേട്ട സ്ഥലമാണ് വാരാണസി. ആവശ്യത്തിലധികം ആലോചിക്കുന്നതും പ്ലാൻചെയ്യുന്നതും യാത്രക്ക് ചേരുന്നതല്ല എന്നതുകൊണ്ട് കൂടുതൽ ആലോചിച്ചില്ല, യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
യാത്രചെയ്യാനുള്ള ആഗ്രഹം മനസ്സിൽ എരിഞ്ഞു തുടങ്ങിയാൽ പിന്നെ ചെയ്യുന്നതിലെല്ലാം യന്ത്രികമാകും ആ യാത്ര എത്രയും പെട്ടെന്ന് പൂർത്തിയാക്കുക എന്നതാണ് അതിൽനിന്നുള്ള മോചനത്തിനുള്ള വഴി.
ഓരോ അസ്തമയവും ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത ദിവസത്തിൻറെ സാക്ഷ്യപത്രമാണ്.
ദുബായിൽനിന്നുള്ള സ്‌പൈസ്‌ജെറ്റിന്റെ വിമാനം അർധരാത്രി പിന്നിട്ട ന്യൂ ഡൽഹി അന്താരാഷ്ട വിമാനാത്താവളത്തിൽ ലാൻ്റെ ചെയ്തു. അത്യാവശ്യം തിരക്ക് ഡൽഹി വിമാനത്തവാളത്തിൽ എപ്പോഴുമുണ്ടാകും. കണക്ഷൻ ഫ്ലൈറ്റ് ഉപയോഗിക്കുന്നവർ രണ്ടു വിമാനങ്ങൾക്കുമിടയിൽ രണ്ടു മണിക്കൂറിൻ്റെയെങ്കിലും ഇടവേള ഉണ്ടായിരിക്കുക എന്നത് നിങ്ങളുടെ രക്തസമ്മർദ്ദം കൂടാതിരിയ്ക്കാൻ സഹായിക്കും മാത്രമല്ല ഡൽഹിയിൽ പലവിമാനങ്ങളും വെത്യസഥ ടെര്മിനലുകളിൽനിന്നാണ് പുറപ്പെടുന്നത് പ്രത്യകിച്ച് ആഭ്യന്തര സർവ്വീസുകൾ.


എമിഗ്രെഷൻ കൗണ്ടറിലെ നീണ്ടനിരയിൽ അക്ഷമനായി നിന്ന് അവസാനം ഇന്ത്യയിലെത്തിയത് ഔദ്യോദികമായി പാസ്‌പോർട്ടിൽ വരവുവെച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ നിരനിരയായി പ്രദർശിപ്പിച്ചിരിക്കുന്ന വൈൻ കുപ്പികൾക്കിടയിലൂടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അതുവരെ ശ്രദ്ധിക്കാതിരുന്ന കാര്യം അപ്പോഴാണ് എൻറെ ശ്രദ്ധയിൽപെട്ടത്. ഞാനിറങ്ങിയ വിമാനം ടെർമിനൽ മുന്നിലാണ്, വരണാസിയിലേക്കുള്ള വിമാനമാകട്ടെ ടെർമിനൽ ഒന്നിൽനിന്നും. പണികിട്ടി എന്ന് മനസ്സിൽ തോന്നിയെങ്കിലും അടുത്തവിമാനം മൂന്നു മണിക്കൂറ് കഴിഞ്ഞാണ് എന്നത് ആശ്വാസമായി.
പുറത്തിറങ്ങി ഓട്ടോവിളിക്കണോ ഊബറളിയനെ വിളിക്കണോ എന്നാലോചിക്കുമ്പോഴാണ് ടെർമിനൽ ഒന്നിലേക്ക് സൗജന്യ ബസ് സർവ്വീസുള്ളത് കാണാനിടയായത്.
ഒരു തീവണ്ടിക്കുള്ള ആളുകൾ ബസ്‌കാത്തുനില്കുന്നു . എഴുതികാണിച്ചതിലും പതിനഞ്ചുമിനിറ്റ് വൈകി മുക്കാൽ മണിക്കൂർ കഴിഞ്ഞു അദ്ദേഹം ഒരു വരവ് വന്നു. ബസിൽ വലിഞ്ഞുകയറലും ,ജീപ്പിൽ തൂങ്ങിനിൽക്കലും ,ഹീറോ സൈക്കിളിൽ ചാടികയറലും പണ്ടേ പരിചയമുള്ളതുകൊണ്ടു കാര്യമായ പ്രയാസമില്ലാതെ ബസിനിരിപ്പിടത്തിലെത്തി. രണ്ടു ടെര്മിനലുകൾക്കുമിടയിൽ അർധരാത്രി റോഡിൽ തിരക്കില്ലാതിരുന്നിട്ടുപോലും അരമണിക്കൂറെടുത്തു . ഇനിയും ഒരു മണിക്കൂർ കഴിഞ്ഞേ വിമാനം പുറപ്പെടുകയുള്ളൂ. വാഷ്‌റൂമിൽ പോയി ബ്രഷ് ചെയുകയും , മുഖം കഴുകുകയും, അരയിലെ ബെൽറ്റ് ഒരു തുള ഒന്നൂടെ അടുത്തിടുകയും , മുടിയുടെ സ്റ്റയിൽ പോയിട്ടില്ല എന്നുറപ്പുവരുത്തുകയും ചെയ്തു. ഒന്നുറങ്ങാനുള്ള സമയമുണ്ട് പക്ഷെ ഈ ഉറക്കം പ്രശ്നാമാകും എന്നുള്ളതുകൊണ്ട് ആ ഉദ്യമത്തിന് മുതിർന്നില്ല. ഹോളിയായതുകൊണ്ടു തന്നെ ധാരാളവും യാത്രക്കാരുണ്ട്. 


ഡൽഹി ഇന്ദിരാഗാന്ധി വിമാനത്തവളമാകട്ടെ സേവനത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. 63 ദശലക്ഷം യാത്രക്കാരാണ് 2017 ഇത് ഈ വിമാനത്താവളം ഉപയോഗിച്ച് യാത്രചെയ്തത്.
ഡല്ഹിയില്നിന്നും ഒന്നരമണിക്കൂറാണ് വിമാനമാർഗം വാരാണസിയിലെത്താനുള്ള സമയം, തീവണ്ടിയിലാകട്ടെ പതിനാലു മണിക്കൂറെടുക്കും , ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നെല്ലാം വാരാണസിയിലേക്കു തീവണ്ടികൾ ലഭ്യമാണ്.
രാവിലെ എട്ടുമണിയോടുകൂടി ഞാൻ വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിലെത്തി, പുറത്തേക്കുള്ള കവാടം പിന്നിട്ടു നടന്നു നീങ്ങുമ്പോഴേക്ക് ഒത്തിരിപേർ ടാക്സി വേണോ എന്നചോദ്യവുമായി പുറകെകൂടി, 'നഹീ ഭയ്യാ' എന്നിടക്കിടെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങി പാർക്കിങ് ഏരിയയിലെത്തി കുറച്ചുനേരം ചുമ്മാതിരുന്നു. ഇത്തിരി കഴിഞ്ഞു ഒരു ഷെയറിങ് ടാക്സിയിൽ 200 രൂപ കൊടുത്ത് വാരണാസി റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി.
വാരണാസി ഇന്ത്യൻ
ടൂറിസ-തീർതഥാടന ഭൂപടത്തിൽ കാര്യമായ സ്ഥാനം വഹിക്കുന്നുവെങ്കിലും റോഡിൻറെ അവസ്ഥ വളരെ ശോചനീയമാണ് , റെയിൽവേ സ്റ്റെഷൻ പരിസരത്തുനിന്നും നടന്നു നടന്നു ചോയ്ച്ച് ചോയ്ച്ച് ഞാൻ താമസം ബുക്ക്ചെയ്തിട്ടുള്ള സോസ്‌റ്റൽ വാരാണാസിയിലെത്തി. ചെറിയൊരു മയക്കത്തിനുശേഷം , കുളിച്ച് വൃത്തിയായി ഭക്ഷണം കഴിച്ച് വർണാസികാണാനിറങ്ങി.
ഉത്തർപ്രദേശിലെ ഗംഗ നദിക്കരയിലെ വാരാണസി എന്നറിയപ്പെടുന്ന പ്രദേശം ബനാറസ് കാശി എന്നീ പേരുകളിലും അറിയപ്പെടുന്നു. അസി-വരുണ എന്നീ നാമങ്ങളിൽനിന്നാണ് വാരണാസി എന്ന പേരുണ്ടായത്. വരാണസിയും ബോജ്പൂരിയും ഹിന്ദിയും സംസാരിക്കുന്ന ഈ പ്രദേശം ഉത്തർപ്രദേശിലെ 72 ജില്ലകളിൽ ഒന്നാണ് , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്ലമെന്റിലെത്തിച്ച ലോകസഭാമണ്ഡലം കൂടിയാണ് വാരാണസി. 3200 വർഷങ്ങൾക്കുമുമ്പേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന വാരാണസി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി കാണക്കാക്കപെടുന്നു. ഹിന്ദു -ജൈന -ബുദ്ധ മതങ്ങളിലെ പുണ്യനഗരമായ വാരണാസിയിൽ കല്ലുകൾ കൊണ്ട് നിർമ്മിച്ച പുരാതന ക്ഷേത്രങ്ങൾ ഉൾപ്പടെ ആയിരകണക്കിന് ക്ഷേത്രങ്ങൾ ഇന്നും നിലനിലൽക്കുന്നു..
ശിവന്റെ നഗരം എന്നറിയപ്പെടുന്ന കാശിയിലെ പ്രധാന തീർത്ഥാടന കേന്ദ്രം 'കാശിവിശ്വനാഥ' ക്ഷേത്രമാണ്. ഇവിടത്തെ ഏറ്റവും വലിയ ഉത്സവമാണ് മഹാശിവരാത്രി.


