Thursday, March 15, 2018


മനം മയക്കുന്ന കാനന യാത്ര, വന്യമൃഗങ്ങളെ കണ്ടറിഞ്ഞ് ബന്ദിപ്പൂർ വനത്തിലൂടെ ഒരു യാത്ര 💜 😍 

By: Akhil Mbaby

കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞും ബന്ദിപ്പൂർ വനത്തിലെ ഹരിതഭംഗിയിലൂടെ ഒരു യാത്ര. 😍

കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌. നവ്യമായ അനുഭവങ്ങളിലൂടെയാണ്‌. അനിർവ്വചനീയമായ അനുഭൂതികളിലേക്കാണ്‌. കാടിന്റെ ഓരോ അണുവിലും പ്രസരിപ്പുണ്ട്‌. വന്യതക്കൊപ്പം ഒളിച്ചിരുന്ന് മോഹിപ്പിക്കുന്ന വശ്യതയുണ്ട്‌. കാട്ടിലെത്തുന്നയാളെ വശീകരിച്ച്‌ കാടിന്റെ സ്വന്തം താളത്തിലമർത്തി കൂടെ നടത്തി കാറ്റ്‌ കൊണ്ട്‌ തഴുകി മഴ നനച്ച്‌ കുളിർപ്പിച്ച്‌ പുത്തൻ പ്രതീക്ഷകൾ കിളിർപ്പിക്കും കാടെന്ന മായാജാലക്കാരി. അവളുടെ തനുവിൽ ഒരിക്കൽ പാദമൂന്നി ആ മായിക സൗന്ദര്യത്തിൽ നിന്നൊരംശം നുകർന്നാൽ പിന്നെ അനന്തമാവർത്തി കൊതിയോടെ നമ്മൾ ചെല്ലും. മതി വരാതെ. മതിഭ്രമത്തോടെ.

സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല, യാത്ര പോകാൻ.

ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ. സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ. എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ. മധു പകർന്ന് മധുരം നുണയാൻ. കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ. നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ. മയിലിനൊപ്പം ആനന്ദ നടനമാടാൻ. ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ. ഒക്കെ കാട്‌ വേണം.

അനേകമനേകം തവണ ഈ കാട്ടിലൂടെ കടന്ന് പോയി. എന്നാൽ ബൈക്കിൽ നടത്തിയ ആ കന്നി യാത്രയോളം ത്രസിപ്പിക്കുന്നതായിരുന്നില്ല അതൊന്നും.

ഒന്നു പോയി നോക്കൂ. നഷ്ടമാവില്ല. ബൈക്കിലും കാറിലും ബസിലുമാവാം യാത്ര. കോഴിക്കോട്‌ നിന്ന് സുൽത്താൻ ബത്തേരിക്ക്‌ നൂറു കിലോമീറ്റർ അകലം. ബത്തേരിയിൽ നിന്ന് ഇടക്കിടെ ബസ്‌ ഉണ്ട്‌. ബത്തേരി- ഗുൻഡൽപേട്‌ ബസിൽ കയറി മദ്ദൂർ ടിക്കറ്റ്‌ എടുത്താൽ ടിക്കറ്റ്‌ ചാർജ്ജും ചായകുടിയും എല്ലാം കൂടി നൂറു രൂപയിൽ താഴെ ഒരു തകർപ്പൻ കാട്ട്‌ യാത്ര കിട്ടും. രാത്രി ഒൻപത്‌ മണിമുതൽ രാവിലെ ആറു മണി വരെ കർണ്ണാടക ഭാഗത്ത്‌ യാത്രാ നിരോധനമുണ്ട്‌. സ്വന്തംവാഹനം ആണെങ്കിൽ വനത്തിൽ പ്രവേശിച്ച ശേഷം ഇരുപത്‌ കിലോമീറ്റർ സ്പീഡിൽ കൂട്ടാതെ പോവുക. അതാണ്‌ കാടിനെ അടുത്തറിയാൻ ഏറ്റവും നല്ല വേഗത.

ഇവിടെ നിന്ന് സഞ്ചാരിക്ക്‌ ഓപ്ഷൻസ്‌ വളരെ അധികമാണ്‌. യാത്ര ഗോപാൽ സ്വാമി ബട്ടയിലേക്ക്‌ നീട്ടാം. പിന്നെ ബന്ദിപ്പൂർ, മുതുമല, മസിനഗുഡി, കല്ലട്ടി ചുരം, ഊട്ടി അങ്ങനെ പോവാം. അല്ലെങ്കിൽ നഞ്ചങ്കോട്‌, മൈസൂർ എന്നിങ്ങനെയുമാവാം. അതുമല്ലെങ്കിൽ ധൈര്യമായി തിരിച്ചോളൂ എണ്ണമറ്റ കാഴ്ചകളുമായി വയനാട്‌ കാത്തിരിക്കുന്നുണ്ട്‌. മുത്തങ്ങ, തോൽപ്പെട്ടി വൈൽഡ്‌ ലൈഫ്‌ സഫാരികൾ. ബത്തേരി ജൈന ക്ഷേത്രം, പൂക്കോട്‌ തടാകം, കുറുവ ദ്വീപ്‌, നെല്ലറച്ചാൽ കാരാപ്പുഴ തടാകം, ബാണാസുരയിലെ സ്പീഡ്‌ ബോട്‌ റൈഡ്‌. ബാണാസുര മീന്മുട്ടി, മീന്മുട്ടി, കാന്തൻപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ. ചെംബ്ര മല, കുറിച്യാർമ്മല, മുനീശ്വരന്മല, തൊള്ളായിരം തുടങ്ങിയ ട്രെക്കിംഗ്‌ സൈറ്റുകൾ. അങ്ങനെ അങ്ങനെ പല പല കാഴ്ചകളോടെ വയനാട്‌ കാത്തിരിക്കുന്നു. ഇപ്പോൾ നല്ല സുഖമുള്ള തണുപ്പും ചാറ്റൽമഴയും കൂട്ടിനുണ്ട്‌.

സുൽത്താൻബത്തേരിയിൽ നിന്ന് റോഡു മാർഗം മുത്തങ്ങ, ഗുണ്ടൽപേട്ടയിലൂടെ 85 കിലോമീറ്റർ സഞ്ചരിച്ചാൽ ബന്ദിപ്പൂർ ‍ൈടഗർ റിസർവിലെത്താം. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ബസുകളിലും ജീപ്പുകളിലും സഫാരിയുണ്ട്. bandipurtigerreserve.in എന്ന സൈറ്റിലൂടെ മാത്രമേ താമസം ബുക്ക് ചെയ്യാൻ പറ്റൂ. നേരിട്ടുളള ബുക്കിങ് ഇല്ല. വിഐപി ഗസ്റ്റ് ഹൗസുകൾക്കും കോട്ടേജുകൾക്കും ഡോർമിറ്ററികൾക്കും കുറഞ്ഞ വാടക നൽകിയാൽ മതി.

പ്രിയരേ കാട്‌ പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത അമൂല്യ സമ്പത്താണ്‌. അതിന്റെ പവിത്രതക്ക്‌ കളങ്കം വരുത്തുന്ന ഒന്നും ചെയ്യാതെ വേണം കാട്ടിൽ പോയി മടങ്ങാൻ. മൃഗങ്ങൾക്ക്‌ ഭക്ഷണം നൽകരുത്‌. അവയെ ശബ്ദം കൊണ്ട്‌ പോലും ശല്യപ്പെടുത്തരുത്‌. മൃഗങ്ങൾക്കരികെ വാഹനം നിർത്തുന്നതും കാട്ടിൽ ഇറങ്ങുന്നതും അത്യന്തം അപകടകരമാണ്‌. നാഷനൽ പാർക്ക്‌ പരിധിയിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യരുത്‌. കാട്ടിൽ യാതൊന്നും വലിച്ചെറിയരുത്‌. ഓർമ്മകളും അനുഭവങ്ങളുമല്ലാതെ മറ്റൊന്നും അവിടെ നിന്നെടുക്കുകയുമരുത്‌. വന്യ ജീവികളെ ആരെങ്കിലും ഉപദ്രവിക്കുന്നത്‌ കണ്ടാൽ തൊട്ടടുത്ത ഫോറസ്റ്റ്‌ സ്ടേഷനിൽ അറിയിക്കണം. കാട്‌ സഞ്ചാരികളുടെ കൂടി സ്വത്താണ്‌. അത്‌ കാത്ത്‌ സൂക്ഷിക്കണം.

കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം. നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം. അപ്പോൾ അപകടവും ഉണ്ടാവില്ല.

കാട്ടിലേക്കുള്ള യാത്രകൾക്ക്‌ അവസാനമില്ല. ഒടുവിലാ കാട്ടിനുള്ളിൽ വീണ്‌ പൊലിയാനും കൊതിപ്പിക്കും കാട്‌.

No comments:

Post a Comment