Friday, March 16, 2018


ചാലക്കുടി - അതിരപ്പിള്ളി- വാല്‍പാറ-ചിന്നാര്‍-മൂന്നാര്‍ എന്ന സ്വപ്നവീഥിയില്‍ ഇനി എന്റെ കാല്പാടുകളും പതിയുകയായി..


വര്‍ഷങ്ങളായി ഉള്ളില്‍ പേറിനടന്ന ഒരു യാത്ര.. അത് അവസാന നിമിഷങ്ങളില്‍ വഴിമാറി പൊയ്ക്കൊണ്ടിരുന്നു.. അതിലേ കടന്നുപോയ സഞ്ചാരികള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞ കഥകള്‍ കേള്‍ക്കെ വേദനിച്ചു..ഒടുവില്‍ ഒരൊറ്റ നിമിഷത്തിന്റെ ചടുലതയില്‍ അത് സംഭവിച്ചു...ചാലക്കുടി - അതിരപ്പിള്ളി- വാല്‍പാറ-ചിന്നാര്‍-മൂന്നാര്‍ എന്ന സ്വപ്നവീഥിയില്‍ ഇനി എന്റെ കാല്പാടുകളും പതിയുകയായി..
ബൈക്കിനോട് അല്പദിവസം യാത്രചൊല്ലി.. കാര്‍ ആണ് ഇത്തവണ നല്ലത്. മഴയും മഞ്ഞും എപ്പോള്‍ വേണമെങ്കിലും നമുക്കുനേരെ നീട്ടുന്ന ഒരാകാശത്തിനുകീഴില്‍ എന്റെ കാമറ മിഴിയടക്കാതെയിരിക്കണമെന്ന്‍ ഒന്നാമത്തെ നിര്‍ബന്ധം.കൂടെ വരുന്നവര്‍ക്ക് സുഖകരമായി ഈ യാത്ര അനുഭവിക്കണമെന്ന രണ്ടാം കാര്യം. ഒരൊറ്റ നിബന്ധന മാത്രം.. സ്ടിയറിംഗ് എനിക്കുമാത്രം..
പുലര്‍ച്ചെ അഞ്ചരക്ക് എറണാകുളത്ത് കാറില്‍ താക്കോല്‍ തിരിഞ്ഞു. കൂട്ടാളികളെ വീട്ടില്‍ പോയി പിടികൂടി..അതിരപ്പിള്ളിയിലേക്ക്...രാവിലെ ആറുമണി മുതലാണ്‌ അതിരപ്പിള്ളിയില്‍ നിന്ന് പ്രവേശനം അനുവദിക്കുക. രാവിലെ മലമുഴക്കികളെ കാണാമെന്നു ആരോ പറഞ്ഞിരുന്നു.ശ്രദ്ധിക്കേണ്ട ഒരുകാര്യം, ചാലക്കുടി കഴിഞ്ഞാല്‍ അതിരപ്പിള്ളിക്കുമുന്പ് ഒരു പെട്രോള്‍ ബങ്ക് ഉണ്ട്. പിന്നെ വാല്പാറയിലേ കിട്ടൂ..ഇന്ധനത്തിന്റെ കാര്യത്തില്‍ ഒരു കടുംപിടിത്തവും എനിക്കില്ല. യാത്ര പോകുമ്പോള്‍ ഉണ്ടാവുകയുമരുത്. ചാലക്കുടിയില്‍ നിന്ന്‍ പെട്രോള്‍ നിറച്ചിരുന്നെങ്കിലും വയര്‍ കാലിയായിരുന്നു.