കബീറും ,രവിദാസും ,തുളസീദാസും ആചാര്യ ഗൗരിയുമെല്ലാം വാരാണസിയിൽ ജീവിച്ചവരാണ് . മനുസ്മ്രിതി രചിച്ചതും തുളസീദാസ് രാമചരിതമാനസം എഴുതിയതും വാരണാസിയിൽ വെച്ചാണ്.
ചരിത്രപരമായി,ഇന്ത്യയിലെ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ നെടുംതൂണായ വാരണാസി ലോകമെമ്പാടുമുള്ള വിഞ്ജാന കുതുകികളെ ആകർഷിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളിൽ ഒന്നായ ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയിൽ ഇരുപതിനായിരത്തിലധികം വിദ്യാർതിഥികൾ പഠിക്കുന്നു.
"വാരാണസി ചരിത്രത്തേക്കാള്‍ പുരാതനമാണ്...
പാരമ്പര്യത്തേക്കാള്‍ പഴയതാണ്..
പഴങ്കഥയെക്കാൾ പ്രായമുണ്ടതിന്,
ഇതെല്ലാം കൂട്ടിവെച്ചാലും രണ്ടിരട്ടി പഴമ അവകാശപ്പെടാം.''
-മാർക്ക് ട്വൈൻ
ഇന്ത്യയിലെ ഓരോ നഗരത്തിനും ഓരോ നാഗരികതയുടെ കഥകൾ പറയാനുണ്ട്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വലിയ അഭിമാനം 'ഇന്ത്യയിൽ' ജനിച്ചു എന്നതാണ്. ഇന്ത്യയുടെ മാഹാത്മ്യത്തെ കുറിച്ചറിയാൻ ഇന്ത്യയിലുടനീളം യാത്രചെയ്യുകയും ,ഇന്ത്യയ്‌ക്കു പുറത്ത് താമസിക്കുകയും , ഇന്ത്യയിൽ സഞ്ചരിക്കുന്ന വിദേശികളോട് സംസാരിക്കുകയും ചെയ്യുക.
ചെറിയൊരു ഉച്ചയുറക്കത്തിനുശേഷം മൂന്നുമണിയോട്കൂ വാരണാസി കാണാനിറങ്ങി, നാളെ ഹോളിയാണ് തെരുവ് മുഴുവൻ തിരക്കാണ് .നാട്ടുകാർ അവസാന നിമിഷ സാധങ്ങൾ വാങ്ങുന്ന തിരക്കിലാണ്.
സൈക്കിളിൽ അതിവേഗത്തിൽ കുതിച്ചുപായുന്ന കുട്ടികളുടെ മുഖത്ത് പെരുന്നാളിന്റെ പൊൻപിറ കണ്ട സന്തോഷം. കടകളെല്ലാം റോടിലേക്കു തുറന്നുവെച്ച് നല്ലൊരു ഭാഗം കയ്യേറിയിരിക്കുന്നു . ഉച്ചത്തിലുള്ള സംഗീതം എല്ലാ ഷോപ്പുകളിൽനിന്നും മുഴങ്ങികേൾക്കുന്നു. മാലിന്യങ്ങൾകൊണ്ട് റോഡ് എത്രമാത്രം വൃത്തികേടാക്കാൻ പറ്റുമോ അത്രമേൽ വൃത്തികേടാക്കിയിരിക്കുന്നു. തെരുവുകച്ചവടക്കാരും കാല്നടക്കാരും സെക്കിൾറിക്ഷക്കാരും കൈക്കലാക്കിയതിന്റെ ബാക്കി ഭാഗം മൃഗങ്ങളും കയ്യടക്കിയിരിയ്ക്കുന്നു. ഈ പൊടിയും തിരക്കും ചുറ്റുപാടുമെല്ലാം കേരളത്തിൽ നിന്ന് വരുന്ന നമുക്ക് അത്ര രസിക്കുന്ന സംഗതിയല്ലെങ്കിലും ഉത്തരേന്ത്യയിലിതൊക്കെ സർവസാധാരണമാണ്.
റോഡിൽ വിവിധ നിറത്തിലുള്ള ചായങ്ങൾ വിൽക്കുന്നവരും വെള്ളം തൂറ്റിക്കാനുള്ള തോക്കുകൾ വിൽക്കുന്നവരും ധാരാളമുണ്ട്.
റോഡിലൂടെ നടക്കുമ്പോൾ തന്നെ വാരണാസിയിലെ പ്രസിദ്ധമായ തെരുവുഭക്ഷണത്തിന്റെ മണം നാസാരന്ത്രങ്ങളിൽ നൃത്തം വെക്കുന്നു. റോഡിനിരുവശം ഒഴുകുന്ന അഴുക്കുചാലിൻ്റെ വശങ്ങളിൽ ജനങ്ങൾ പാർക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു.
വൃത്തി ആരംഭിക്കേണ്ടത് വെക്തിയിൽനിന്നാണ്, രാജ്യം ജനങ്ങൾക്കെന്തുനൽകി എന്നതിനേക്കാൾ പ്രധാനം നിങ്ങൾ രാജ്യത്തിനെന്തു നൽകി എന്നതാണ് .
അരമണിക്കൂറോളം നടന്നു നടന്നു ഞാൻ ഗംഗാ തീരത്തിനടുത്തെത്തി. സമയം നാല് മണിയാകുന്നുവെങ്കിലും സാമാന്യം ചൂടുണ്ട്, മാർച്ച് ഉത്തരേന്ത്യയിൽ ചൂട് തുടങ്ങുന്ന കാലമാണ്.ഗംഗയോട് അടുക്കുമ്പോഴും തിരക്ക് കൂടുകയും പ്രായമായവരെയും നാട്ടുകാരേക്കാൾ കൂടുതൽ തീർഥാടകരെയും വിദേശികളെയും കാണാൻ കഴിയുന്നു. കുറച്ച് ഉള്ളിലേക്ക് നടന്ന് വിശ്വനാഥ ക്ഷേത്രത്തിനടുത്തെ ദശാശ്വമേദ് ഘട്ടിന്റെ കല്പടവുകളിൽ ഗംഗയിലേക്ക് കണ്ണും നട്ടിരുന്നു.


കിഴക്കൻ ഹിമാലയത്തിലെ , ദേവപ്രയാഗിൽനിന്നും ഉത്ഭവിച്ച് ഇന്ത്യയിലെ പ്രസിദ്ധമായ പല നഗരങ്ങളിലെ രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്ററുകൾ ഒഴുകി ബംഗ്ലദേശും പിന്നിട്ട ഗംഗ ബംഗാൾ ഉൾക്കടലിൽ അലിഞ്ഞുചേരുന്നു ബംഗ്ളാദേശിലെത്തുമ്പോൾ ഗംഗ 'പത്മ' എന്ന പേരിലറിയപ്പെടുന്നു.
ഗംഗാജലത്തിനു ആത്മശുദ്ധീകരണത്തിനും ,പാപ നശീകരണത്തിനും ശക്തിയുണ്ട് എന്ന് ഹിന്ദു ജൈന ബുദ്ധ മത വിശ്വസികൾ വിശ്വസിക്കുന്നു. നദിയുടെ നീളത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ പതിനഞ്ചാമതും ലോകത്തിൽ 39 ആം സ്ഥാനത്തുമാണ് ഗംഗ . ഉത്തരേന്ത്യയിലെ പല നഗരങ്ങളും പുണ്യ നഗരമായി അറിയപ്പെടാനുള്ള കാരണം ഗംഗയുടെ സാന്നിധ്യമാണ്, അതിൽ പ്രധാനമാണ് ഹരിദ്വാറും ഋഷികേശും. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ മലിനമായ നദികളിൽ അഞ്ചാം സ്ഥാനം ഗംഗക്കാണ് എന്നത് ദുഖകരമാണ് .
വാരണാസി നഗരത്തിൽ മരണം പുൽകിയാൽ മോക്ഷം ലഭിക്കുന്നു എന്ന് വിശ്വസിക്കുന്ന വിശ്വസികൾ ഗംഗയുടെ തീരത്ത് മരിക്കാനായി കാത്തിരിക്കുന്നു. ഗംഗയിലൊഴുക്കാനുള്ള പൂക്കൾ വിൽക്കുന്നവരും, തിരിതെളിയിക്കുന്ന മൺചിരാതുകൾ വിൽക്കുന്ന കുട്ടികളും , ധാരാളം വിദേശികളും , ഗംഗയിൽ മുങ്ങിത്താഴ്ന്ന് പാപങ്ങൾ കഴുകി ക്കളയുന്നവരും തോണിയിലൂടെ ഗംഗയിൽ ഒഴുകി നടക്കുന്നവരും , സന്യാസികളും , പൂജാരികളും ,അഘോരികളും, തീർഥാടകരും, പടം പിടിക്കുന്നവരും ,
പട്ടം പറത്തുന്നവരും എൻ്റെ ചുറ്റിലുമുണ്ട് . പൂക്കൾ വിൽക്കുന്ന ഒരു കുട്ടിയുമായി ഇത്തിരിനേരം സംസാരിച്ചു , കളറുകൾ വാങ്ങാൻ പൂക്കൾ വിറ്റു കാശുണ്ടാക്കുകയാണ് അവളുടെ ഉദ്ദേശം ,ലക്‌ഷ്യം സാക്ഷാത്കരിക്കാൻ ഞാനും സഹായിച്ചു.
ചുമ്മാ ഞാനിരിക്കുന്നത് കണ്ടു വെത്യസ്ഥ രജ്യങ്ങളിൽനിന്നു വന്ന മൂന്നു വിദേശികൾ എന്നോട് അവരുടെ ബോട്ടിൽ വരുന്നോ എന്ന് ചോദിച്ചു, ഞാനും കൂടെ കൂടി , സായം സന്ധ്യയിൽ ഞങ്ങൾ ഇന്ത്യയെ കുറിച്ച് കേരളത്തെ കുറിച്ച് , യാത്രകളെ കുറിച്ച് ഒത്തിരി സംസാരിക്കുകയും , ഗംഗയിൽ ഒഴുകിനടക്കുകയും ഒത്തിരി പുഷ്പദീപങ്ങൾ ഒഴുക്കിവിടുകയും ചെയ്തു.
തനിയെ യാത്ര ചെയ്യുന്നതിന്റെ ഏറ്റവും വലിയ സുഖം ഇതാണ് , മതിവരുവോളം ചുമ്മാതിരിക്കാം ,ആരുമായും കൂട്ടുകൂടാം, മനസ്സിൽ മരിക്കാതെ കിടക്കുന്ന പഴയ കൂതറകൾ പുറത്തെടുക്കാം , മനസ്സുമടുക്കുന്നതുവരെ സ്വപ്നങ്ങൾ കാണാം. ഇന്നലെകളിൽ മൺമറഞ്ഞുപോയ ഓർക്കാൻ ഇഷ്ടപെടുന്ന ഓർമകളിലേക്ക് തിരികെപോകാം, നിങ്ങളിലെ 'നിങ്ങളെന്ന' സുഹൃത്തിനെ കണ്ടുമുട്ടാം, ലോകത്തുള്ള ചില സ്ഥലങ്ങൾ തനിയെ മാത്രം പോയികാണേണ്ടതാണ് !
സൂര്യൻ ഇന്നേക്ക് യാത്രചോദിക്കാനുള്ള സമയമാകുന്നു ,ഒരു ലെമൺ ചായയും കുടിച്ച് ഇത്തിരി ദൂരത്തുള്ള അസിഘട്ട് ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി, ഇങ്ങനെയുള്ള 88 ഘട്ടുകൾ കൂടിച്ചേർന്ന് കിടക്കുന്നതാണ് വാരണാസി.
നടക്കാൻ പ്രയാസമുള്ളവർക്ക് ചെറിയ തുകകൊടുത്ത് മിക്ക ഘട്ടുകളിലേക്കും ബോട്ടു സവാരി നടത്താവുന്നതാണ്. ദീപവലിക്കു ശേഷമുള്ള കാർത്തിക നാളിൽ ഇവിടെ ദേവ്-ദിവാലി ആഘോഷിക്കുന്നു .(Dev Diwali ) ദശലക്ഷക്കണക്കിന് മൺചിരാതുകൾ ഈ പടവുകളിൽ തിരിതെളിയിച്ച് വെച്ചിരിക്കുന്ന കാഴ്ച ഗംഗയിലൂടെ തോണിയിൽ ഒഴുകിനടന്നു കാണുന്ന ആസ്വദിക്കുന്ന സന്ദർഭം ജീവിതത്തിലെ അപൂർവ്വം നിമിഷങ്ങളിൽ ഒന്നാണ്.
ശവദാഹത്തിനു പേരുകേട്ട മണികർണിക് ഘട്ടിനടുത്തെത്തി . മാസം വെന്തുരുകുന്ന മണം മൂക്കിലെത്തുന്നത് ആദ്യമാണ്.മുളംതണ്ടിൽ പട്ടിൽപൊതിഞ്ഞു പൂക്കൾ ചാർത്തി മൃദദേഹങ്ങൾ ചുമലിൽ താങ്ങി ഗംഗയിലേക്കെടുക്കുന്നു. ആരുടെ മുഖത്തും ദുഃഖമില്ല , ആരും കരയുന്നില്ല .മോക്ഷം ലഭിക്കാൻ പോകുന്നവരെ കുറിച്ച് അവരെന്തിനു ദുഖിക്കണം . പലരുടെയും ജീവിതത്തിലെ അവസാന ആവശ്യമാണ് ഗംഗാതീരത്തെ നിമഞ്ജനം.
വിറകും പട്ടും നെയ്യും ചന്ദനവും വിൽക്കുന്നതിനിടയിലൂടെ മരണമടഞ്ഞ മൃദദേഹങ്ങൾക്കു ആത്മാശാന്തി നേർന്നുകൊണ്ട് ഞാൻ നടന്നുകൊണ്ടിരുന്നു .അസി ഘട്ടുവരെ നടന്നു ഇത്തിരിനേരം കൊതുകുകടിയും കൊണ്ട് ചുമ്മാതിരുന്നു അവസാനം യാത്ര തുടങ്ങിയ സ്ഥലത്തുതന്നെ തിരികെയെത്തി.
ഗംഗ ആരതി തുടങ്ങനുള്ള സമയമായി , പൂജാരികൾ കർമ്മങ്ങൾ ആരംഭിക്കാൻ തുടങ്ങി , ചുറ്റുപാടും ഭക്തിസാന്ദ്രമായി , കൈകൾ കൂപ്പിത്തുടങ്ങുകയും അന്തരീക്ഷം മുഴുവൻ പുകകൾ പരക്കുകയും തുടങ്ങി. ഋഷികേശിലും ഹരിദ്വാറിലും മുൻപേ പോയിട്ടുള്ളതുകൊണ്ട് പലകാഴ്ചകളും എനിക്ക് മുൻപേ കണ്ടതായിരുന്നു എന്നാലും ആൾക്കൂട്ടത്തിനിടയിൽ ചുറ്റും സസൂക്ഷമം വീക്ഷിച്ചു ഞാനും കൂടി. ആരതി അവസാനിക്കുന്നതിനു തൊട്ടുമുമ്പേ അവിടെനിന്നിറങ്ങി സോസ്‌റ്റൽ ലക്ഷ്യമാക്കി നടന്നു. മിക്കയിടത്തും ഹോളികകൾ കൂട്ടിയിട്ടിരിക്കുന്നു ,വഴിയിൽ നടക്കാൻ മാത്രം സ്ഥലമില്ല , എങ്ങും സംഗീതമയം .


