Thursday, March 15, 2018


അതിരപ്പള്ളി വെള്ളച്ചാട്ടം



പശ്ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ്‌ അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ ഈ വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്ന്‌ അറിയപ്പെടുന്നു. ചാലക്കുടി പുഴ വാഴിച്ചല്‍ വനമേഖലയിലൂടെയാണ്‌ ഒഴുകുന്നത്‌. 24 മീറ്ററാണ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം. താഴേക്ക്‌ പതിക്കുന്ന വെള്ളം ചാലക്കുടി പുഴയിലേക്കാണ്‌ ഒഴുകുന്നത്‌. വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. റോഡില്‍ നിന്നാല്‍, വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മരങ്ങള്‍ക്കിടയിലൂടെ മുന്നില്‍ തെളിയും.

മുകളില്‍ നിന്നും വെള്ളച്ചാട്ടം കാണാവുന്നതാണ്‌. അതിനായി പ്രവേശന പാസ്സെടുത്ത്‌ പ്രധാന കവാടം വഴി അകത്തു കടക്കണം. വിനോദസഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാന്‍ പാകത്തിലുള്ള ചെറിയ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ട്‌. എല്ലാ ഭാഗങ്ങളിലേക്കും റോഡുകള്‍ ഉള്ളതിനാല്‍ യാത്ര സൗകര്യപ്രദമാണ്‌. എന്നാല്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. വെള്ളച്ചാട്ടത്തിന്‌ സമീപത്തേക്ക്‌ പോയി താഴെ നിന്നും ഇതിന്റെ സൗന്ദര്യം നുകരാം. ഇവിടെ എത്തുന്നതിനും റോഡുണ്ട്‌. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്‌ചയാണ്‌ ഏറ്റവും മനോഹരം. ഇവിടേക്കുള്ള റോഡും ചരിഞ്ഞതാണ്‌.





ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.

No comments:

Post a Comment