മലക്കപ്പാറ, വാല്‍പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് അതിരപ്പിള്ളിയില്‍ ഫീസ്‌ കൊടുക്കേണ്ടതില്ല. എന്നാല്‍ വാഴച്ചാലില്‍ ഫോറസ്റ്റ് ചെക്കിംഗ് ഉണ്ട്. അവര്‍ ഒരു നോട്ടീസ് തരും. അത് കളയാതെ മലക്കപ്പാറ ചെക്പോസ്റ്റില്‍ ഏല്‍പിക്കണം.പ്ലാസ്റ്റിക് വഴിയിലെങ്ങും കളയാതെ ശ്രദ്ധിക്കുക.
വാഴച്ചാല്‍ ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗത്ത്‌ വണ്ടി നിറുത്തി.കാണുമെന്ന് പറഞ്ഞിടത്ത് ഒരൊറ്റ വേഴാമ്പലും ഇല്ല.
ഇരുവശത്തും ആഹാരശാലകള്‍.. ആമാശയം തെല്ലുറക്കെ എന്തോ പറഞ്ഞു.ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി. നിങ്ങള്‍ക്കുവേണ്ടി പറയാം. വാഴച്ചാല്‍ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കിട്ടാന്‍ കുറെ ദൂരം പോകണം.മലക്കപ്പാറ വരെ... ഞങ്ങള്‍ വലതുവശത്തെ കടയില്‍ കയറി. പുഴമീന്‍ ചെത്തുന്നതെയുള്ളൂ.മീന്‍ വേണ്ടെന്നുവെച്ചു. ഇടിയപ്പവും ബീഫ് വരട്ടിയതും വന്നു. വയര്‍ നിറഞ്ഞപ്പോള്‍ ബീഫ് അത്ര പോര എന്നുതോന്നി..അതായത്, അത്രയും പോര എന്ന്..രണ്ടെണ്ണം പാര്‍സല്‍ വാങ്ങി..രുചി വിലയേക്കാള്‍ വളരെ മേലെയായിരുന്നു..


വാഴച്ചാല്‍ മുതല്‍ കാടിന്റെ തീക്ഷ്ണമായ പ്രണയഭാവം നമ്മിലേക്ക്‌ പടര്‍ന്നുകയറും. വാഴച്ചാല്‍ വരെയാണ് സാധാരണഗതിയില്‍ സഞ്ചാരികള്‍ എത്തുന്നത്‌. പിന്നീടങ്ങോട്ടു ഇരുവശവും ഇടതൂര്ന്നകാട്. ഏദനിലേക്കുള്ള ആശ്ലേഷം പോലെ ഒരു പാലത്തിന്റെ കൈവരികള്‍...ഈറ്റത്തലപ്പുകള്‍ കൌതുകം പൂണ്ട കുട്ടികള്‍ ചെയ്യുമ്പോലെ ഓടുന്ന കാറിനെ കൈനീട്ടി തൊട്ടുകൊണ്ടേയിരിക്കുന്നു.കനക്കുന്ന കാടിനെ രണ്ടായി പകുത്ത് നീളുന്ന മനോഹരമായ പാത.അതിവേഗത വേണ്ട. സൗമ്യമായി ഒഴുകിത്തന്നെ കടന്നുപോകണം.കാടിന്റെ നിര്‍മലമായ ഭാവം അറിഞ്ഞും അതിലലിഞ്ഞും ഞങ്ങള്‍ മുന്നോട്ടുനീങ്ങി.
വഴിക്കിരുപുറവും കുരങ്ങുകളുടെ മേളനം, കാട്ടുകോഴികളുടെ അഭ്യാസമുറകള്‍..ഒരു മരത്തിനുമേലെ തലകുത്തിനിന്ന ഒരു മലയണ്ണാന്‍ കൈകൂപ്പി ഉപചാരം ചൊല്ലി.പേരറിയാ കിളികളുടെ വിളിയൊച്ചകള്‍...കാമറ പലവട്ടം കണ്ണുകള്‍ തുറന്നടച്ചു..കാട് ഒരു പച്ചപ്പന്തല്‍ നാട്ടി വെളിച്ചത്തെ അണച്ചിരിക്കുന്നു..
മറക്കരുതാത്ത ഒരു കാര്യമുണ്ട്. ആവശ്യം വേണ്ട മരുന്നുകള്‍, പ്രഥമശുശ്രൂഷ കിറ്റ്‌, അസിഡിറ്റിക്കുള്ള മരുന്നുകള്‍ എന്നിവയ്ക്കൊപ്പം കാട്ടില്‍ ഡെറ്റോള്‍ അത്യാവശ്യമാണ്..തേരോട്ടം നടത്തുന്ന അട്ടകളെ ഡെറ്റോള്‍ പിടിച്ചുനിര്‍ത്തും..സോക്സില്‍ ഡെറ്റോള്‍ പുരട്ടിയാല്‍ മതി..കാട്ടില്‍ ഇരുന്നും കിടന്നും സെല്ഫിയെടുത്താല്‍ അട്ട ഏതറ്റം വരെയും കയറി ചോരകുടിക്കും..
ദൂരം താണ്ടുന്തോറും ഒരു ജലാശയത്തിന്റെ മനോഹരദൃശ്യം കാണായി. ഷോളയാര്‍ ഡാമിന്റെ വിസ്തൃതമായ ജലപ്പരപ്പിന്റെ അതിരുകള്‍...സഞ്ചാരികള്‍ പലയിടത്തും നിരന്നിരുന്നു പടമെടുക്കുന്നു..ഒരു വളവില്‍വെച്ച് മരതകപ്രാവുകള്‍ പറന്നുമറയുന്നത് കണ്ടു..റോഡരികുകളില്‍ വേലികള്‍ കണ്ടുതുടങ്ങി.റോബസ്റ്റ കാപ്പിചെടികള്‍ കാടിന്റെ വന്യതയില്‍നിന്നു വേറിട്ടുവരുന്നു...ജനവാസത്തിന്റെ ലക്ഷണങ്ങള്‍..മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ വണ്ടി ഒതുക്കിനിര്‍ത്തി.. കാബിനില്ചെന്നു വാഴച്ചാലില്‍ നിന്ന് തന്നയച്ച രസീത് കാണിച്ചു.ചെക്ക്പോസ്റ്റ് കടക്കുമ്പോള്‍ പിന്നില്‍ ഗാര്‍ഡുകള്‍ ആരെയോ വഴക്കുപറയുന്നത് കേട്ടു.ഒരു കാറുകാരന്‍ ഒതുക്കിനിര്‍ത്താതെ കയറ്റിയതിനാണ്..
മലക്കപ്പാറയില്‍ റോഡ്‌ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ ശോകമാണ്..ജനവാസം കൂടിയ സ്ഥലങ്ങളില്‍ ശോകം കൂടിക്കൂടിവന്നു..കൊച്ചുവീടുകളും കുറച്ച്‌ ചെറിയ ഹോം സ്റ്റേകളും ആഹാരശാലകളും കാണാം. വളരെ ചെറിയ ഒരു പോയിന്റ്‌ ആണ് മലക്കപ്പാറ.


സ്ഥിരം ചൂളക്കാക്കകളെ കാണും എന്ന് പറഞ്ഞിടത്ത് അവര്‍ ഉണ്ടായിരുന്നു. സഹ്യന്‍റെ മധുരഗീതികള്‍ പാടുന്ന നീലച്ചിറകുള്ള ഗായകര്‍..രൂപം മനോഹരം.. ഗാനം അതിമനോഹരം. ശ്രേയ ഘോഷാലിനെ ഓര്‍മ വന്നു..ചൂളക്കാക്കകളെ കടന്നതും കരിങ്കുരങ്ങുകളുടെ ഒരു സൈന്യം..മരങ്ങളില്‍ വന്യമായ ഉലച്ചിലുകള്‍..കാമറകള്‍ നീണ്ടു.. നല്ല വെളിച്ചം. മലക്കപ്പാറ മുതല്‍ തേയിലത്തോട്ടങ്ങളുടെ താരുണ്യം വടിവൊത്തുകിടക്കുന്നു.മേലെ ഡ്രാക്കുളക്കോട്ട പോലെ കാണുന്ന തേയില ഫാക്ടറിക്കുമേലെ കോടമഞ്ഞ്‌ കരിമ്പടം വലിച്ചിടുന്നുണ്ട്...

No comments:

Post a Comment