വരുന്ന വഴിയിൽ ഒരു വെളുത്ത വിലകുറഞ്ഞ പോളോ ഷർട്ടും ചെരിപ്പും വാങ്ങി , വീട്ടിൽനിന്നു വരുമ്പോൾ ഉപേക്ഷിക്കാനായ ഒരു പാന്റും ബാഗിൽ കരുതിയിരുന്നു , ഇതെല്ലാം കഴിഞ്ഞ ഹോളിക്ക്‌ പോയപ്പോൾ ഇട്ട പാന്റും ഷർട്ടും ഷൂവും ഉപേക്ഷിക്കേണ്ടിവന്ന അനുഭവത്തിൽനിന്നും ഉണ്ടായ ബോധമാണ് .
രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത് ഹോളിക ദഹനമുള്ളതറിഞ്ഞത്, ഹോളിക ദഹനത്തോടുകൂടിയാണ് ഹോളിയാഘോഷം തുടങ്ങുന്നത് . ഹോളിക കൂട്ടിയിട്ടു കത്തിക്കുന്ന തീകൂമ്പാരത്തിനു മുൻപിൽ മതപരമായ പ്രാർത്ഥനകളും ചടങ്ങുകളും നടത്തുന്നു . ഹോളികയെ പോലെ നമ്മുടെ ഉള്ളിലുള്ള തിന്മകളും പൈശാചിക പ്രവണതകളും എരിഞ്ഞൊടുങ്ങുമെന്നാണ് വിശാസം.
ഞങ്ങൾ താമസിക്കുന്നതിന്റെ തൊട്ടടുത്തതായതുകൊണ്ടു തന്നെ ഞങ്ങളെല്ലാവരും ഇതുകാണാനായി പോയി.
നാളെ രംഗോളി ഹോളിയാണ് , നിറങ്ങളുടെ ഉത്സവം . പൂര ത്തിലെ സാമ്പിൾ വെടികെട്ടുപോലെ ആളുകൾ പരസ്പരം ഇപ്പോൾ തന്നെ നിറങ്ങൾ പൂശാൻ തുടങ്ങി. ഇതൊക്കെ ആഗ്രഹിച്ചു പ്രതീക്ഷിച്ചാണ് ഹോസ്റ്റലിലുള്ള മുഴുവൻ ആളുകളും വന്നതുകൊണ്ട് ഞങ്ങളിതു നന്നായി ആസ്വദിച്ചു .
തിരികെ ഹോസ്റ്റലിൽവന്നു മൊബൈൽ ചാർജ്ജിനിട്ട് ഇരിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽനിന്നും വന്ന അഭിനന്ദനെയും , കൽക്കട്ടയിൽ നിന്നും വന്ന കസൗനിയെയും മദ്യപ്രദേശിൽ നിന്ന് വന്ന തുഹീനയെയും പരിചയപ്പെടുന്നത് . ഇവരെല്ലാം ഇന്ത്യയിൽ മിക്ക സ്ഥലത്തും യാത്രചെയ്തവരാണ് , ഹോസ്റ്റലിൽ താമസിക്കുന്നതിന്റെ ഏറ്റവും നല്ല വശമാണ് ഈ പരിചയപെടലുകളും അനുഭവങ്ങളുടെ പങ്കുവെക്കലുകളും . ഓരോരുത്തരുടെ അനുഭവങ്ങളും വെത്യസ്ഥമാണ് നാം കണ്ടതല്ല കാണുന്നതല്ല മറ്റൊരാൾ കാണുക, തനിയെ യാത്ര ചെയുക എന്നതിനർത്ഥം നിങ്ങളെപ്പോഴും ഒറ്റക്കായിരിക്കും എന്നതല്ല.
ചുറ്റും ആഘോഷങ്ങളും അര്മാദങ്ങളും തുടങ്ങിയിരിക്കുന്നു ഗസലും ചുരുട്ടും ബീഡിയും ചായയും ചുറ്റിലുമുണ്ട് , ഈ രാത്രി അവസാനിക്കാതിരിക്കട്ടെ എന്ന് മനസ്സ് പറയുന്നു.
മദ്ദളത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് രാവിലെ ഞാനുണർന്നത് , ഹോസ്റ്റലിന്റെ മട്ടുപ്പാവിൽ ആഘോഷം തുടങ്ങിയിരിക്കുന്നു , പെട്ടെന്ന് തന്നെ ഫ്രഷ് ആയി നേരത്തെ എടുത്തുവെച്ച വസ്ത്രമണിഞ്ഞു മുകളിലെത്തി , ഭക്ഷണം കഴിച്ച് എല്ലാവരും ഗ്രൂപ്പായി ഗംഗാ തീരത്തേക്കാണ് പോകുന്നത് . ഹോസ്റ്റലിന്റെ കവാടത്തിനു പുറത്തെത്തിയ ഞങ്ങളെ വരവേറ്റത് കളർ വെള്ളം തോക്കിന് കുഴലിലൂടെ തൂറ്റിക്കുന്ന ചെറിയ കുട്ടികളെയാണ് , സന്തോഷത്തോടെ അതെല്ലാം ഏറ്റുവാങ്ങി ഞങ്ങളെല്ലവരും തെരുവിലൂടെ ഗംഗയെ ലക്ഷ്യമാക്കി നടന്നു നീങ്ങി . കെട്ടിടത്തിന്റെ മുകളിൽനിന്നും സ്ത്രീകൾ കളർ വെള്ളം കോരിയൊഴിക്കുന്നു , കുട്ടികൾ ബലൂണുകളിൽ വെള്ളം നിറച്ച് ഉന്നംപിടിച്ചെറിയുന്നു, മുതിർന്നവർ തലയിലും കവിളിലും ചായം പൂശുന്നു , ഓരോ അമ്പതു മീറ്ററിലും ഇതു തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു . എല്ലാവരും യാതൊരു എതിർപ്പുമില്ലാതെ ഇതെല്ലം ഏറ്റുവാങ്ങുന്നു , ഞങ്ങളുടെ കൂട്ടത്തിൽ ഏറിയ പങ്കും വിദേശികളായതിനാൽ നാട്ടുകാർ കാര്യമായ സ്വീകരണം ഞങ്ങൾക്ക് നൽകുന്നുണ്ട്. ഗംഗാ തീരത്ത് ഇങ്ങനെ നടന്നെത്തിയ വിവിധ ഗ്രൂപ്പുകൾ സംഗമിച്ചു ,വിദേശികളെല്ലാം വെളുത്ത കുർത്ത ധരിച്ചിരിക്കുന്നു, കിട്ടുന്ന കളർ പൂശലുകൾക്കു നന്നായി തന്നെ തിരിച്ചുകൊടുക്കുന്നുണ്ട്.
ഞങ്ങളെല്ലാവരും ഒരു തോണി വാടകക്കെടുത്ത് ഗംഗയുടെ എതിർ വശത്തെത്തി , ഇവിടെ മാലിന്യത്തിന്റെ തോതുകുറവായ കൊണ്ടു തന്നെ ഗംഗയിൽ മുങ്ങിതാഴാനുള്ളവർ ഇവിടെയെത്തുന്നു. ഈ ഭാഗത്തുനിന്നും നോക്കുമ്പോഴാണ് ഘട്ടുകളുടെ സൗന്ദര്യം ആഴത്തിൽ മനസ്സിൽ പതിയുക , അഭിയും കസൗനിയും തുഹീനയും ഗംഗയിൽ സ്നാനം ചെയ്തു , ഞാൻ അവരുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ അവർക്കുവേണ്ടി പകർത്തി , അവിടെയുണ്ടായിരുന്ന ചായക്കടയിൽ നിന്നും ചായയും ചൂടുള്ള വടയും കഴിച്ച് മതിവരുവോളം ഫോട്ടോകളെങ്ങെത്തും ഗംഗയുടെ സൗന്ദര്യത്തിൽ മുങ്ങിത്താഴ്ന്നും വന്ന തോണിയിലൂടെ തന്നെ തിരികെയെത്തി. ഗംഗയെ എല്ലാവരും വളരെ പുണ്യമായി കാണുന്നതുകൊണ്ടു തന്നെ വലിച്ചുതീർന്ന സിഗരറ്റിൻ കുറ്റികൾപോലും ആളുകൾ അവിടെ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവന്നു. തിരികെ വിവിധ കെട്ടിടങ്ങുളുടെ ഇടവഴികളിലൂടെ വാരണാസി ലിസിയും കുടിച്ച് ഉച്ചയോടെ തിരിച്ചെത്തി, നല്ല ക്ഷീണം ഉള്ളതുകൊണ്ട് തന്നെ നല്ലൊരു ഉറക്കം പാസാക്കി.


രാത്രി തുടങ്ങിയപ്പോൾ വാരണാസിയിലെ തെരുവ് ഭക്ഷണം കഴിക്കാനായി ഞങ്ങൾ പുറപ്പെട്ടു.
വാരണാസിയിലെ തെരുവ് ഭക്ഷണത്തിൻറെ രുചി പ്രസിദ്ധമാണ് , രുചിക്കാനുള്ള വിഭവങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട് തുഹീനയുടെ കയ്യിൽ , അതിൽ പ്രധാനമാണ് pizzeriyayile പിറ്റ്സയും ദീന ചൗക്കിലെ ടൊമാറ്റോ ചാട്ടും . തെരുവിൽ നിന്നും ഭക്ഷണം കഴിക്കുന്ന ശീലമില്ലാത്ത ഞാൻ ഇവരുടെ കൂടെകൂടി കണ്ണില്കണ്ട എല്ലാ കടയിൽനിന്നും കിട്ടുന്നവിഭവമെല്ലാം രുചിച്ചറിഞ്ഞു,ഓരോ വിഭവത്തിന്റെ രുചിയും വ്യത്യസ്തവും പറഞ്ഞറിയിക്കാൻ കഴിയാത്തതുമാണ് , ഈ നല്ല യാത്രക്കാരുമായി ഞാൻ പരിചയപെട്ടില്ലായിരുന്നുവെങ്കിൽ എനിക്കിത് രുചിക്കാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല. കണ്ടുമുട്ടിയവരെല്ലാം സംസാരപ്രിയരും , മനസ്സ് തുറന്നു സംസാരിക്കുന്നവരും , ഒരു പാത്രത്തിൽനിന്നു ഒരു സ്പൂണുമായി പരസ്പരം കഴിക്കാൻ മടിയില്ലാത്തവരുമാണ്. എത്ര കഴിച്ചാലും അവസാനം കാശുകൊടുക്കാൻ നേരത്ത് സംഖ്യ മൂന്നക്കത്തിൽ എത്തുന്നില്ല എന്നത് പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യമാണ് . വിഭവങ്ങളുടെ ഫോട്ടോകൾ കൂടെ ചേർത്തിട്ടുണ്ട് . ദീർഘമായ ഭക്ഷണ നടത്തത്തിനുശേഷം ഗംഗയുടെ രാത്രികാഴ്ചകളിലൂടെ നടന്നുനീങ്ങി.
നാളെയുള്ള സഞ്ചാരം സാരാനാഥിലേക്കാണ് , വരണാസിയിൽനിന്നും പത്തുകിലോമീറ്റർ അകലത്തിലുള്ള സാരാനാഥിലെത്താൻ ഓട്ടോയിൽ അരമണിക്കൂർ എടുക്കും.
തുഹീന സാരാനാഥിൽ മുൻപ് പോയിരുന്നതുകൊണ്ടു ഞങ്ങളുടെ കൂടെ കൂടിയില്ല , ഹോളി ഇന്നലെ ആയിരുന്നുവെങ്കിലും മിക്ക ഷോപ്പുകളും ഇന്നും തുറന്നിട്ടില്ല. നഗരം പൊതുവെ തിരക്ക് കുറവാണ് .
സാരാനാഥിലേക്കെത്തും തോറൂം വൃത്തികൂടിവന്നു ചുറ്റുപാടുകൾക്ക് .
ബുദ്ധമത വിശാസികളുടെയും ജൈന മത വിശാസികളുടെയും തീർഥാടന കേന്ദ്രമാണ് സാരനാഥ്. BC രണ്ടാം നൂറ്റാണ്ടു മുതലുള്ള ബുദ്ധ പ്രതിമകളും , സ്തൂപങ്ങളും ,സ്മാരകങ്ങളും, ചരിത്ര ശേഷിപ്പുകളും സാരനാഥിൽ ഉടനീളം കാണപ്പെടുന്നു . ബുദ്ധമത അനുയായികളുടെയും ചരിത്രകാരന്മാരുടെയും സ്വപ്നഭൂമിയായ സാരനാഥ്‌ ലോകമെമ്പാടുമുള്ള വിശാസികളെ ആകർഷിക്കുന്നു. ബോധഗയയിൽ വെച്ച് ബുദ്ധന് ജ്ഞാനമാര്ഗം കൈവന്നതിനുശേഷം അദ്ദേഹം ആദ്യമായി സന്ദർശിച്ച സ്ഥലം സാരനാഥ് ആയിരുന്നെത്രെ. . പവിത്രമായതെന്ന് ബുദ്ധൻ നിർദേശിച്ച നാല് സ്ഥലങ്ങളിൽ ഒന്നാണ് സാരാനാഥ്‌.
വാരണാസിയിൽനിന്നും സാർനാഥിലേക്കു വരുമ്പോൾ ആദ്യം കണ്ണില്പെടുന്നതാണ് ചൗഖണ്ഡി സ്ടതൂപം ,
ശ്രീബുദ്ധൻ തന്റെ ശിഷ്യന്മാരുമായി സംവദിച്ചിരുന്ന സ്ഥലമായാണു ഇവിടം കരുതിപ്പോരുന്നത്. അഷ്ടമുഖമാതൃകയിലാണു ഈ സ്തൂപം നിർമ്മിച്ചിരിക്കുന്നത് AD നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയിലാണ് സ്തൂപം ഒന്ന് ചുറ്റിനടന്നു കണ്ട ഞങ്ങൾ അടുത്ത തായ് ബുദ്ധ വിഹാറിലെ ബുദ്ധ പ്രതിമ കാണാനായ് പുറപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമയാണ് സാരാനാഥിലെ തായ് ക്ഷേത്ര പരിസരത്തെ ബുദ്ധ പ്രതിമ എൺപത് അടി ഉയരത്തിൽ നിലനിൽക്കുന്ന ഈ പ്രതിമ മനോഹരമായ കലാസൃഷ്ടിയാണ് , രണ്ടര കോടി രൂപയിലധികം ചിലവഴിച്ച് വർഷങ്ങൾ എടുത്താണ് ഇത് നിർമിച്ചത്. രണ്ടായിരത്തി പതിനൊന്നിൽ പഴയ തായ് പ്രധാനമന്ത്രിയാണ് ഇത് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത് .
ഇതിനടുത്തായാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള മ്യൂസിയം , അമൂല്യമായ ചരിത്ര ശേഷിപ്പുകളുടെ വിലമതിക്കാനാകാത്ത ശേഖരമുള്ളതുകൊണ്ടു തന്നെ പഴുതടച്ച സുരക്ഷാക്രമീകരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്, കയ്യിൽ ബാഗോ മൊബൈൽ ഫോണോ മറ്റൊന്നും കൂടെകൂട്ടാനാകില്ല .
ഇവിടേക്ക് പ്രേവേശിക്കാൻ ഇന്ത്യക്കാർക്ക് പതിനഞ്ച് രൂപയാണ് ചാർജ്ജ്. വിശാലമായ മ്യൂസിയത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ആദ്യം തന്നെ നാം അശോക ചക്രം യാഥാർത്ത രൂപത്തിൽ സംരക്ഷിച്ചിരിക്കുന്നത് കാണും എന്നാൽ ഇത് ഏകദേശം ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. . ബി.സി. മൂന്നാം നൂറ്റാണ്ട് മുതൽ ഏ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള വിവിധ പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശനത്തിനായി വച്ചിട്ടുണ്ട്. സ്തൂപങ്ങൾ, അലങ്കാര വസ്തുക്കൾ , ലോഹ ഉപകരണങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, ബുദ്ധപ്രതിമകൾ തുടങ്ങിയവ ഇവിടെ മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു . ഇതെല്ലാം നോക്കിക്കാണുന്ന ബുദ്ധമത വിശ്വാസികൾ വളരെ ഭവ്യതയോടും ബഹുമാനത്തോടും കൈക്കൂപ്പി നടന്നു പോകുന്നു. ബുദ്ധമതത്തെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു പ്രദേശമാണ് സാരാനാഥ് .
കഴ്ചകളെലാം കണ്ടിറങ്ങിയ ഞങ്ങളെ ഗൈഡ് സിൽക്കിൽ സാരിയുണ്ടാക്കുന്ന ഒരു ഷോപ്പിലേക്ക് കൊണ്ടുപോയി. ബനാറസ് സിൽക്കിന്റെ പ്രോൽസാഹിപ്പിക്കാൻ ഇന്ത്യൻ ഗവൺമെൻറ് നികുതി ഒഴിവാക്കിയും സബ്‌സിഡി കൊടുത്തും ഈ വ്യവസായത്തെ സംരക്ഷിച്ചുപോരുന്നു . സിൽക്കിൽ ഒരാൾ സാരി ചെയ്തുകൊണ്ടിരിക്കുന്നു, കൈകൊണ്ടു സാവധാനം നനുത്ത സിൽക്കിന്റെ കോർത്തുവെച്ച് ചിത്ര പണികൾ ആലേഖനം ചെയ്തു സാരി നെയ്തെടുക്കുന്നത് കണ്ണെടുക്കാതെ നോക്കിനിന്നുപോകും .
പ്രിയതമക്ക് രണ്ടു സാരി വാങ്ങി, ഏറ്റവും നല്ലതു തിരഞ്ഞെടുക്കാൻ കൊസാനി എന്നെ സഹായിച്ചു . സ്നേഹം മനസ്സിൽ മാത്രമല്ല ഇടക്ക് സാരിയായി കൈമാറ്റം ചെയ്യുന്നത് നല്ല ദാമ്പത്യത്തിനു സഹായകരമാണ് .
"പ്രിയേ ! നിനക്ക് സാരി വാങ്ങാനായാണു ഞാൻ സാരാനാഥിൽപോയത് "എന്ന് ഇടക്കിടെ ഓര്മിപ്പിച്ചുകൊണ്ടിരിക്കാം..
ശേഷം ഡീർ -പാർക്കും ചുറ്റിക്കണ്ടു ഉച്ചഭക്ഷണത്തിനുശേഷം ഞാൻ അഭിനന്ദിനോടും കൊസാനിയോടും യാത്ര പറഞ്ഞു സാരാനാഥിലെ ചില പ്രദേശങ്ങളിലൂടെ എയർപോർട്ട് ലക്ഷ്യമാക്കി യാത്ര ചെയ്തു.
കിട്ടിയ ഇടവേളയിൽ , ഹോളി വീണ്ടും അനുഭവിക്കാനുള്ള , ഒത്തിരി കാലമായി കാത്തിരിക്കുന്ന വാരണാസി സന്ദർശിക്കാനുള്ള ആഗ്രഹം കൊണ്ട് പെട്ടെന്ന് വന്നതാണ് , വാരാണസി ഒത്തിരി ദിവസങ്ങൾ എടുത്ത് കാണാനും പഠിയ്ക്കാനുമുള്ളതാണ്.
ചില ദിവസങ്ങളിൽ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വാരണാസിയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് സർവ്വീസ് നടത്തുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം എത്ര മാത്രം മനോഹരമാണ് എന്നത് ഈ വിമാനത്താവളം എന്നെ ഓർമപ്പെടുത്തുന്നു, എക്സ്പ്രസ്സിന്റെ കിളിവാതിലിലൂടെ ഗംഗയെ സാക്ഷിയാക്കി, കളിമൺ ഫാക്ടറികൾക്കു മുകളിലൂടെ , കൃഷിയിടങ്ങളുടെ മനോഹരമായ പച്ചപ്പും ആസ്വദിച്ച് നാളികേരത്തിന്റ്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്നും മനസ്സിൽ ആശ്വസിച്ചു പറന്നകന്നു.
ശുഭം.


തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിലേക്ക് ഒരു യാത്ര ...


By: Bala Subrahmanyam
Travel Desk - Travel Around the World
അന്തം വിട്ട് കുന്തം വിഴുങ്ങിയ അവസ്ഥയിൽ അമരേന്ദ്ര വിജ്രംഭിതനായി ഈ അടുത്ത കാലത്ത് എവിടെയെങ്കിലും നിന്നിട്ടുണ്ടെങ്കിൽ അത് തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം അഥവാ പെരിയ കോവിലിന് മുന്നിൽ ചെന്ന് പെട്ടപ്പോഴാണ്.
രാത്രി പന്ത്രണ്ട് മണിക്കാണ് തഞ്ചാവൂരിൽ ട്രയിനിൽ എത്തിയത്. കുറച്ച് നേരം വിജനമായ പ്ളാറ്റ്ഫോമിലൂടെ വെറുതെ നടന്നു. പിന്നെ വെയിറ്റിങ് റൂമിൽ കയറി അഞ്ച് മണിവരെ ഉറങ്ങി. കുളീം നനേം അവിടെ നിന്ന് തന്നെ ഒപ്പിച്ചു. പ്ലാറ്റ്ഫോമിൽ തന്നെ ഒരു കോഫീ ഷോപ് ഉണ്ട്. അവിടെ നിന്ന് കുംഭകോണം സ്‌പെഷ്യൽ ഫിൽറ്റർ കോഫീ കിട്ടും. അത്യാവശ്യം കിടു സാധനം. ഒന്ന് കഴിഞ്ഞ ഉടനെ ഒന്നൂടി മേടിച്ചു, പിന്നെ അതും കുടിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒരു പൂക്കടയിൽ കയറി വഴി ചോദിച്ച്‌, നേരെ നടന്നു. ആറ് മണിക്കാണ് ക്ഷേത്രം തുറക്കുന്നത്, അപ്പോഴേക്കും അവിടെ എത്തി. പ്രഭാത ശിവ കീർത്തനം പശ്ചാത്തലത്തിൽ ഒഴുകുന്ന ബൃഹദേശ്വര ക്ഷേത്രത്തിനകത്തൂടെ ചുമ്മാ നടക്കുന്നത് തന്നെ വേറെ ഒരു ഫീലാണ്.


1000 വർങ്ങൾക്ക് മുൻപ് രാജ രാജ ചോളന്റെ കാലഘട്ടത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം ഉയരുന്നത്. തമിഴ്, സംഘ കാല വാസ്തുകലയുടെ മകുടോദാഹരണമായ ഈ ക്ഷേത്രസമുച്ചയം യുനെസ്കോയുടെ ലോക പൈതൃക ഭൂപടത്തിൽ സ്ഥാനമുള്ളതും ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നുമാണ്. പെരിയ കോവിലിലെ ഓരോ ശിലക്കും ഓരോ കഥകൾ പറയാനുണ്ട്. കൽത്തൂണുകളിൽ, മേൽക്കൂരകളിൽ, ഭിത്തികളിൽ എല്ലാം സംഘ തമിഴിൽ രാജ രാജ ചോളന്റെ വീരകഥകളും, തമിഴ് സംസ്കാരവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മുഴുവനായും ഗ്രാനൈറ്റിൽ തീർത്ത ക്ഷേത്രഗോപുരത്തിന്റെ മുകളിലോട്ട് നോക്കുംന്തോറും അമ്പരപ്പിനാൽ വാ പൊളിഞ്ഞു വരുന്നത് നല്ലൊരു അനുഭവമായി തന്നെ തോന്നും. 80 ടണ്ണിൽ കൂടുതൽ ഭാരമുണ്ടെന്നു അനുമാനിക്കുന്ന ഗ്രാനൈറ്റ് കല്ലുകൾ എങ്ങനെ 220 അടിയോളം ഉയരമുള്ള ക്ഷേത്രഗോപുരത്തിന്റെ മുകളിൽ സാങ്കേതിക വിദ്യ ഇന്നത്തെ പോലെ വികാസം പ്രാപിക്കാത്ത ആ കാലത്ത് എത്തിച്ചു എന്നത് ഇന്നും ഒരു അദ്‌ഭുതമാണ്. കാഠിന്യമേറിയ ഗ്രാനൈറ്റ് ശിലകൾ എങ്ങനെ ക്ഷേത്ര പരിസരത്ത് എത്തിച്ചു എന്നതും, അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ അത് പല രൂപങ്ങളായി കൊത്തിയെടുത്തു എന്നത് അതിലേറെ അതിശയകരമാണ്.


ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലുമെടുക്കും എല്ലാമൊന്ന് ചുറ്റിക്കാണാൻ. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. ചുറ്റുമതിലും, ചില ക്ഷേത്ര വാതിലുകളും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തങ്ങൾ രാജ രാജ ചോളന്റെ ശേഷം വന്ന രാജാക്കന്മാർ ചെയ്തതാണ്. ഏഴ് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ബൃഹദേശ്വരക്ഷേതത്തിന്റെ പ്രധാന ശില്പിയുടെ പേര് കുഞ്ചാര മല്ലൻ രാജ രാജ രാമ പെരുന്തച്ചൻ എന്നാണ് എന്ന് ചരിത്രരേഖകൾ പറയുന്നു. ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളുടെ വിവരണവും, ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചതുമെല്ലാം ഭിത്തികളിൽ കൊത്തിവെച്ച വിവരണങ്ങളിൽ ഉണ്ട്. ഗോപുരത്തിന്റ മുകളിലേക്ക് കല്ല് കയറ്റുന്നതിനിടെ ഒരാൾ ദാരുണമായി മരിക്കുന്നതും, ദുഃഖിതനായ രാജാവ് കരയുന്നതും നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് കാവേരി തീരത്ത് കൃഷി സ്ഥലം നൽകിയതും, കടുംബാഗങ്ങൾക്ക് കൊട്ടാരത്തിൽ ജോലി കൊടുക്കുന്നതും, കൂടാതെ ഏഴ് തലമുറയ്ക്ക് നികുതി ഒഴിവാക്കി കൊടുക്കുന്നതുമെല്ലാം ശിലകളിൽ കൊത്തിവെച്ചിരിക്കുന്നു.


പെരിയ കോവിലിന് ഉള്ളിൽ നിന്ന് സൂര്യോദയം കാണുന്നത് നല്ലൊരു അനുഭവമാണെങ്കിലും വെയിലിന്റെ നിഴൽ വീഴാത്ത ക്ഷേത്രം എന്ന പ്രചുരപ്രചാരമായ വിശേഷണം വെറുമൊരു അർബൻ മിത്താണ്‌ എന്ന് മനസ്സിലായി. ഇങ്ങോട്ട് വരുന്നതിന് മുന്നേ പലരും നിഴൽ കാണില്ല എന്നൊക്കെ പറഞ്ഞിരുന്നു എങ്കിലും ചില സ്തൂഭങ്ങളുടെ നിഴൽ ഒക്കെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. പ്രായമായ ചിലരോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അവരിൽ ഒരാൾ പറഞ്ഞ വിശദീകരണം ശരിയായിരിക്കാം എന്ന്‌ തോന്നുന്നു. ക്ഷേത്ര നിർമ്മാണം കഴിഞ്ഞതിന് ശേഷം രാജ രാജ ചോളൻ നേരത്തെ സൂചിപ്പിച്ച ശില്പിയോട് " ഈ ക്ഷേത്രം എന്നെങ്കിലും താഴെ വീണ് നിലം പൊത്തുമോ" എന്ന് ചോദിച്ചതായും മറുപടിയായി ശില്പി" ഈ ക്ഷേത്രമല്ല ഇതിന്റെ നിഴൽ കൂടി താഴെ വീഴില്ല" എന്ന് ഒന്ന് "മസ്സാക്കി" പറഞ്ഞു. മ്മടെ അല്ലേ നാട്ടുകാർ.?? അവർ അതിനെ നിഴൽ വീഴാത്ത ക്ഷേത്രം എന്നാക്കി പറഞ്ഞു. കണ്ടവരും കേട്ടവരും പറഞ്ഞു പറഞ്ഞു ഒരു സംഭവമാക്കി. ഇതാണ് നിഴൽ വീഴാത്ത ക്ഷേത്രം എന്ന വിശേഷണത്തിന്റെ പിറകിലുള്ള കഥ.

ചാലക്കുടി - അതിരപ്പിള്ളി- വാല്‍പാറ-ചിന്നാര്‍-മൂന്നാര്‍ എന്ന സ്വപ്നവീഥിയില്‍ ഇനി എന്റെ കാല്പാടുകളും പതിയുകയായി..


വര്‍ഷങ്ങളായി ഉള്ളില്‍ പേറിനടന്ന ഒരു യാത്ര.. അത് അവസാന നിമിഷങ്ങളില്‍ വഴിമാറി പൊയ്ക്കൊണ്ടിരുന്നു.. അതിലേ കടന്നുപോയ സഞ്ചാരികള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞ കഥകള്‍ കേള്‍ക്കെ വേദനിച്ചു..ഒടുവില്‍ ഒരൊറ്റ നിമിഷത്തിന്റെ ചടുലതയില്‍ അത് സംഭവിച്ചു...ചാലക്കുടി - അതിരപ്പിള്ളി- വാല്‍പാറ-ചിന്നാര്‍-മൂന്നാര്‍ എന്ന സ്വപ്നവീഥിയില്‍ ഇനി എന്റെ കാല്പാടുകളും പതിയുകയായി..
ബൈക്കിനോട് അല്പദിവസം യാത്രചൊല്ലി.. കാര്‍ ആണ് ഇത്തവണ നല്ലത്. മഴയും മഞ്ഞും എപ്പോള്‍ വേണമെങ്കിലും നമുക്കുനേരെ നീട്ടുന്ന ഒരാകാശത്തിനുകീഴില്‍ എന്റെ കാമറ മിഴിയടക്കാതെയിരിക്കണമെന്ന്‍ ഒന്നാമത്തെ നിര്‍ബന്ധം.കൂടെ വരുന്നവര്‍ക്ക് സുഖകരമായി ഈ യാത്ര അനുഭവിക്കണമെന്ന രണ്ടാം കാര്യം. ഒരൊറ്റ നിബന്ധന മാത്രം.. സ്ടിയറിംഗ് എനിക്കുമാത്രം..
പുലര്‍ച്ചെ അഞ്ചരക്ക് എറണാകുളത്ത് കാറില്‍ താക്കോല്‍ തിരിഞ്ഞു. കൂട്ടാളികളെ വീട്ടില്‍ പോയി പിടികൂടി..അതിരപ്പിള്ളിയിലേക്ക്...രാവിലെ ആറുമണി മുതലാണ്‌ അതിരപ്പിള്ളിയില്‍ നിന്ന് പ്രവേശനം അനുവദിക്കുക. രാവിലെ മലമുഴക്കികളെ കാണാമെന്നു ആരോ പറഞ്ഞിരുന്നു.ശ്രദ്ധിക്കേണ്ട ഒരുകാര്യം, ചാലക്കുടി കഴിഞ്ഞാല്‍ അതിരപ്പിള്ളിക്കുമുന്പ് ഒരു പെട്രോള്‍ ബങ്ക് ഉണ്ട്. പിന്നെ വാല്പാറയിലേ കിട്ടൂ..ഇന്ധനത്തിന്റെ കാര്യത്തില്‍ ഒരു കടുംപിടിത്തവും എനിക്കില്ല. യാത്ര പോകുമ്പോള്‍ ഉണ്ടാവുകയുമരുത്. ചാലക്കുടിയില്‍ നിന്ന്‍ പെട്രോള്‍ നിറച്ചിരുന്നെങ്കിലും വയര്‍ കാലിയായിരുന്നു.


മലക്കപ്പാറ, വാല്‍പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് അതിരപ്പിള്ളിയില്‍ ഫീസ്‌ കൊടുക്കേണ്ടതില്ല. എന്നാല്‍ വാഴച്ചാലില്‍ ഫോറസ്റ്റ് ചെക്കിംഗ് ഉണ്ട്. അവര്‍ ഒരു നോട്ടീസ് തരും. അത് കളയാതെ മലക്കപ്പാറ ചെക്പോസ്റ്റില്‍ ഏല്‍പിക്കണം.പ്ലാസ്റ്റിക് വഴിയിലെങ്ങും കളയാതെ ശ്രദ്ധിക്കുക.
വാഴച്ചാല്‍ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗത്ത്‌ വണ്ടി നിറുത്തി.കാണുമെന്ന് പറഞ്ഞിടത്ത് ഒരൊറ്റ വേഴാമ്പലും ഇല്ല.
ഇരുവശത്തും ആഹാരശാലകള്‍.. ആമാശയം തെല്ലുറക്കെ എന്തോ പറഞ്ഞു.ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി. നിങ്ങള്‍ക്കുവേണ്ടി പറയാം. വാഴച്ചാല്‍ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കിട്ടാന്‍ കുറെ ദൂരം പോകണം.മലക്കപ്പാറ വരെ... ഞങ്ങള്‍ വലതുവശത്തെ കടയില്‍ കയറി. പുഴമീന്‍ ചെത്തുന്നതെയുള്ളൂ.മീന്‍ വേണ്ടെന്നുവെച്ചു. ഇടിയപ്പവും ബീഫ് വരട്ടിയതും വന്നു. വയര്‍ നിറഞ്ഞപ്പോള്‍ ബീഫ് അത്ര പോര എന്നുതോന്നി..അതായത്, അത്രയും പോര എന്ന്..രണ്ടെണ്ണം പാര്‍സല്‍ വാങ്ങി..രുചി വിലയേക്കാള്‍ വളരെ മേലെയായിരുന്നു..


വാഴച്ചാല്‍ മുതല്‍ കാടിന്റെ തീക്ഷ്ണമായ പ്രണയഭാവം നമ്മിലേക്ക്‌ പടര്‍ന്നുകയറും. വാഴച്ചാല്‍ വരെയാണ് സാധാരണഗതിയില്‍ സഞ്ചാരികള്‍ എത്തുന്നത്‌. പിന്നീടങ്ങോട്ടു ഇരുവശവും ഇടതൂര്ന്നകാട്. ഏദനിലേക്കുള്ള ആശ്ലേഷം പോലെ ഒരു പാലത്തിന്റെ കൈവരികള്‍...ഈറ്റത്തലപ്പുകള്‍ കൌതുകം പൂണ്ട കുട്ടികള്‍ ചെയ്യുമ്പോലെ ഓടുന്ന കാറിനെ കൈനീട്ടി തൊട്ടുകൊണ്ടേയിരിക്കുന്നു.കനക്കുന്ന കാടിനെ രണ്ടായി പകുത്ത് നീളുന്ന മനോഹരമായ പാത.അതിവേഗത വേണ്ട. സൗമ്യമായി ഒഴുകിത്തന്നെ കടന്നുപോകണം.കാടിന്റെ നിര്‍മലമായ ഭാവം അറിഞ്ഞും അതിലലിഞ്ഞും ഞങ്ങള്‍ മുന്നോട്ടുനീങ്ങി.
വഴിക്കിരുപുറവും കുരങ്ങുകളുടെ മേളനം, കാട്ടുകോഴികളുടെ അഭ്യാസമുറകള്‍..ഒരു മരത്തിനുമേലെ തലകുത്തിനിന്ന ഒരു മലയണ്ണാന്‍ കൈകൂപ്പി ഉപചാരം ചൊല്ലി.പേരറിയാ കിളികളുടെ വിളിയൊച്ചകള്‍...കാമറ പലവട്ടം കണ്ണുകള്‍ തുറന്നടച്ചു..കാട് ഒരു പച്ചപ്പന്തല്‍ നാട്ടി വെളിച്ചത്തെ അണച്ചിരിക്കുന്നു..
മറക്കരുതാത്ത ഒരു കാര്യമുണ്ട്. ആവശ്യം വേണ്ട മരുന്നുകള്‍, പ്രഥമശുശ്രൂഷ കിറ്റ്‌, അസിഡിറ്റിക്കുള്ള മരുന്നുകള്‍ എന്നിവയ്ക്കൊപ്പം കാട്ടില്‍ ഡെറ്റോള്‍ അത്യാവശ്യമാണ്..തേരോട്ടം നടത്തുന്ന അട്ടകളെ ഡെറ്റോള്‍ പിടിച്ചുനിര്‍ത്തും..സോക്സില്‍ ഡെറ്റോള്‍ പുരട്ടിയാല്‍ മതി..കാട്ടില്‍ ഇരുന്നും കിടന്നും സെല്ഫിയെടുത്താല്‍ അട്ട ഏതറ്റം വരെയും കയറി ചോരകുടിക്കും..
ദൂരം താണ്ടുന്തോറും ഒരു ജലാശയത്തിന്റെ മനോഹരദൃശ്യം കാണായി. ഷോളയാര്‍ ഡാമിന്റെ വിസ്തൃതമായ ജലപ്പരപ്പിന്റെ അതിരുകള്‍...സഞ്ചാരികള്‍ പലയിടത്തും നിരന്നിരുന്നു പടമെടുക്കുന്നു..ഒരു വളവില്‍വെച്ച് മരതകപ്രാവുകള്‍ പറന്നുമറയുന്നത് കണ്ടു..റോഡരികുകളില്‍ വേലികള്‍ കണ്ടുതുടങ്ങി.റോബസ്റ്റ കാപ്പിചെടികള്‍ കാടിന്റെ വന്യതയില്‍നിന്നു വേറിട്ടുവരുന്നു...ജനവാസത്തിന്റെ ലക്ഷണങ്ങള്‍..മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ വണ്ടി ഒതുക്കിനിര്‍ത്തി.. കാബിനില്ചെന്നു വാഴച്ചാലില്‍ നിന്ന് തന്നയച്ച രസീത് കാണിച്ചു.ചെക്ക്പോസ്റ്റ് കടക്കുമ്പോള്‍ പിന്നില്‍ ഗാര്‍ഡുകള്‍ ആരെയോ വഴക്കുപറയുന്നത് കേട്ടു.ഒരു കാറുകാരന്‍ ഒതുക്കിനിര്‍ത്താതെ കയറ്റിയതിനാണ്..
മലക്കപ്പാറയില്‍ റോഡ്‌ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ശോകമാണ്..ജനവാസം കൂടിയ സ്ഥലങ്ങളില്‍ ശോകം കൂടിക്കൂടിവന്നു..കൊച്ചുവീടുകളും കുറച്ച്‌ ചെറിയ ഹോം സ്റ്റേകളും ആഹാരശാലകളും കാണാം. വളരെ ചെറിയ ഒരു പോയിന്റ്‌ ആണ് മലക്കപ്പാറ.


സ്ഥിരം ചൂളക്കാക്കകളെ കാണും എന്ന് പറഞ്ഞിടത്ത് അവര്‍ ഉണ്ടായിരുന്നു. സഹ്യന്‍റെ മധുരഗീതികള്‍ പാടുന്ന നീലച്ചിറകുള്ള ഗായകര്‍..രൂപം മനോഹരം.. ഗാനം അതിമനോഹരം. ശ്രേയ ഘോഷാലിനെ ഓര്‍മ വന്നു..ചൂളക്കാക്കകളെ കടന്നതും കരിങ്കുരങ്ങുകളുടെ ഒരു സൈന്യം..മരങ്ങളില്‍ വന്യമായ ഉലച്ചിലുകള്‍..കാമറകള്‍ നീണ്ടു.. നല്ല വെളിച്ചം. മലക്കപ്പാറ മുതല്‍ തേയിലത്തോട്ടങ്ങളുടെ താരുണ്യം വടിവൊത്തുകിടക്കുന്നു.മേലെ ഡ്രാക്കുളക്കോട്ട പോലെ കാണുന്ന തേയില ഫാക്ടറിക്കുമേലെ കോടമഞ്ഞ്‌ കരിമ്പടം വലിച്ചിടുന്നുണ്ട്...

മാട്ടുപ്പെട്ടിയിലെ ആനകൾ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗ്ഗം എവിടെ എന്ന് ചോദിച്ചാൽ ഇപ്പോൾ പറയണമെങ്കിൽ അല്പം ആലോചിക്കേണ്ടിവരും, നമ്മുടെ കടന്നുകയറ്റം അത്രക്ക് ഭീകരമാക്കിയിരിക്കുന്നു. കുന്നും മലകളും വനങ്ങളും കയ്യേറി കോൺക്രീറ്റ് സാമ്രാജ്യം സ്ഥാപിച്ച് കേരളം ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ പ്രസിദ്ധമായ നമ്മുടെ മൂന്നാർ. ഓരോ തവണ കാണുമ്പോഴും കോൺക്രീറ്റ് കാടുകൾക്ക്‌ വിസ്താരം ഏറിവരുന്നു. പച്ചപ്പും, തണുപ്പും, കോടയും എവിടേക്കോ പോയി മറഞ്ഞപോലെ ഇങ്ങനെ പോയാൽ തെക്കിന്റെ കാശ്മീർ എന്നതിന് പകരം മറ്റ് പേരുകൾ കണ്ടെത്തേണ്ടി വരും. ഒരു വശത്ത് കടന്ന് കയറ്റങ്ങളും, ചൂഷണങ്ങളും, പിടിച്ചടക്കലും നടക്കുമ്പോഴും മറുഭാഗത്ത് ഭാഗികമായ പ്രതിരോധിക്കലും നടക്കുന്നു.


ഇതിനിടയിൽ എവിടെല്ലാമോ മിച്ചം വന്ന അല്പം പച്ച തുരുത്തുകൾ കണ്ണിനും ഖൽബിനും നൽകുന്നത് സ്വർഗീയ വിരുന്ന് തന്നെയാണ്. അതിൽ എന്നെ ഏറ്റവും ആകർഷിക്കുന്നത് മാട്ടുപ്പെട്ടി ഡാമിലെ നീല ജലാശയത്തിനെ പച്ച പരവതാനി വിരിച്ച് പുണർന്ന് നിലക്കുന്ന ഇൻഡോ-സ്വിസ് ഡയറി ഫാമിലെ പുൽ തകിടിയും, അതിനിടയിൽ നീലാകാശത്തെ മുത്തമിട്ട് നിൽക്കുന്ന യൂക്കാലിപ്‌സ്‌ മരങ്ങളും, മനസ്സിന് കുളിരുള്ള കാഴ്ചകളാണ്‌ സമ്മാനിക്കാറ്. ചില ദിവസങ്ങളിൽ ഇൗ സമ്മാനം ബംബർ ആയി മാറാറുണ്ട് , പച്ച പരവതാനി വിരിച്ച് നിലക്കുന്ന പുൽ പ്രതലത്തിലൂടെ മേഞ്ഞ് നടക്കുന്ന മാട്ടുപ്പെട്ടിയിലെ ആനക്കൂട്ടം ഒരു ഭാഗ്യം നിറഞ്ഞ കൗതുക കാഴ്ച തന്നെയാണ്. എത്ര കണ്ടാലും മതിവരാത്ത, കൊതിതീരാത്ത കാഴ്ചയാണ്......


