Friday, March 16, 2018



തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിലേക്ക് ഒരു യാത്ര ...


By: Bala Subrahmanyam
Travel Desk - Travel Around the World
അന്തം വിട്ട് കുന്തം വിഴുങ്ങിയ അവസ്ഥയിൽ അമരേന്ദ്ര വിജ്രംഭിതനായി ഈ അടുത്ത കാലത്ത് എവിടെയെങ്കിലും നിന്നിട്ടുണ്ടെങ്കിൽ അത് തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം അഥവാ പെരിയ കോവിലിന് മുന്നിൽ ചെന്ന് പെട്ടപ്പോഴാണ്.
രാത്രി പന്ത്രണ്ട് മണിക്കാണ് തഞ്ചാവൂരിൽ ട്രയിനിൽ എത്തിയത്. കുറച്ച് നേരം വിജനമായ പ്ളാറ്റ്ഫോമിലൂടെ വെറുതെ നടന്നു. പിന്നെ വെയിറ്റിങ് റൂമിൽ കയറി അഞ്ച് മണിവരെ ഉറങ്ങി. കുളീം നനേം അവിടെ നിന്ന് തന്നെ ഒപ്പിച്ചു. പ്ലാറ്റ്ഫോമിൽ തന്നെ ഒരു കോഫീ ഷോപ് ഉണ്ട്. അവിടെ നിന്ന് കുംഭകോണം സ്‌പെഷ്യൽ ഫിൽറ്റർ കോഫീ കിട്ടും. അത്യാവശ്യം കിടു സാധനം. ഒന്ന് കഴിഞ്ഞ ഉടനെ ഒന്നൂടി മേടിച്ചു, പിന്നെ അതും കുടിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒരു പൂക്കടയിൽ കയറി വഴി ചോദിച്ച്‌, നേരെ നടന്നു. ആറ് മണിക്കാണ് ക്ഷേത്രം തുറക്കുന്നത്, അപ്പോഴേക്കും അവിടെ എത്തി. പ്രഭാത ശിവ കീർത്തനം പശ്ചാത്തലത്തിൽ ഒഴുകുന്ന ബൃഹദേശ്വര ക്ഷേത്രത്തിനകത്തൂടെ ചുമ്മാ നടക്കുന്നത് തന്നെ വേറെ ഒരു ഫീലാണ്.


1000 വർങ്ങൾക്ക് മുൻപ് രാജ രാജ ചോളന്റെ കാലഘട്ടത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം ഉയരുന്നത്. തമിഴ്, സംഘ കാല വാസ്തുകലയുടെ മകുടോദാഹരണമായ ഈ ക്ഷേത്രസമുച്ചയം യുനെസ്കോയുടെ ലോക പൈതൃക ഭൂപടത്തിൽ സ്ഥാനമുള്ളതും ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നുമാണ്. പെരിയ കോവിലിലെ ഓരോ ശിലക്കും ഓരോ കഥകൾ പറയാനുണ്ട്. കൽത്തൂണുകളിൽ, മേൽക്കൂരകളിൽ, ഭിത്തികളിൽ എല്ലാം സംഘ തമിഴിൽ രാജ രാജ ചോളന്റെ വീരകഥകളും, തമിഴ് സംസ്കാരവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മുഴുവനായും ഗ്രാനൈറ്റിൽ തീർത്ത ക്ഷേത്രഗോപുരത്തിന്റെ മുകളിലോട്ട് നോക്കുംന്തോറും അമ്പരപ്പിനാൽ വാ പൊളിഞ്ഞു വരുന്നത് നല്ലൊരു അനുഭവമായി തന്നെ തോന്നും. 80 ടണ്ണിൽ കൂടുതൽ ഭാരമുണ്ടെന്നു അനുമാനിക്കുന്ന ഗ്രാനൈറ്റ് കല്ലുകൾ എങ്ങനെ 220 അടിയോളം ഉയരമുള്ള ക്ഷേത്രഗോപുരത്തിന്റെ മുകളിൽ സാങ്കേതിക വിദ്യ ഇന്നത്തെ പോലെ വികാസം പ്രാപിക്കാത്ത ആ കാലത്ത് എത്തിച്ചു എന്നത് ഇന്നും ഒരു അദ്‌ഭുതമാണ്. കാഠിന്യമേറിയ ഗ്രാനൈറ്റ് ശിലകൾ എങ്ങനെ ക്ഷേത്ര പരിസരത്ത് എത്തിച്ചു എന്നതും, അതിശയിപ്പിക്കുന്ന കൃത്യതയോടെ എങ്ങനെ അത് പല രൂപങ്ങളായി കൊത്തിയെടുത്തു എന്നത് അതിലേറെ അതിശയകരമാണ്.


ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലുമെടുക്കും എല്ലാമൊന്ന് ചുറ്റിക്കാണാൻ. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. ചുറ്റുമതിലും, ചില ക്ഷേത്ര വാതിലുകളും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തങ്ങൾ രാജ രാജ ചോളന്റെ ശേഷം വന്ന രാജാക്കന്മാർ ചെയ്തതാണ്. ഏഴ് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ബൃഹദേശ്വരക്ഷേതത്തിന്റെ പ്രധാന ശില്പിയുടെ പേര് കുഞ്ചാര മല്ലൻ രാജ രാജ രാമ പെരുന്തച്ചൻ എന്നാണ് എന്ന് ചരിത്രരേഖകൾ പറയുന്നു. ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളുടെ വിവരണവും, ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചതുമെല്ലാം ഭിത്തികളിൽ കൊത്തിവെച്ച വിവരണങ്ങളിൽ ഉണ്ട്. ഗോപുരത്തിന്റ മുകളിലേക്ക് കല്ല് കയറ്റുന്നതിനിടെ ഒരാൾ ദാരുണമായി മരിക്കുന്നതും, ദുഃഖിതനായ രാജാവ് കരയുന്നതും നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് കാവേരി തീരത്ത് കൃഷി സ്ഥലം നൽകിയതും, കടുംബാഗങ്ങൾക്ക് കൊട്ടാരത്തിൽ ജോലി കൊടുക്കുന്നതും, കൂടാതെ ഏഴ് തലമുറയ്ക്ക് നികുതി ഒഴിവാക്കി കൊടുക്കുന്നതുമെല്ലാം ശിലകളിൽ കൊത്തിവെച്ചിരിക്കുന്നു.


പെരിയ കോവിലിന് ഉള്ളിൽ നിന്ന് സൂര്യോദയം കാണുന്നത് നല്ലൊരു അനുഭവമാണെങ്കിലും വെയിലിന്റെ നിഴൽ വീഴാത്ത ക്ഷേത്രം എന്ന പ്രചുരപ്രചാരമായ വിശേഷണം വെറുമൊരു അർബൻ മിത്താണ്‌ എന്ന് മനസ്സിലായി. ഇങ്ങോട്ട് വരുന്നതിന് മുന്നേ പലരും നിഴൽ കാണില്ല എന്നൊക്കെ പറഞ്ഞിരുന്നു എങ്കിലും ചില സ്തൂഭങ്ങളുടെ നിഴൽ ഒക്കെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. പ്രായമായ ചിലരോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അവരിൽ ഒരാൾ പറഞ്ഞ വിശദീകരണം ശരിയായിരിക്കാം എന്ന്‌ തോന്നുന്നു. ക്ഷേത്ര നിർമ്മാണം കഴിഞ്ഞതിന് ശേഷം രാജ രാജ ചോളൻ നേരത്തെ സൂചിപ്പിച്ച ശില്പിയോട് " ഈ ക്ഷേത്രം എന്നെങ്കിലും താഴെ വീണ് നിലം പൊത്തുമോ" എന്ന് ചോദിച്ചതായും മറുപടിയായി ശില്പി" ഈ ക്ഷേത്രമല്ല ഇതിന്റെ നിഴൽ കൂടി താഴെ വീഴില്ല" എന്ന് ഒന്ന് "മസ്സാക്കി" പറഞ്ഞു. മ്മടെ അല്ലേ നാട്ടുകാർ.?? അവർ അതിനെ നിഴൽ വീഴാത്ത ക്ഷേത്രം എന്നാക്കി പറഞ്ഞു. കണ്ടവരും കേട്ടവരും പറഞ്ഞു പറഞ്ഞു ഒരു സംഭവമാക്കി. ഇതാണ് നിഴൽ വീഴാത്ത ക്ഷേത്രം എന്ന വിശേഷണത്തിന്റെ പിറകിലുള്ള കഥ.

1 comment: