Friday, March 16, 2018


മാട്ടുപ്പെട്ടിയിലെ ആനകൾ...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗ്ഗം എവിടെ എന്ന് ചോദിച്ചാൽ ഇപ്പോൾ പറയണമെങ്കിൽ അല്പം ആലോചിക്കേണ്ടിവരും, നമ്മുടെ കടന്നുകയറ്റം അത്രക്ക് ഭീകരമാക്കിയിരിക്കുന്നു. കുന്നും മലകളും വനങ്ങളും കയ്യേറി കോൺക്രീറ്റ് സാമ്രാജ്യം സ്ഥാപിച്ച് കേരളം ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ പ്രസിദ്ധമായ നമ്മുടെ മൂന്നാർ. ഓരോ തവണ കാണുമ്പോഴും കോൺക്രീറ്റ് കാടുകൾക്ക്‌ വിസ്താരം ഏറിവരുന്നു. പച്ചപ്പും, തണുപ്പും, കോടയും എവിടേക്കോ പോയി മറഞ്ഞപോലെ ഇങ്ങനെ പോയാൽ തെക്കിന്റെ കാശ്മീർ എന്നതിന് പകരം മറ്റ് പേരുകൾ കണ്ടെത്തേണ്ടി വരും. ഒരു വശത്ത് കടന്ന് കയറ്റങ്ങളും, ചൂഷണങ്ങളും, പിടിച്ചടക്കലും നടക്കുമ്പോഴും മറുഭാഗത്ത് ഭാഗികമായ പ്രതിരോധിക്കലും നടക്കുന്നു.


ഇതിനിടയിൽ എവിടെല്ലാമോ മിച്ചം വന്ന അല്പം പച്ച തുരുത്തുകൾ കണ്ണിനും ഖൽബിനും നൽകുന്നത് സ്വർഗീയ വിരുന്ന് തന്നെയാണ്. അതിൽ എന്നെ ഏറ്റവും ആകർഷിക്കുന്നത് മാട്ടുപ്പെട്ടി ഡാമിലെ നീല ജലാശയത്തിനെ പച്ച പരവതാനി വിരിച്ച് പുണർന്ന് നിലക്കുന്ന ഇൻഡോ-സ്വിസ് ഡയറി ഫാമിലെ പുൽ തകിടിയും, അതിനിടയിൽ നീലാകാശത്തെ മുത്തമിട്ട് നിൽക്കുന്ന യൂക്കാലിപ്‌സ്‌ മരങ്ങളും, മനസ്സിന് കുളിരുള്ള കാഴ്ചകളാണ്‌ സമ്മാനിക്കാറ്. ചില ദിവസങ്ങളിൽ ഇൗ സമ്മാനം ബംബർ ആയി മാറാറുണ്ട് , പച്ച പരവതാനി വിരിച്ച് നിലക്കുന്ന പുൽ പ്രതലത്തിലൂടെ മേഞ്ഞ് നടക്കുന്ന മാട്ടുപ്പെട്ടിയിലെ ആനക്കൂട്ടം ഒരു ഭാഗ്യം നിറഞ്ഞ കൗതുക കാഴ്ച തന്നെയാണ്. എത്ര കണ്ടാലും മതിവരാത്ത, കൊതിതീരാത്ത കാഴ്ചയാണ്......

No comments:

Post a Comment