മഞ്ഞുമലയിൽ ഒറ്റക്ക് ഒരു രാത്രി Tent ൽ കിടക്കാൻ ഒരു പൂതി..............
My Solo Travel Diarys.
എല്ലാ ആഗ്രഹങ്ങളും മനസ്സിൽ അടക്കിപിടിച്ചാണ് ഹിമാലയൻ മലനിരകളുടെ നാടായ ഹിമാച്ചൽ പ്രദേശിലേക്ക് വണ്ടി കയറുന്നത്.
ഹിമാലയൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന പാർവ്വതീ നദിയുടെ തീരങ്ങളിലുള്ള കൽഗ, പുൽഗ, തുൽഗ, Tosh, മലാന എന്നീ ഗ്രാമങ്ങളും ഖീർ ഗംഗയും , കസോളും ഒക്കെ സ്ഥിതി ചെയ്യുന്ന പാർവ്വതീ വാലിയാണ് എന്റെ ലക്ഷ്യം.
ഡൽഹിയിൽ നിന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ നിരാശയുടെ ആദ്യ പത്രം തുറക്കേണ്ടി വന്നു.
ഡൽഹിയിൽ ഒരു food Fest നടക്കുന്നുണ്ടായിരുന്നു. ഡൽഹിയിൽ Sobin ചെട്ടന്റെ ഒപ്പം ആയിരുന്നു. Sobin ചേട്ടനെ ആയാണ് Food fest ന് പോയത്. food എന്നാ പിന്നെ മറ്റെന്തു കാര്യവും മറക്കുന്ന ഒരാളായ ഞാൻ ബസ്സിന്റെ കാര്യവും കുറച്ച് നേരത്തേക്ക് മറന്നു. അതു കൊണ്ട് 6.15 pm ന്റ മണാലി ബസ്സ് അങ്ങ് മിസ്സായി......
എന്നാലും പടച്ചോൻ മ്മളെ അങ്ങനെ അങ്ങ് കൈവിടൂല.........
എനിക്ക് പോക്കേണ്ട സ്ഥലമായ മണികരനിലേക്കുള്ള നേരിട്ടുള്ള ബസ്സ് അതാ നിൽക്കുന്നു. ഒരു സീറ്റ് ഒപ്പിച്ച് ആ വണ്ടിയിൽ കയറി കൂടി.
വലീയ ബാഗും ഒപ്പം Tent ഉം മൈനസ് ഡിഗ്രിയിൽ കിടക്കാവുന്ന കനം കൂടിയ Sleeping ഒക്കെയായ് ബസ്സിൽ കയറിയപ്പോ തന്നെ എല്ലാ യാത്രികരും എന്നെ തുറിച്ച് നോക്കുന്നു. ഏതാ ഈ പ്രാന്തൻ എന്ന നിലയിൽ ആകണം അവർ നോക്കുന്നത്.
ശരിയാ ഹിമാലയം, ഹിമാലയത്തിലെ Trekking, Camping, ഹിമാലയൻ മലനിരകളെ കീറിമുറിച്ചു കൊണ്ടുള്ള യാത്ര എന്നോക്കെ പറഞ്ഞാ ഒരുതരം പ്രാന്ത് തന്നെയാ.
അങ്ങനെ എന്റെ സീറ്റിൽ കയറി ഇരുന്ന് ഹിമാലയവും മഞ്ഞുമലയും ഒക്കെ സ്വപ്നം കണ്ടിരുന്നു.


അതാ എന്റെ ബാക്കിലെ സീറ്റിൽ നിന്ന് 2 പെൺ ശബ്ദം എന്റെ ഉള്ളിലെ കോഴി ഉണർന്നു. അത് അലേലും അങ്ങനെ ആണേലോ ?
ഒപ്പം ഒരു ആൺകുട്ടിയും ഉണ്ട്. ഇംഗ്ലീഷിൽ ആണ് സംസാരം. അതു കൊണ്ട് പിന്നെ മൈഡ് ചെയ്യാൻ പോയില്ല.
അതാ ഒപ്പം ഉള്ള ആൺകുട്ടി ആരോടോ ഫോണിൽ മലയാളത്തിൽ സംസാരിക്കുന്നു. പടച്ചോനെ മലയാളി...........
തിരിഞ്ഞിരുന്ന് ചോദിച്ചു നാട്ടിൽ എവിടെയാന്ന്.
B Tech ന് പഠിക്കുന്നവർ ആണ് അവർ.
അവൻ മറുപടി പറഞ്ഞു. അപ്പോ അതാ അതിലെ ഒരു പെൺകുട്ടി എന്നോട് എവിടെക്കാന്ന്. അങ്ങനെ കൃത്യമായ ലക്ഷ്യം ഇല്ലാത്തതിനാൽ എവിടെക്കാന്ന് പറഞ്ഞില്ല.
അവർ കസോളിലേക്കാണ്.
ഇവൻ ഇത് എവിടെക്കാ ഈ 2 പെൺകൊച്ചുങ്ങളെ കൊണ്ട് ?
എന്റെ ഉള്ളിലെ സദാചാരബോധം ഉണരാൻ അധികം സമയം വേണ്ടി വന്നില്ല.
എന്തായാലും എനിക്ക് ഇപ്പോ എന്താ എന്ന മട്ടിൽ ഞാൻ തിരിഞ്ഞിരുന്നു.
കുറച്ച് നേരത്തിന് ശേഷം നേരത്തേ എന്നോട് സംസാരിച്ച പെൺകുട്ടി എന്നെ വിളിച്ചിട്ട് ചോദിച്ചു.
നിങ്ങൾ വലിക്കാനാണോ പോകുന്നത് എന്ന് ?
എനിക്ക് ഒരു പെൺകുട്ടി ഇങ്ങനെ ചോദിച്ചത് കൊണ്ട് പെട്ടെന്ന് ഒരു മറുപടി പറയാൻ പറ്റിയില്ല. അധം വിട്ട് നോക്കി ഇരുന്നു.
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അവൾ തുടർന്നു.
ഞങ്ങളും അതിനാ പോകുന്നേ....
അതാ ഞാൻ വീണ്ടും ഞെട്ടി....... എന്താപോ പറയാ..................
ക്രീം എവിടെ കിട്ടും അറിയുമോ ? എന്നോക്കെയുള്ള ചോദ്യങ്ങൾ വരിവരിയായ് വന്നു.
എനിക്കറിയില്ല. ആദ്യമായാണ് ഇവിടെക്ക് വരുന്നത് എന്ന് മറുപടി കൊടുത്തു.
പിന്നീട് എന്റെ യാത്രയുടെ ലക്ഷ്യം അവരെ ഞാൻ ബോധ്യപ്പെടുത്തി.


വഴിയെയുള്ള യാത്രയിൽ ബസ്സ് ഇടക്കിടക്ക് നിർത്തുമ്പോൾ അവർ സിഗരറ്റ് വലിക്കാനും ഞാൻ ചായ കുടിക്കാനും പോയി.
ഒരു വട്ടം മാത്രമാണ് അവർ എന്നോട് സിഗരറ്റ് വേണോ എന്ന് ചോദിച്ചത്. വേണ്ട എന്ന മറുപടിയിൽ അവർക്ക് മനസ്സിലായിക്കാണും ഞാൻ വലിക്കില്ല എന്നത്.
എന്നാലും ഈ പഠിക്കുന്ന പെൺകുട്ടികൾ ഒക്കെ ഈ മാരകമായ ലഹരി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് നേരിൽ കാണുമ്പോൾ ഉള്ള വിഷമം എന്നെ വല്ലാതെ വേട്ടയാടി.
അതു കൊണ്ടു തന്നെ യാത്രയേ കുറിച്ചല്ലാതെ അവരുടെ പേരോ നാടോ ഞാൻ ചോദിക്കാൻ പോയില്ല.
ഇന്നത്തേ ജനറേഷന്റെ ജീവിതരീതി വല്ലാതെ മാറിയിരിക്കുന്നു.
അങ്ങനെ കസോളിൽ അവർ എന്നോട് യാത്ര പറഞ്ഞിറങ്ങി ഞാൻ മണികരൻ ലക്ഷ്യമാക്കി യാത്ര തുടർന്നു.
മണികരനിൽ നിന്ന് ഇനിയും യാത്ര ചെയ്യണം എന്റെ ലക്ഷ്യസ്ഥാനമായ കൽഗ ഗ്രാമത്തിലെ ഇസ്മാഈലിന്റെ Gypsy House ൽ എത്താൻ.
മണികരനിൽ നിന്ന് ബർഷണി എന്ന സ്ഥലത്തേക്ക് ബസ്സ് കയറി. ബർഷണി വരെയാണ് വാഹനങ്ങൾ പോകുക അവിടെ നിന്ന് Trek ചെയ്ത് വേണം കൽഗ എന്ന ഗ്രാമത്തിൽ എത്താൻ.


വലീയ ലഗേജും താങ്ങി പിടിച്ച് കൽഗ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു. നല്ല ശാന്തരായ ഗ്രാമീണർ വസിക്കുന്ന സ്വർഗ്ഗഭൂമിയാണ് കൽഗ എന്ന കൊച്ചുഗ്രാമം.
അങ്ങനെ കൽഗയിലെ ഇസ്മാഈലിന്റെ Gypsy House ൽ എത്തി ഫ്രഷ് ആയി അവിടെയുള്ളവരെ പരിജയപ്പെട്ടു.
അതിനിടയിൽ പരിജയപ്പെട്ടെ ഒരാളാണ് മൻസൂർ ഇസ്മാഈലിന്റെ ഫ്രണ്ട് ആണ്. ഉച്ചക്ക് ശേഷം മൻസൂർനെ ആയി ഒരു സാഹസീക Trekking ന് പുറപ്പെട്ടു.
ഒരു മല കുത്തനെ കയറുക അതിന്റെ മുകളിൽ കയറിയാ Full Snow ആണ് എന്ന് പറഞ്ഞപ്പോ ചാടി പുറപ്പെട്ടതാണ്.
ഇത്രയും സാഹസീകമായ Trekking ആദ്യമായാണ് ഞാൻ ചെയ്യുന്നത്. അങ്ങോട്ടെക്ക് കയറി പോയതും ഇങ്ങ് താഴെക്ക് ഇറങ്ങി വന്നതും മുകളിലെ കാഴ്ച്ചയും ഒക്കെ ഒരു സ്വപ്നം പോലെയാണ് എനിക്ക് ഇപ്പോ തോന്നുന്നത്.
Trekking ന്റെ ക്ഷീണത്താൽ വേഗം കിടന്നുറങ്ങി. രാവിലെ എഴന്നേറ്റ ഉടന്നെ തന്നെ ഖീർ ഗംഗ Trekking ലക്ഷ്യമാക്കിയാണ് ഒരുക്കങ്ങൾ തുടങ്ങി.
Bagൽ ആവശ്യ സാധനങ്ങളും ഡ്രസുകളും അത്യാവശ്യ സ്നാക്സും ഒക്കെ ആക്കി Tentഉം Sleeping Bag ഉം ഒക്കെ എടുത്ത് ഇറങ്ങിയപ്പോ അതാ ഇസ്മാഈലിന്റെ അടുത്ത ചോദ്യം.
ഖീർ ഗംഗ പോകുമ്പോ എന്തിനാTent ഉം Sleeping Bag ഉം ഒക്കെ എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടെന്ന്.
നാട്ടീന് ഇതോക്കെ കഷ്ടപ്പെട്ട് തൂക്കി കൊടുന്നിട്ട് ഞാൻ ഇത് കൊണ്ടുപോയി മഞ്ഞുമലയിൽ Tentഅടിച്ച് ഒറ്റക്ക് കിടക്കും അത് എന്റെ ആഗ്രഹമാ എന്ന് പറഞ്ഞ് Trekking ആരംഭിച്ചു.


മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ
ചില ആഗ്രഹങ്ങൾ ഒരു വാശി ആയി തീരുന്നത് ഇങ്ങനെയോക്കെയാണ്.
ഏകദേശം 12 km Trek ഉണ്ട് ഖീർ ഗംഗയിലേക്ക്. കുത്തന്നെ കയറി വേണം മുകളിൽ എത്താൻ. എന്റെ സ്വപ്നങ്ങൾ ചുമലിൽ തൂക്കിയാണ് മല കയറുന്നത്. അൽപം പ്രയാസം ഉണ്ടെങ്കിലും ഉള്ളിൽ സന്തോഷമായിരുന്നു.
അങ്ങ് അകലെ കണ്ടിരുന്ന മഞ്ഞുമല അടുത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന സന്തോഷം.
അവസാനം നടത്തത്തിന്റെ അവസാനമിട്ടത് ഖീർ ഗംഗ Base campൽ എത്തിയപ്പോൾ ആണ്. നിരവധി ക്യാമ്പുകളും ചെറിയ തട്ടുകടകളും നിറഞ്ഞ ഇടം. മഞ്ഞിനാൽ മുടപ്പെട്ടിട്ടുള്ള ഖീർ ഗംഗ ഒരു ചായ കുടിച്ച് ക്ഷീണം അകറ്റി.
ഇനി അടുത്ത പ്ലാൻ Tent അടികൽ ആണ്. ഖീർ ഗംഗയിൽ മുഴുവൻ പ്രൈവറ്റ് ക്യാമ്പ് സൈറ്റുകൾ ആയതിനാൽ എനിക്ക് എന്റെ കൊച്ചു Tent അടിക്കാൻ കുറച്ച് സ്ഥലം പോലും ഇല്ലായിരുന്നു.
അവസാന ശ്രമം എന്ന രീതിയിൽ മലമുകളിലെ മഞ്ഞുമൂടി കിടക്കുന്ന ഭാഗത്ത് മഞ്ഞിനാൽ ചുറ്റപ്പെട്ട് കുറച്ച് ഭാഗം ഉണ്ടായിരുന്നു.
രണ്ടു കൽപിച്ച് അവിടെ എന്റെ Tent ഉയർന്നു.
ബാഗും സാധനങ്ങളും എല്ലാം Tent ൽ വെച്ച് താഴെക്ക് വന്നു ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം നേരത്തേ തന്നെ കഴിച്ച് ഇരുട്ടാകുന്നതിന് മുൻപായി Tent ൽ കയറി Sleeping Bagൽ കയറി ഉറക്കത്തിലായ്.
ഇത്രയും ദൂരം ഈ ഭാരം മുഴുവൻ ചുമന്ന് മുകളിൽ എത്തിയതിന്റെ ക്ഷീണത്താൽ ഉറങ്ങിയതറിഞ്ഞില്ല.
പിന്നെ എപ്പോഴോ നേരം പുലരുന്നതിനോട് അടുത്തായ് ഏകദേശം 3.00 Am ന് മഞ്ഞ് Tent ൽ വന്ന് വീഴുന്ന ശബ്ദം കെട്ടാണ് ഉറക്കത്തിൽ നിന്ന് ഉണരുന്നത്.
-8° വരെ തണുപ്പിൽ കഴിയാവുന്ന SIeeping Bag പോരാ എന്ന് തോന്നുന്ന അത്രയും തണുപ്പ് ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നു. സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നാലും മനസ്സിൽ പറഞ്ഞു എന്നെ കൊണ്ട് ഈ തണുപ്പിനെ അതിജീവിക്കാൻ കഴിയും എന്ന്.
'' ഈ ഒരു നിമിഷം എനിക്ക് കിട്ടിയ അത്മവിശ്വാസം എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയിട്ടില്ല. ''
ശരീരമൊട്ടാകെ ഒരു മരവിപ്പായിരുന്നു.
എങ്ങനെ നേരം വെളുപ്പിച്ചു എന്നത് എനിക്കും പടച്ചവനും മാത്രമേ അറിയൂ.
ഞാൻ ഒറ്റക്കല്ലായിരുന്നു എങ്കിൽ ഇത്രക്കും അത്മവിശ്വാസം എനിക്ക് എന്നിൽ ഉണ്ടാകില്ലായിരുന്നു.
അതു കൊണ്ട് തന്നെയാണ് എന്നെ കൊണ്ട് ഞാൻ ഒറ്റക്ക് യാത്രച്ചെയ്യിപ്പിക്കുന്നത്.
ആദ്യ തട്ടുകട തുറന്നപ്പോൾ തന്നെ ഒരു കട്ടൻ ചായ കുടിച്ചാണ് ശരീരം ഒന്നു ചൂടാക്കിയത്.


പിന്നെ നേരെ Hot water Spring ൽ ( Hot water Naturel pool ) പോയി ഒരു കുളി അങ്ങ് പാസാക്കി.
പ്രകൃതിദത്തമായി മലയിൽ നിന്ന് ചൂടുള്ള വെള്ളം ഒലിച്ച് ഇറങ്ങുന്നത് ഒരു pool പോലെ കെട്ടി നിർത്തിയതിനെയാണ് Hot water Spring എന്ന് പറയുന്നത്.
വേഗം Tent എല്ലാം pack ചെയ്ത് തിരിച്ച് കൽഗയിലെ Gypsy House ലേക്ക്. തിരിച്ച് എത്തിയപ്പോഴേക്കും നല്ല ചോറും കടലക്കറിയും ഒക്കെ റെഡിയായിരുന്നു.
എല്ലാ പ്പെട്ടെന്ന് തന്നെ അകത്താക്കി ഒറ്റ ഉറക്കം ആയിരുന്നു.
അടുത്ത ദിവസം പുൽഗയും, തുൽഗയും, Toshഉം ഒക്കെ കണ്ട് തിരിച്ച് കസോൾവഴി മലാന എന്ന ഗ്രാമത്തിലേക്ക്.
ഒരു ദിവസത്തിൽ മലാനയിലേക്കുള്ള ഏക ബസ്സ് Jari യിൽ നിന്ന് വൈകുന്നേരം 5.00 pm മണിക്കാണ്. ആ ബസ്സിൽ ഒരു Off Road സാഹസീക യാത്ര അനുഭവിച്ച്തന്നെ അറിയണം.
രാത്രി മലാനയിൽ എത്തി മലാന ഗൈറ്റിന് അടുത്തുള്ള രുദ്ര കഫയിൽ തല ചായ്ക്കാൻ ഒരു ഇടം കിട്ടി.
ഇവിടെയും ലഹരി തന്നെയാണ് പ്രധാന ആകർഷണം. യുവാക്കൾ മലാന ക്രീം എന്ന ലഹരിക്കായ് ഈ മലകൾ താണ്ടി ഇവിടെ എത്തുന്നു.
എന്താ അത്ഭുതം ലെ ?
രാവിലെ മലാന എന്ന ഗ്രാമം ഒന്നു പോയി കണ്ടു.
മലാനയിൽ ഉള്ള ആളുകളെ പുറത്തുന്ന് വരുന്നവർ തൊടാൻ പാടില്ല. ചില വിലക്കപ്പെട്ട ഭാഗങ്ങളിലേക്ക് പുറത്തു നിന്ന് വരുന്നവർ കയറാൻ പാടില്ല. എന്നിങ്ങനെ പലതരം നിയമങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ട്.
ഇവിടെ പോകുന്നവർക്ക് ഒരു മുൻകരുതലിനായ് പറഞ്ഞതാണ് ഈ കാര്യം.
മലാന കാണുവാൻ പോകുന്നവർ മുകളിൽ പറഞ്ഞ കാര്യങ്ങൾ Note ചെയ്യുന്നത് നല്ലതാണ്.


എത്രയും പെട്ടെന്ന് തന്നെ മലാന എന്ന ഗ്രമം കണ്ട് share Taxi യിൽ Jari യിലേക്ക്
ഇനിയും തിരിച്ച് വരും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് പാർവ്വതീ വാലിയോട് വിട പറഞ്ഞു.
NB :- വളരെ ചിലവ് ചുരുങ്ങിയ യാത്രയായിരുന്നു. യാത്രയിൽ കൃത്യമായ കണക്ക് വെച്ച് യാത്ര ചെയ്യാറില്ലാത്തതിനാൽ കൃത്യം ചിലവ് എഴുതൻ പറ്റില്ല. എന്നാലും ഏകദേശം 5000 ത്തിൽ താഴെയാണ് എനിക്ക് ചിലവായ തുക.
Please Follow My Social Media Network
Facebook ID :- Mohammed Akheel A Mayan
Instagram ID:- _my_travel_life_
Contact No :- +919048406904

Thursday, March 15, 2018


യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല.

By: Jameesh MhMd Tvr



മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയതോ അതല്ലെങ്കിൽ മറ്റുള്ളവരുടെ പ്രലോഭനത്തിൽ പ്രകൃതിയെ കണ്ടു തുടങ്ങിയതോ എന്നറിയില്ല,
ഏതായാലും യാത്ര തേടി പോവുന്നത് പ്രകൃതിയിലേക്കു തന്നെ..

ഒരു തളിർ നാമ്പു പോലും ഭൂമിക്കു സമ്മാനിക്കാത്ത നമുക്കിതിനൊന്നും അർഹതയില്ലെങ്കിലും,
മുൻഗാമികൾ കാത്തു സൂക്ഷിച്ച മനോഹാരിത പിൻഗാമിക്കൾക്കു വേണ്ടിയെങ്കിലും മങ്ങലേൽപ്പിക്കാതിരിക്കുക...

നമുക്ക് ഇനിയും ഒരുമിച്ച് സഞ്ചരിക്കാം...
പ്രകൃതിയോടൊപ്പം......
*കാട് കത്തുന്നു, മനസ്സ് കത്തുന്നു."





By: പ്രണയമാണ് യാത്രയോട്

കാടുകളും മലകളും കത്തിക്കുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികള്‍, കാട്ടുമുയലുകള്‍, കാട്ടുകോഴികള്‍, കേഴ, പന്നികള്‍ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഇതാ തേനിയില്‍ നിന്ന് കാടിനെ സ്നേഹിച്ച കുറേ കുരുന്നുകളും.

ട്രെക്കിങ് അധികൃതരുടെ അനുവാദത്തോടെ, അവർ പറയുന്ന വഴിയേ മാത്രം നടത്തുക. കാട് മനോഹരമാണ്, രഹസ്യങ്ങൾ നിറഞ്ഞതാണ്, സാഹസങ്ങൾ നിറഞ്ഞതാണ്... എന്മാലത് അപകടങ്ങൾ പതിയിരിക്കുന്നതുമാണ്. വന്യമൃഗങ്ങൾ, വിഷജീവികൾ, ചതുപ്പുകൾ, കാട്ടുതീ, വിഷച്ചെടികൾ വരെ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ആവാസ്ഥവ്യവസ്ഥയാണ് കാട്. സാഹസിക വിനോദത്തിനായി ട്രെക്കിങ്ങിന് ഇറങ്ങുന്നവർ വനപാലകരുടെ അനുമതിയും വനത്തെ അറിയുന്നവരുടെ സഹായവും ഉറപ്പാക്കണം. സ്വയം അപകടത്തിലേക്ക് നടന്നു കയറരുത്.